ഇലക്ട്രിക്കിനെക്കാൾ മുന്നിലോടി ഹൈബ്രിഡ് വാഹനങ്ങൾ, സാമ്പത്തിക ലാഭം, സമാധാനം; അറിയാം ഹൈബ്രിഡ് സംവിധാനം

പെട്രോൾ വാഹനം എടുക്കാമെന്ന് വിചാരിച്ചാൽ പെട്രോളിന് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ഒരുങ്ങിയാൽ പല വാഹനങ്ങളുടെയും വില തന്നെ പൊള്ളിക്കുന്നതാണ്. ഇനി കുറഞ്ഞ വിലയിൽ ലഭിച്ചാൽ തന്നെ യാത്ര തുടങ്ങി, അവസാനിക്കും വരെ ചാർജ് തീർന്ന് പോകുമോയെന്ന ആശങ്കയായിരിക്കും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ. ചുരുക്കി പറഞ്ഞാൽ, ഒരു വശത്ത് പോക്കറ്റ് കാലിയാകും മറുവശത്ത് മനസമാധാനം പോകും. അപ്പോൾ എന്തായിരിക്കും ഏറ്റവും പ്രായോഗികമായുള്ള ഒരു പരിഹാരം.
ഇന്ധന വിലയും ചാർജിങ് ആശങ്കയും ഒരു പോലെ പരിഹരിക്കാൻ സാധിക്കുന്നതും ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യവുമായി സംവിധാനമാണ് ഹൈബ്രിഡ്. വാഹനങ്ങളിൽ ഒരു പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ചേർന്നുള്ള സാങ്കേതികവിദ്യയാണ് പ്രവർത്തിക്കുന്നത്. ഇന്റേണൽ കംബസ്റ്റ്യൻ എൻജിനിലും ഇലക്ട്രിക് ബാറ്ററിയിൽ നിന്നുള്ള കരുത്തിലും പ്രവർത്തിക്കുന്നതിനാൽ തന്നെ ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവുമാണ് ഈ സംവിധാനത്തിന്റെ സുപ്രധാന മേന്മയായി കണക്കാക്കപ്പെടുന്നത്.
വാഹനങ്ങളിലെ ഹൈബ്രിഡ്
പ്രധാനമായും രണ്ട് പവർ സോഴ്‌സുകളാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഉണ്ടാകുന്നത്. ഇതിൽ പെട്രോൾ എൻജിനാണ് പ്രധാനം. ഇതിനൊപ്പം ഒരു ബാറ്ററിപാക്കും ഇലക്ട്രിക് മോട്ടോറും നൽകുന്നുണ്ട്. ഹൈബ്രിഡ് സംവിധാനത്തിൽ വാഹനം സ്റ്റാർട്ട് ചെയ്യുന്നതും കുറഞ്ഞ വേഗതയിലുള്ള ഓട്ടത്തിനും ബാറ്ററിയിലെ ചാർജ് എടുത്ത് ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നിശ്ചിത വേഗപരിധി മറികടന്നാൽ വാഹനത്തിലെ പെട്രോൾ എൻജിൻ പ്രവർത്തിച്ച് തുടങ്ങും. ഇത് ടയറുകളിലേക്ക് കരുത്ത് നൽകുന്നതിനൊപ്പം ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള ജനറേറ്ററായും പ്രവർത്തിക്കും.
ഇനി മറ്റൊരു വാഹനത്തെ മറികടക്കുകയോ, കയറ്റം കയറുകയോ പോലെ കൂടുതൽ പവർ എടുക്കേണ്ട സാഹചര്യമുണ്ടായാൽ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പ്രവർത്തിച്ച് വാഹനത്തിന് പരമാവധി പവർ നൽകുകയും ചെയ്യും. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ ആകർഷകമായ ഘടകമാണ്. ബ്രേക്ക് ചെയ്യുമ്പോഴും ആക്‌സിലറേറ്റർ ചെയ്യാതെയുള്ള ചലനത്തിലും മറ്റും നഷ്ടമാകുന്ന ഊർജവും ഇലക്ട്രിക് മോട്ടോർ ബാറ്ററിയിലേക്ക് സംഭരിക്കുന്നുണ്ട്. ഈ സംവിധാനത്തെയാണ് റീജനറേറ്റീവ് ബ്രേക്കിങ് എന്ന് വിശേഷിപ്പിക്കുന്നത്.
ഹൈബ്രിഡ് സംവിധാനങ്ങൾ
പ്രധാനമായും മൂന്ന് തരത്തിലുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യകളാണ് ഉപയോഗത്തിലുള്ളത്. സ്‌ട്രോങ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് എന്നിങ്ങനെയാണിവ.
