സ്‌കൂള്‍ ബസിന്റെ ഡ്രൈവിങ് സീറ്റിലുണ്ട് സിസ്റ്റര്‍ ഫിന്‍സിറ്റ; 2000 മുതല്‍ ഹെവി ലൈസന്‍സിന് ഉടമയാണ്

#വി.കെ. അജി
സ്‌കൂള്‍ മുറ്റത്ത് വാഹനമോടിക്കുന്ന സിസ്റ്റര്‍ ഫിന്‍സിറ്റ | ഫോട്ടോ: വി.കെ. അജി
സ്‌കൂള്‍ മുറ്റത്ത് വാഹനമോടിക്കുന്ന സിസ്റ്റര്‍ ഫിന്‍സിറ്റ | ഫോട്ടോ: വി.കെ. അജി

സ്‌കൂള്‍ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കന്യാസ്ത്രീയെ കണ്ടപ്പോള്‍ നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെച്ചു. ആദ്യമവര്‍ക്ക് കൗതുകമായിരുന്നു. പിന്നീടത് ആരാധനയായി... ഇത് സിസ്റ്റര്‍ ഫിന്‍സിറ്റ... കാലടി സെയ്ന്റ് ക്ലെയര്‍ ഓറല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക.

''വര്‍ഷങ്ങള്‍ക്കു മുമ്പ് മണിക്യമംഗലത്തെ സ്‌കൂളില്‍നിന്ന് കാലടി വഴി അങ്കമാലിയിലേക്ക് സ്‌കൂള്‍ബസ് ഓടിച്ചുപോകുമ്പോള്‍ കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കൂട്ടത്തോടെ സ്റ്റേഷന്‍ വരാന്തയില്‍ വന്നു നോക്കിനില്‍ക്കുമായിരുന്നു'' -സിസ്റ്റര്‍ ഫിന്‍സിറ്റ പറഞ്ഞു. സഭയിലാദ്യമായി ഹെവി ലൈസന്‍സ് സ്വന്തമാക്കിയ കന്യാസ്ത്രീയാണിവര്‍.

കോവിഡ് കാലത്ത് സ്‌കൂള്‍ അടച്ചിട്ടതോടെ സ്‌കൂള്‍ബസ് സര്‍വീസ് നിര്‍ത്തി ഷെഡ്ഡിലേക്ക് മാറ്റി. ഡ്രൈവറും വരാതായി. ഇപ്പോള്‍ ബസിന്റെ മേല്‍നോട്ടം സിസ്റ്റര്‍ ഫിന്‍സിറ്റയ്ക്കാണ്. എല്ലാ ദിവസവും സ്‌കൂള്‍മുറ്റത്ത് ഒരുവട്ടം ഓടിക്കും. പതിനെട്ടാം വയസ്സിലാണ് ഫിന്‍സിറ്റ സഭാവസ്ത്രം സ്വീകരിച്ചത്. 

മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സഹോദരിയും ഫ്രാന്‍സിസ്‌കല്‍ ക്ലാരിസ്റ്റ് സഭയുടെ മദര്‍ സുപ്പീരിയറുമായിരുന്ന സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയുടെ നിര്‍ദേശപ്രകാരമാണ് ഡ്രൈവിങ് പഠിക്കുന്നത്. 1994-ല്‍ ലൈസന്‍സ് ലഭിച്ചു, 2000-ല്‍ ഹെവി ലൈസന്‍സും. എം.എ.,എം.എഡ്. ബിരുദധാരിയാണ് സിസ്റ്റര്‍. മാണിക്യമംഗലത്ത് 1993-ല്‍ സ്ഥാപിച്ച ബധിര വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സാണിപ്പോള്‍. 

കോറോണക്കാലത്ത് വീഡിയോ കോളിലൂടെയുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ഇടവകയിലെ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതും അവര്‍ക്കുള്ള പൂച്ചെണ്ടും കിരീടവും നിര്‍മിക്കുന്നതും സിസ്റ്ററുടെ നേതൃത്വത്തിലാണ്. 

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്നിരുന്ന ബധിരസ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായുള്ള യാത്രയില്‍ ഡ്രൈവറോടപ്പം സിസ്റ്ററും പങ്കാളിയായിരുന്നു. ഈ കോവിഡ്കാലത്തും കുട്ടികള്‍ക്കും വാഹനത്തിനും സംരക്ഷകയായി സിസ്റ്റര്‍ ഫിന്‍സിറ്റ സ്‌കൂളില്‍ കാവലുണ്ട്.

Content Highlights: Sister Fincitta School Bus Driver; Heavy Licence Holder From 2000

Content Highlights: