ബെൻസിന്റെ ആഡംബര സെഡാൻ ഗ്യാരേജിലെത്തിച്ച് നടി കൃതിക കാംറ

ആഡംബരവും മികച്ച ഫീച്ചറുകളും ജർമൻ എഞ്ചിനീയറിങ്ങും ചേരുന്നതുകൊണ്ടാണ് സെലിബ്രിറ്റികൾക്കിടയിൽ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് പ്രിയങ്കരമാകാൻ കാരണം. ബോളിവുഡിൽ ഉൾപ്പടെ പല താരങ്ങളുടെയും ഗ്യാരേജിൽ ഈ വാഹനമുണ്ട്. ഇപ്പോഴിതാ, പുത്തൻ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് സിനിമ, ടെലിവിഷൻ, വെബ് സീരീസ് എന്നിവയിലൂടെ ശ്രദ്ധേയയായ നടി കൃതിക കാംറ.
വാഹനം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ കൃതിക സോഷ്യൽ മീഡിയ വഴിയാണ് പങ്കുവെച്ചത്. ഇ-ക്ലാസിന്റെ ഒബ്സിഡിയൻ ബ്ലാക്ക് നിറമാണ് കാംറ തിരഞ്ഞെടുത്തതെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 79.50 ലക്ഷം രൂപയാണ് ഈ ആഡംബര സെഡാന്റെ പ്രാരംഭ വില (എക്സ്-ഷോറൂം).
E200, E 450 4MATIC, E220D എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് ലഭ്യമാണ്. ഓരോ വേരിയന്റിനും വ്യത്യസ്ത പവർട്രെയിനിനാണുള്ളത്. E450-ൽ 3.0 ലിറ്റർ 6സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണുള്ളത്. ഇത് 381 എച്ച്‌പി പവറും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. E200-ൽ 204 എച്ച്‌പി പവറുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്.
E 220ഡി-യിൽ 197 എച്ച്‌പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എൻജിനാണ് ലഭിക്കുന്നത്. ഈ മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ പവർട്രെയിനുകളിൽ ഏതാണ് കൃതിക കാംറ തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
14.4 ഇഞ്ച് സെൻട്രൽ സ്ക്രീനും 12.3 ഇഞ്ച് പാസഞ്ചർ സ്ക്രീനും 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനലും ഉൾക്കൊള്ളുന്ന മെഴ്‌സിഡീസിന്റെ സൂപ്പർസ്‌ക്രീൻ ലേഔട്ടാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.
Content Highlights: Actress Kritika Kamra Buys Mercedes Benz E Class