സ്‌ട്രോങ് ഹൈബ്രിഡ്
വാഹന ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഏറ്റവും പ്രായോഗികമാണിത്. ഈ സംവിധാനത്തിൽ പെട്രോൾ എൻജിനിൽ നിന്നുള്ള കരുത്ത് വീലുകളിലേക്ക് എത്തുന്നതിനൊപ്പം ബാറ്ററിയിൽ ചാർജ് നിറയ്ക്കുകയും ചെയ്യും. വാഹനത്തിന്റെ സ്റ്റാർട്ടിങ്, കുറഞ്ഞ വേഗതയിലുള്ള ഓട്ടം എന്നിവ ബാറ്ററിയിൽ നിന്നുള്ള പവർ ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെയാണ്. എന്നാൽ, വേഗത കൂടുമ്പോൾ പെട്രോൾ എൻജിൻ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഒപ്പം ബാറ്ററിയിലേക്കുള്ള ചാർജ് നൽകുകയും ചെയ്യും.
പ്ലഗ് ഇൻ ഹൈബ്രിഡ്
ഒരു പരിധിവരെ ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾക്ക് സമാനമാണ് പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും. താരതമ്യേന വലിയ ബാറ്ററി പാക്ക് ആയിരിക്കും ഇതിൽ നൽകുക. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പോലെ തന്നെ ഈ ബാറ്ററിയും നമ്മൾ ചാർജ് ചെയ്യണം. ബാറ്ററിപാക്കിന്റെ ശേഷി അനുസരിച്ചുള്ള ദൂരം ഇലക്ട്രിക് കരുത്തിൽ ഓടാൻ സാധിക്കും. ചാർജ് തീർന്നാൽ പെട്രോളിലേക്ക് തനിയെ മാറാനും ഈ സംവിധാനത്തിൽ സാധിക്കും.
മൈൽഡ് ഹൈബ്രിഡ്
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പെട്രോൾ എൻജിനൊപ്പം ചെറിയ ബാറ്ററി പാക്കും ഒരു ഇലക്ട്രിക് മോട്ടോറുമായിരിക്കും നൽകുക. എന്നാൽ, ഈ സംവിധാനത്തിൽ ബാറ്ററി പവറിൽ വാഹനം ഓടിക്കാൻ സാധിക്കില്ല. എന്നാൽ, ഇതിലെ ഇലക്ട്രിക് മോട്ടോർ സ്റ്റാർട്ടിങ്ങിൽ ഉൾപ്പെടെ എൻജിനെ സഹായിക്കുന്നുണ്ട്. വാഹനം ട്രാഫിക്കിലും മറ്റും നിർത്തുമ്പോൾ എൻജിൻ തനിയെ ഓഫ് ആകുകയും ഈ സമയത്ത് എ.സി. ബ്ലോവർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ ബാറ്ററിയിലെ ചാർജിൽ പ്രവർത്തിക്കുകയും ചെയ്യും. ചെറിയ തോതിൽ ഇന്ധനം ലാഭിക്കാനും, വേഗത്തിലുള്ള സ്റ്റാർട്ടിങ്ങിനും ഈ സംവിധാനം ഗുണകരമാണ്.
ഹൈബ്രിഡിലെ നേട്ടങ്ങൾ
- മികച്ച ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് സംവിധാനത്തിലുള്ള വാഹനങ്ങളുടെ ഏറ്റവും വലിയ നേട്ടം. ഇലക്ട്രിക് മോട്ടോറും എൻജിനും പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ വാഹനങ്ങളെക്കാൾ ഉയർന്ന ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് വാഹനങ്ങൾ നൽകുന്നത്.
- ഫോസിൽ ഫ്യുവൽ വാഹനങ്ങളെക്കാൾ മലിനീകരണം കുറവാണെന്നതും ഹൈബ്രിഡിന്റെ ഗുണമാണ്. വളരെ നേരിയ അളവിൽ മാത്രമാണ് ഹൈബ്രിഡ് വാഹനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം. ട്രാഫിക്കുള്ള റോഡിലും നഗരപ്രദേശങ്ങളിലും ഇലക്ട്രിക് കരുത്തിൽ ഓടുന്നതിനാൽ തന്നെ കുറഞ്ഞ തോതിൽ മാത്രമേ മലിനീകരണം ഉണ്ടാകൂ.
- കരുത്തുറ്റ പ്രകടനവും ഹൈബ്രിഡ് വാഹനങ്ങളുടെ ഹൈലൈറ്റാണ്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും വേഗത ഉയർത്തുമ്പോഴും ഇതിലെ ഇലക്ട്രിക് മോട്ടോർ അധികമായി ടോർക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവിങ് കൂടുതൽ അനായാസമാകാൻ സഹായിക്കും.
- ഇന്ധനക്ഷമതയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തിന് പുറമെ, വാഹനത്തിന് ഉയർന്ന റീസെയിൽ വാല്യൂവും ലഭിക്കുന്നു. സെക്കന്റ് ഹാൻഡ് വിപണിയിൽ ഉയർന്ന ഡിമാന്റ് ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രകടമാണ്.
