സ്‌കോഡ കുഷാഖ്; ഇത് വെറും മുഖംമിനുക്കലല്ല, ഈ വരവ് വെല്ലുവിളിക്കാനുള്ള കോൺഫിഡൻസോടെയാണ്

#അജിത് ടോം
സ്‌കോഡ കുഷാഖിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ | Photo: Skoda India
സ്‌കോഡ കുഷാഖിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ | Photo: Skoda India

സ്‌കോഡ ഇന്ത്യയുടെ വാഹന നിരയിലെ മിഡ്‌സൈസ് എസ്‌യുവി മോഡലായ കുഷാഖിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. രണ്ട് എൻജിൻ ഓപ്ഷനുകളിലായി എത്തുന്ന ഈ വാഹനത്തിന് 10.69 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 2021 മുതൽ ഇന്ത്യൻ നിരത്തുകളിലുള്ള ഈ വാഹനം ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, മാരുതി സുസുക്കി ഗ്രാന്റ് വിത്താര തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്.

വില

1.0 ലിറ്റർ എൻജിൻ ഓപ്ഷൻ മോഡലുകളുടെ മാനുവൽ പതിപ്പിന് 10.69 ലക്ഷം രൂപ മുതൽ 16.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 12.69 ലക്ഷം രൂപ മുതൽ 17.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റർ കുഷാഖിന്റെ ഓട്ടോമാറ്റിക് മോഡലുകൾക്ക് 18.79 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് മുഖം മിനുക്കലിൽ വേരിയന്റുകളുടെ അടിസ്ഥാനത്തിൽ 94,000 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.

എൻജിനും ട്രാൻസ്മിഷനും

ഫീച്ചറുകളിലും മെക്കാനിക്കലായും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് കുഷാഖ് മുഖംമിനുക്കിയിരിക്കുന്നത്. 1.0 ലിറ്റർ എൻജിനൊപ്പം എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം നൽകിയിരിക്കുന്നതാണ് പ്രധാനമാറ്റം. ഈ സെഗ്മെന്റിൽ ആദ്യമാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മുൻപ് നൽകിയിരുന്നത്. ഇതിലെ 1.0 ലിറ്റർ ടിഎസ്‌ഐ എൻജിൻ 115 എച്ച്പി പവറും 170 എൻ.എം. ടോർക്കുമാണ് നൽകുന്നത്. 150 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടിഎസ്‌ഐ എൻജിനാണ് കുഷാഖിനെ മറ്റൊരു ഓപ്ഷൻ. ഏഴ് സ്പീഡ് ഡിസിടിയാണ് ഇതിലെ ട്രാൻസ്മിഷൻ.

ഡിസൈൻ

ലാളിത്യമുള്ള ഡിസൈൻ മികവിലൂടെ ശ്രദ്ധ നേടിയിട്ടുള്ള വാഹനമാണ് കുഷാഖ്. ആദ്യ മുഖംമിനുക്കലിൽ അഴക് ഒരുപടി കൂടി ഉയർന്നിട്ടുണ്ട്. സ്‌കോഡ ക്രിസ്റ്റൽ ലൈറ്റിങ് സംവിധാനത്തിൽ ഒരുങ്ങിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഫുൾ എൽഇഡി ഫോഗ്‌ലാമ്പ്, ഇൻഡിക്കേറ്ററും ഡിആർഎല്ലുമായി പ്രവർത്തിക്കുന്ന ലൈറ്റ് ബാർ, ഗ്രില്ലിന് തിളക്കമേകുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവം പ്രകാശ പൂരിതമാക്കുന്നത്.

