വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ടോൾപിരിവ് തുടങ്ങിയിട്ട് മൂന്നുവർഷം; പണികൾ ഇപ്പോഴും ബാക്കി

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ മണ്ണിടിച്ചിൽതടയാൻ സുരക്ഷയൊരുക്കേണ്ടിയിരുന്ന സ്ഥലങ്ങളിലൊന്ന്
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ മണ്ണിടിച്ചിൽതടയാൻ സുരക്ഷയൊരുക്കേണ്ടിയിരുന്ന സ്ഥലങ്ങളിലൊന്ന്

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ടോൾപിരിവ് തുടങ്ങിയ സമയത്ത് ചെയ്യാൻ ശേഷിച്ചിരുന്ന മുപ്പതിലധികം ജോലികൾ ഇപ്പോഴും ബാക്കി. സുരക്ഷാസംബന്ധമായ ജോലികളും ഇതിലുൾപ്പെടും. 

2022 മാർച്ച് ഒൻപതിന് കരാർ കമ്പനിയായ തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന് ദേശീയപാതാ അതോറിറ്റി ടോൾ പിരിക്കാൻ അനുമതി നൽകുമ്പോൾ 42 ജോലികളാണ് ചെയ്യാൻ ശേഷിച്ചിരുന്നത്. 90 ദിവസത്തിനകം ജോലികൾ പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും പത്തിൽത്താഴെ ജോലികളേ പൂർത്തിയാക്കിയുള്ളൂ.

സഹിക്കേണ്ടത് യാത്രക്കാർ

സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ, ജോലികൾ തത്കാലം ഒഴിവാക്കി 2024 ജൂൺ 14-ന് പാതയ്ക്ക് പൂർത്തീകരണസർട്ടിഫിക്കറ്റ് നൽകുകയാണ് ദേശീയപാതാ അതോറിറ്റി ചെയ്തത്. പൂർത്തായാകാത്ത പണികൾക്ക് കരാർകമ്പനിയിൽനിന്ന് ദേശീയപാതാ അതോറിറ്റി പിഴയീടാക്കിയെങ്കിലും യാത്രക്കാർ ദുരിതംസഹിക്കേണ്ട സ്ഥിതിയാണ്. വാളയാർ, പാലിയേക്കര എന്നിവിടങ്ങളിലേക്കാൾ ആറുവരിപ്പാതയിലെ പന്നിങ്കരയിൽ ടോൾനിരക്ക് കൂടുതലുമാണ്.

പൂർത്തിയാക്കേണ്ടപ്രധാന ജോലികൾ

റോഡിന്റെ വശങ്ങളിൽ കുത്തനെനിൽക്കുന്ന ഭാഗങ്ങളിലെ മണ്ണിടിച്ചിൽതടയാൻ സുരക്ഷയൊരുക്കുക, സർവീസ് റോഡിന്റെ പൂർത്തീകരണം, ഇടറോഡുകൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നഭാഗത്ത് ആവശ്യമായ സുരക്ഷാക്രമീകരണം, 21 ഇടങ്ങളിൽ ബസ് ബേകൾ, മൂന്നിടങ്ങളിൽ ലോറികൾ നിർത്തുന്നതിനുള്ള സ്ഥലമൊരുക്കൽ, അഴുക്കുചാലുകളുടെ നിർമാണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങി പ്രധാനപ്പെട്ട ജോലികളെല്ലാം ബാക്കിയാണ്. ലോറികൾ നിർത്തുന്നതിനുള്ള സ്ഥലമൊരുക്കൽനടപടി തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞെങ്കിലും മറ്റുജോലികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Content Highlights: 3 years since toll collection began Vadakkancherry Mannuthi six lane highway but work still pending