നികുതിയിലെ ലാഭം
ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന അത്ര നികുതി ഇളവുകൾ ഹൈബ്രിഡ് മോഡലുകൾക്ക് ലഭ്യമാകുന്നില്ലെങ്കിലും ജി.എസ്.ടിയിലും ചില സംസ്ഥാനങ്ങളിൽ റോഡ് നികുതിയിലും ഇളവുകൾ നൽകുന്നുണ്ട്. ജിഎസ്ടി പരിഷ്‌കാരങ്ങൾക്ക് ശേഷം വലിയ ഹൈബ്രിഡ് കാറുകൾക്ക് സെസ് ഒഴിവാക്കുകയും ജിഎസ്ടി നിരക്കിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് ചെയ്ത് നൽകിയിട്ടുണ്ട്.
നാല് മീറ്ററിൽ താഴെ നീളമുള്ളതും 1200 സിസിയിൽ താഴെ എൻജിൻ നൽകിയിട്ടുള്ളതുമായി ഹൈബ്രിഡ് കാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഹൈബ്രിഡ് എസ്‌യുവികൾ, വലിയ സെഡാൻ ഹൈബ്രിഡ് കാറുകൾ എന്നിവയുടെ ജിഎസ്ടി 40 ശതമാനമായി നിജപ്പെടുത്തിയിരുന്നു. മുമ്പ് സെസ് ഉൾപ്പെടെ 43 മുതൽ 48 ശതമാനം വരെ ഈടാക്കിയിരുന്നു.
എന്തുകൊണ്ട് പെട്രോളിൽ മാത്രം
പെട്രോൾ എൻജിനുകൾക്കൊപ്പമാണ് സാധാരണയായി ഹൈബ്രിഡ് സംവിധാനം നൽകാറുള്ളത്. എന്തുകൊണ്ടായിരിക്കും ഡീസൽ എൻജിനുകൾക്കൊപ്പം ഈ സംവിധാനം നൽകാത്തത്? കാരണങ്ങൾ പലതാണ്. ഇതിൽ പ്രധാനം നിർമാണ ചെലവ് തന്നെയാണ്. പൊതുവെ പെട്രോൾ വാഹനങ്ങളെക്കാൾ നിർമാണ ചെലവ് കൂടുതലാണ് ഡീസൽ മോഡലുകൾക്ക്. ഇതിനൊപ്പം ഹൈബ്രിഡ് സംവിധാനത്തിന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററിപാക്കും വരുന്നതോടെ ഉപയോക്താക്കൾക്ക് താങ്ങാൻ സാധിക്കാത്ത തരത്തിലേക്ക് വാഹനങ്ങളുടെ വില ഉയർത്തേണ്ടി വരും.
രണ്ടാത്തെ പ്രശ്‌നം തികച്ചും സാങ്കേതികമാണ്. പെട്രോൾ എൻജിനുകൾ കുറഞ്ഞ ആർപിഎമ്മിൽ കുറഞ്ഞ ടോർക്കാണ് നൽകുന്നത്. ഇവിടെ ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണ ഈ എൻജിന് പ്രയോദനപ്പെടുത്താം. എന്നാൽ, ഡീസൽ മോഡലുകൾക്ക് സ്വഭാവികമായും ഉയർന്ന ടോർക്ക് ഉള്ളതിനാൽ തന്നെ ഇലക്ട്രിക് മോട്ടോർ കൂടി ചേരുന്നതോടെ പ്രത്യേക നേട്ടം ഉണ്ടാകുന്നില്ല. ഇന്ധനക്ഷമതയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് ഡീസൽ എൻജിൻ താരതമ്യേന ഉയർന്ന ഇന്ധനക്ഷമത നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൈബ്രിഡ് സംവിധാനത്തിന്റെ പ്രാധാന്യം ഈ എൻജിനൊപ്പം കുറവാണ്.
പെട്രോൾ വാഹനവും ഡീസൽ വാഹനവും സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള അവസ്ഥയും ഹൈബ്രിഡ് സംവിധാനത്തെ സ്വാധീനിക്കും. പെട്രോൾ എൻജിൻ വാഹനങ്ങൾ അനായാസമായാണ് സ്റ്റാർട്ട് ആകുന്നതെങ്കിൽ ഡീസൽ എൻജിൻ ഉയർന്ന വൈബ്രേഷനോടെയാണ് സ്റ്റാർട്ട് ആകുന്നത്. ഇത് ഹൈബ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കും. അതുപോലെ തന്നെയാണ് വാഹനത്തിന്റെ ഭാരവും. പൊതുവേ ഭാരമേറിയ ഡീസൽ എൻജിനുകൾക്കൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററിയും കൂടി വന്നാൽ വാഹനത്തിന്റെ ആകെ ഭാരം ക്രമാതീതമായി വർധിക്കും.
Content Highlights: Hybrid technology combines a petrol engine with an electric motor and battery pack., Three main types: Strong Hybrid, Plug-in Hybrid, and Mild Hybrid., Offers high fuel efficiency, lower emissions, and strong resale value., Provides tax benefits and GST concessions in certain regions., Primarily paired with petrol engines due to cost, technical synergy, and weight factors.