23-ാം വയസിൽ യുഎഇ ലൈസൻസ്; ഇന്ന് ആയിരങ്ങൾക്ക് ആത്മവിശ്വാസമാണ് ഫർസാനയുടെ സ്റ്റിയറിങ്

യു.എ.ഇ.യിലെ വിശാലമായ ഹൈവേകളിലൂടെ ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും ഭയം കാരണം പിന്നോട്ടുനിൽക്കുന്നവർ ഏറെയാണ്. അത്തരം ആളുകളെ സ്റ്റിയറിങ് പിടിക്കാൻ കൈപിടിച്ചു കൂട്ടുന്നൊരു വനിതയാണ് റാസൽഖൈമയിൽ ഡ്രൈവിങ് പരിശീലകയായി പ്രവർത്തിക്കുന്ന ഫർസാന അബ്ദുൽറസൂൽ. കാസർകോട് സ്വദേശിനിയായ ഈ 32-കാരി കഴിഞ്ഞ മൂന്നു വർഷമായി പരിശീലകയായി രംഗത്തുണ്ട്.
നിലവിൽ സഹറത്ത് അൽ ഖലീജ് ഡ്രൈവിങ് സ്‌കൂളിലാണ് ജോലിചെയ്യുന്നത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഏറെ ഇഷ്ടമായ ഡ്രൈവിങ്ങിനെ തൊഴിൽമാർഗമാക്കാൻ ഫർസാനയെ പ്രേരിപ്പിച്ചത്. 23-ാം വയസ്സിലാണ് യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്. നാട്ടിൽ വാഹനമോടിച്ച മുൻപരിചയംപോലും ഇല്ലാതിരുന്ന ഒരാൾ ആദ്യമായി ലൈസൻസ് നേടിയത് ഇവിടെയായിരുന്നതുതന്നെ അവരുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ്.
മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന ഭർത്താവ് അബ്ദുൽ റഷീദിന്റെ പ്രോത്സാഹനമാണ് ഈ തീരുമാനത്തിനു പിന്നിൽ. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി പേർക്ക് ഡ്രൈവിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ ഫർസാന പഠിപ്പിച്ചിട്ടുണ്ട്. 'ഡ്രൈവിങ് പഠിക്കാനും വാഹനമോടിക്കാനും നാടിനെക്കാൾ സുരക്ഷിതമാണ് ഈ രാജ്യം. ആത്മാർഥമായി ശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ല. ഓരോ വിദ്യാർഥിയുടെയും ഭയവും കഴിവും സൂക്ഷ്മമായി മനസ്സിലാക്കിയാണ് ക്ലാസുകൾ നൽകുന്നത്. തെറ്റുകൾ സംഭവിക്കുമ്പോൾ ദേഷ്യപ്പെടാതെ സൗമ്യമായി തിരുത്തുമ്പോൾ അവരിൽ ആത്മവിശ്വാസവും ഡ്രൈവിങ്ങിനോടുള്ള താത്പര്യവും വർധിക്കും. പരീക്ഷകൾ പൂർത്തിയാക്കി ലൈസൻസുമായി വിദ്യാർഥികൾ എന്നെ കാണാൻ വരുമ്പോൾ ലഭിക്കുന്ന സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല'' -ഫർസാന പറയുന്നു.
പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തെ അന്തസ്സോടെ പരിപാലിക്കാൻ കഴിയുന്നതിലെ അഭിമാനവും ഇവർ പങ്കുവെക്കുന്നു. ഡ്രൈവിങ് ക്ലാസുകൾ സമ്മർദമില്ലാതെ ഹൃദ്യമായി കൈകാര്യം ചെയ്യുന്ന അവരുടെ രീതിയാണ് വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുന്നത്. ഹൈവേ ഡ്രൈവിങ്, റൗണ്ട് എബൗട്ടുകൾ, സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ എന്നിവയിൽ സുരക്ഷിതമായി വാഹനം ഓടിക്കാനുള്ള മാർഗങ്ങൾ, സീറ്റ് ബെൽറ്റിന്റെ ആവശ്യകത, വേഗപരിധി, ലെയ്ൻ അച്ചടക്കം എന്നിവയുടെ പ്രാധാന്യം തുടങ്ങി ഓരോ കാര്യങ്ങളും വളരെ ലളിതമായ രീതിയിലാണ് ഫർസാന പഠിപ്പിക്കുന്നത്.
ഡ്രൈവിങ് പരിശീലനത്തിനപ്പുറം, വിദ്യാർഥികളിൽ ആത്മവിശ്വാസവും സുരക്ഷാബോധവും വളർത്തുന്ന അധ്യാപികകൂടിയാണ് ഫർസാന. റോഡിലെ നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതും അവരുടെ പ്രത്യേകതയാണ്. ഓരോ വിദ്യാർഥിയെയും ഉത്തരവാദിത്വമുള്ള ഡ്രൈവറാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. സ്റ്റിയറിങ് പിടിക്കുന്ന നിമിഷം ''നിങ്ങളെക്കൊണ്ട് സാധിക്കും'' എന്ന ഫർസാനയുടെ വാക്കുകൾ ഡ്രൈവിങ്ങിനോടുള്ള ഭയം മാറ്റാൻ പലർക്കും കരുത്തായിട്ടുണ്ട്. എളുപ്പത്തിൽ ഡ്രൈവിങ് പഠിക്കാനുള്ള നുറുങ്ങുകളുമായി സാമൂഹിക മാധ്യമങ്ങളിലും ഇവർ സജീവമാണ്. റഫാ ഫാത്തിമ, മറിയം ഷെയ്ഹ, മുഹമ്മദ് അയാൻ എന്നിവർ മക്കളാണ്.
Content Highlights: Meet Farzana Abdulrasool, a UAE driving instructor helping many overcome fear and gain confidence on the road. Learn her story & tips for safe driving.