ബമ്പറിന്റെ ഡിസൈനിലുമുണ്ട് നേരിയ മാറ്റങ്ങൾ. ക്രോമിയം റിബ്ബുകളാണ് ഗ്രില്ലിൽ നൽകിയിരിക്കുന്നത്. സിൽവർ ഫിനിഷിങ്ങിലാണ് സ്‌കിഡ് പ്ലേറ്റ് നൽകിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റ് മുതൽ അലോയ് വീൽ നൽകിയാണ് കുഷാഖ് ഇത്തവണ എത്തിയിരിക്കുന്നത്. സിൽവർ റൂഫ് റെയിൽസ്, ബ്ലാക്ക് ക്ലാഡിങ്ങുമെല്ലാം വശങ്ങളുടെ മാറ്റ് കൂട്ടുന്നു, എൽഇഡിയിൽ തീർത്തിരിക്കുന്ന സ്‌കോഡ ബാഡ്ജിങ്ങും ടെയ്ൽലൈറ്റുമാണ് പിൻഭാഗത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

അകത്തളം

ഫീച്ചറുകൾ കുത്തിനിറയ്ക്കുകയെന്നതിന് പകരം ആവശ്യമായ ഫീച്ചറുകൾ നൽകുകയെന്നതാണ് സ്‌കോഡയുടെ രീതി. കോഡിയാഖ് മുതൽ കൈലാഖ് വരെയുള്ള വാഹനങ്ങളിൽ ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് ബേജ് നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനൽ, പനോരമിക് സൺറൂഫ് എന്നിവയാണ് പ്രത്യക്ഷത്തിലുള്ള ഫീച്ചറുകൾ.

എന്നാൽ, ഗുഗിൾ എഐ അസിസ്റ്റഡ് സോഫ്റ്റ്‌വെയർ സംവിധാനമാണ് കുഷാഖിലുള്ളത്. മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ ആദ്യമാണ് ഈ സംവിധാനം. മുൻനിരയിലെ രണ്ട് സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനമാണ് നൽകിയിരിക്കുന്നതെങ്കിൽ പിന്നിലെ സീറ്റുകളിൽ മസാജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതും വാഹനം ഉൾപ്പെടുന്ന ശ്രേണിയിൽ ആദ്യമാണ്. ഏറ്റവും മികച്ച എയർ കണ്ടീഷൻ സംവിധാനം നൽകുന്നതിനായി വേരിയബിൾ ഡിസ്‌പ്ലേസ്‌മെന്റ് യൂണിറ്റും ഇതിൽ നൽകിയിട്ടുണ്ട്. 491 ലിറ്ററിന്റെ ബൂട്ട് സ്‌പേസും കുഷാഖിൽ ഉറപ്പാക്കിയിട്ടുണ്ട്.

സുരക്ഷ

ഫൈവ് സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിങ് നേടിയിട്ടുള്ള വാഹനമാണ് കുഷാഖ് എസ്‌യുവി. ഇടിച്ച് നേടിയ ഈ കരുത്തിനൊപ്പം നിരവധി സുരക്ഷാ ഫീച്ചറുകളും കുഷാഖിൽ ന്ൽകിയിട്ടുണ്ട്. ആറ് എയർബാഗ്, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ്, റെയിൻ സെൻസിങ് വൈപ്പർ, ഓട്ടോ ഡിമ്മിങ് ഐആർവിഎം, ഫോർ ഡിസ്‌ക് ബ്രേക്ക് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകൾ കുഷാഖിലുണ്ട്.

ഡ്രൈവ്

രണ്ട് എൻജിൻ ഓപ്ഷനുകളിലുള്ള വാഹനങ്ങളും ഓടിക്കാനുണ്ടായിരുന്നുവെങ്കിലും ആദ്യ തിരഞ്ഞെടുത്തത് 1.0 ലിറ്റർ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലായിരുന്നു. പുതിയ ട്രാൻസ്മിഷൻ സംവിധാനം തന്നെയാണ് ഇതിന് കാരണം. മൂന്ന് സിലിണ്ടർ എൻജിൻ ആയതിനാൽ തന്നെ അൽപ്പം സ്റ്റാർട്ടിങ്ങിൽ ഉൾപ്പെടെ അൽപ്പം ശബ്ദമുണ്ട്. എന്നാൽ, പിന്നീട് അങ്ങോട്ട് എല്ലാം ട്രാൻസ്മിഷൻ ഏറ്റെടുത്തു. വളരെ സ്മൂത്ത് ആയിട്ടുള്ള ഡ്രൈവിങ് ആണ് ഈ ട്രാൻസ്മിഷൻ ഉറപ്പാക്കുന്നത്. വളരെ വേഗത്തിലുള്ള ഷിഫ്റ്റിങ് കൂടുതൽ മികച്ച ഡ്രൈവിങ് റെസ്‌പോൺസ് എന്നിവയാണ് പുതിയ ട്രാൻസ്മിഷന്റെ ഗുണങ്ങൾ.

