കാര്‍ബണ്‍ ന്യൂട്രാലിറ്റി ലോകത്തിനായി ടൊയോട്ട

#സി.സജിത് | saji.c.nair@gmail.com
പ്രതീകാത്മക ചിത്രം | Photo: https://www.toyota-europe.com/
പ്രതീകാത്മക ചിത്രം | Photo: https://www.toyota-europe.com/

കാര്‍ബണ്‍രഹിത ലോകത്തിനായി വെറും വാഹനങ്ങള്‍ നിര്‍മിക്കുക മാത്രമല്ല, തങ്ങളുടെ പ്ലാന്റില്‍നിന്നുതന്നെ അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ടൊയോട്ടയെന്ന ആഗോളഭീമന്‍. ഇന്ത്യയിലും ഇതിനുള്ള കൃത്യമായ ലക്ഷ്യബോധത്തോടെയാണ് കമ്പനി നീങ്ങുന്നത്. 2050-ഓടെ പൂര്‍ണമായും കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കമ്പനിയുടെ വൈദ്യുതിനയം മാതൃഭൂമിയോട് പങ്കുവയ്ക്കുകയാണ് കമ്പനിയുടെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ആന്‍ഡ് ഗവേണന്‍സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും കണ്‍ട്രിഹെഡുമായ വിക്രം ഗുലാത്തി.

തുടക്കം പ്ലാന്റില്‍നിന്നുതന്നെ

നിര്‍മിക്കുന്ന വാഹനങ്ങള്‍മാത്രം പ്രകൃതിസൗഹൃദമായാല്‍ പോരെന്ന ചിന്തയില്‍ നിന്നാണ് പ്ലാന്റില്‍ നിന്നുതന്നെ കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കു വേണ്ട പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജമടക്കമുള്ള പുനരുപയോഗ ഊര്‍ജമുപയോഗിച്ചാണ്.

ഹൈബ്രിഡിനെ മറക്കരുത്

കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കു നീങ്ങാനുള്ള മികച്ച ഓപ്ഷന്‍ ഹൈബ്രിഡ് വാഹനങ്ങളാണെന്നാണ് ടൊയോട്ടയുടെ പക്ഷം. പൂര്‍ണ വൈദ്യുതി വാഹനങ്ങളെ അപക്ഷിച്ച് ചെലവുകുറവും ഉത്പാദനത്തില്‍ പ്രാദേശികവത്കരണവുമെല്ലാം കൂടുതല്‍ കൊണ്ടുവരാന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കഴിയും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന നിരവധി സാങ്കേതികതകള്‍ നിലവിലുണ്ട്. എന്നാല്‍, ഓരോ രാജ്യത്തിനും ഉതകുന്ന അവിടത്തെ സാധ്യതകള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ ആവശ്യകത മനസ്സിലാക്കുന്ന സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന നിലപാടാണ് ടൊയോട്ടയുടേത്. എങ്കില്‍ മാത്രമേ കാര്‍ബണ്‍ ന്യൂട്രാലിറ്റിയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയൂ. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡുകളും പ്രവര്‍ത്തിക്കുന്നത് ഏകദേശം ഒരേ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ചുതന്നെയാണ്. 

എന്നാല്‍, നിര്‍മാണച്ചെലവിലേക്ക് നോക്കുമ്പോള്‍ ഇവികളെക്കാള്‍ കുറവായിരിക്കും ഹൈബ്രിഡുകള്‍ക്ക്. പെട്രോള്‍ വാഹനങ്ങളില്‍നിന്ന് വൈദ്യുതവാഹനങ്ങളിലേക്കുള്ള മാറ്റം വരുമ്പോള്‍ സ്വാഭാവികമായും വലിയ നിക്ഷേപങ്ങളും പ്രാദേശികവത്കരണവും വരും. അതിനനുസരിച്ച് ഉത്പന്നത്തിന്റെ വിലയും കുറയും.

കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇവികള്‍ക്കുപുറമേ ഹൈബ്രിഡ് വാഹനങ്ങള്‍ക്കും എഥനോള്‍ പോലുള്ള സീറോ എമിഷന്‍ ഇന്ധനങ്ങളും ഉപയോഗിക്കണം. പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗമൊഴിവാക്കാന്‍ ഒരു കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഇതില്‍ ഇവിക്കൊപ്പം ഹൈബ്രിഡ് വാഹനങ്ങളും നിര്‍മിക്കപ്പെടണം.

പ്രാദേശികവത്കരണത്തിന് മുന്‍തൂക്കം

ടൊയോട്ടയാകട്ടെ പ്രാദേശികവത്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. വൈദ്യുതിവാഹനങ്ങള്‍ക്കുവേണ്ട പവര്‍ ട്രെയിന്‍ അടുത്തിടെയാണ് ഇവിടെ വികസിപ്പിച്ചത്. ടൊയോട്ട കിര്‍ലോസ്‌കര്‍ ഓട്ടോപാര്‍ട്‌സ് വികസിപ്പിച്ച ഇ ഡ്രൈവ് ട്രാന്‍സ്മിഷനും മോട്ടോറുമെല്ലാമടങ്ങുന്നതാണ്. ജപ്പാനു പുറത്ത് ആദ്യമായാണ് ഇത്. ഇവിടെനിന്ന് ജപ്പാനിലേക്കും ഇ ഡ്രൈവ് കയറ്റിയയയ്ക്കപ്പെടുന്നുണ്ട്.
 

Content Highlights: toyotas journey to carbon neutrality