ഹൈവേയിലുള്ള യാത്രയിൽ അനായാസം വേഗമെടുക്കാൻ അധികമായി നൽകിയിട്ടുള്ള രണ്ട് ഗിയറുകൾ സഹായിക്കുന്നുണ്ട്. സ്വാഭാവികമായി ഉണ്ടാകുന്ന ടർബോ ലാഗും ഈ പതിപ്പിൽ കുറഞ്ഞിട്ടുണ്ട്. വളരെ താഴ്ന്ന ആർപിഎമ്മിൽ തന്നെ എട്ടാമത്തെ ഗിയറിലേക്ക് മാറുകയും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. സ്‌പോർട്ട് മോഡിലുള്ള ഡ്രൈവിങ് അനായാസമായ ഓവർടേക്കിങ് ഉൾപ്പെടെ നൽകുകയും ഡിസിടി ട്രാൻസ്മിഷന് സമാനമായ ഡ്രൈവിങ് ഫീൽ നൽകുകയും ചെയ്യുന്നുണ്ട്.

ആദ്യ വാഹനം കൈമാറി പിന്നീട് കയറിയത് കൂടുതൽ കരുത്തനായ മറ്റൊരു കുഷാഖിലേക്ക്. 150 എച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ എൻജിനും ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷുമാണ് ഈ വാഹനത്തിന്റെ കരുത്ത്. ഫോർ സിലിണ്ടർ എൻജിൻ ആയതിനാൽ തന്നെ ഡ്രൈവിങ് കുറച്ച് കൂടി സ്മൂത്താണ്. ഏറ്റവും മികച്ച ട്രാൻസ്മിഷനും കൂടി ചേരുന്നതോടെ ഡ്രൈവിങ് അനുഭവം വേറെ തലത്തിലേക്ക് മാറുകയാണ്. വളരെ വേഗത്തിലുള്ള അപ്ഷിഫ്റ്റുകളും ഹൈവേകളിൽ ഏറ്റവും മികച്ച ത്രോട്ടിൽ റെസ്‌പോൺസും ഈ ട്രാൻസ്മിഷൻ ഉറപ്പാക്കുന്നുണ്ട്.

യാത്ര

ഡ്രൈവ് ചെയ്യാൻ മാത്രമല്ല, ദീർഘദൂര യാത്രകൾക്കും ഇണങ്ങുന്ന വാഹനമാണ് കുഷാഖ്. സിറ്റി യാത്രകളെക്കാൾ ദൂരയാത്രയ്ക്കാണ് കൂടുതൽ ഇണക്കം. സസ്‌പെൻഷൻ അൽപ്പം സ്റ്റിഫാണ്. ഹമ്പുകളിലെ ചാട്ടവും മറ്റും യാത്രക്കാരന് കൃത്യമായി അറിയാം. ഹൈവേ യാത്രകളിൽ ഈ സ്റ്റിഫ്‌നെസ് തന്നെയാണ് ഗുണമാകുന്നതും. വേഗത്തിലുള്ള ടേണിങ്ങിലും മറ്റും ബോഡി റോളും മറ്റും യാത്രക്കാരനെ ബാധിക്കുന്നില്ല. സ്പീഡ് മൂന്നക്കത്തിലേക്ക് കടന്നാൽ പോലും വാഹനത്തിന്റെ വേഗം യാത്രക്കാരനെ ബാധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Content Highlights: New 8-speed torque converter automatic for 1.0L engine, Google AI-assisted infotainment system, Segment-first ventilated seats and rear seat massage function, 5-star Global NCAP safety rating, Updated exterior design with LED enhancements