17 ലക്ഷത്തിന് 29 കിലോമീറ്റർ മൈലേജ് നൽകുന്ന ഒരു ഒന്നൊന്നര എസ്.യു.വി; ഡസ്റ്റർ വരുന്നു ഹൈബ്രിഡ് കരുത്തിൽ

ഒരു വാഹനത്തിൽ എന്തുണ്ട് എന്നതിനുപകരം ഒരു വാഹനം എന്തു തരുന്നു എന്നതിലാണ് കാര്യം. ഒരിക്കൽപ്പോലും ഉപയോഗിക്കാത്ത സാങ്കേതികവിദ്യകൾ കുത്തിനിറയ്ക്കുന്നതോ പ്രായോഗികാവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതോ എന്നതിലാണ് കാര്യം. അവിടെയാണ് പുതിയ റെനോ ഡസ്റ്റർ ഹൈബ്രിഡ് വേറിട്ടുനിൽക്കുന്നത്. 17 ലക്ഷത്തിന് 29 കിലോമീറ്റർ മൈലേജ് നൽകുന്ന ഒരു ഒന്നൊന്നര എസ്.യു.വി. അതാണ് പുതിയ ഡസ്റ്റർ ഹൈബ്രിഡ്. അന്താരാഷ്ട്രവിപണിയിലെ റിനോയുടെ സാങ്കേതികത ഇന്ത്യയിലേക്ക് വരുമ്പോൾ വിലയിലെ നീക്കുപോക്കുകൾക്കുവേണ്ടി പലതും വെട്ടിക്കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, അഡാസ് എന്നിങ്ങനെ. എന്നാലും മൈലേജിന്റെയും വിലയുടെയും പെർഫോമൻസിന്റെയും കാര്യത്തിൽ വരുമ്പോൾ ഒന്നൊന്നര വണ്ടിതന്നെയാണ് ഈ ഹൈബ്രിഡ്.
കരുത്തിന്റെ പുതിയ സമവാക്യം
പുതിയ ഡസ്റ്റർ ഹൈബ്രിഡിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പവർട്രെയിൻ തന്നെയാണ്. 1.8 ലിറ്റർ, നാലുസിലിൻഡർ, നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ഹൃദയം. അറ്റ്കിൻസൺ സൈക്കിൾ സാങ്കേതികവിദ്യയിലെ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും പ്രവർത്തിക്കുന്നു.
പെട്രോൾ എൻജിൻമാത്രം 110 പി.എസ്. കരുത്തും 175 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് ട്രാക്ഷൻ മോട്ടോർ ഏകദേശം 50 പി.എസ്. കരുത്തും 208 എൻ.എം. ടോർക്കും നൽകുന്നു. രണ്ടുംകൂടി ചേരുമ്പോൾ കരുത്ത് 160 പി.എസിലേക്കുയരും. ഇതോടെ ഇന്ത്യയിലെ മിഡ്സൈസ് സ്ട്രോങ് ഹൈബ്രിഡ് എസ്.യു.വി.കളിൽ കരുത്തിന്റെ കാര്യത്തിൽ ഡസ്റ്ററിന് മുന്നിൽ ആരുമില്ല. 1.4 കിലോവാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയുമുണ്ട്. വാഹനത്തിന്റെ പ്രവർത്തനത്തിനിടയിലും ബ്രേക്കിങ് സമയത്തും ലഭിക്കുന്ന ഊർജം ഉപയോഗിച്ച് ബാറ്ററി സ്വയം ചാർജ് ചെയ്യും.
ഹൈബ്രിഡിന്റെ മാജിക്
റിനോയുടെ ഇ-ടെക് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് താരം. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും 80 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുമ്പോഴും ഇലക്ട്രിക് മോട്ടോറായിരിക്കും പ്രവർത്തിക്കുക. കൂടുതൽ കരുത്ത് ആവശ്യമായിവരുമ്പോൾ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പ്രവർത്തിക്കും. ഹൈവേയിൽ പെട്രോൾ എൻജിന് ആയിരിക്കും പ്രാധാന്യം.
ഗിയർബോക്സിലും പുതുമ
പരമ്പരാഗത സി.വി.ടി. ഗിയർബോക്സിന് പകരം, റെനോയുടെ മൾട്ടി-മോഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. രണ്ട് ഇലക്ട്രിക് ഗിയറുകളും നാല് പെട്രോൾ ഗിയറുകളുമുണ്ട്. ഡ്രൈവിങ് സാഹചര്യങ്ങൾക്കനുസരിച്ച് ഇലക്ട്രിക് മോട്ടോറിന്റെയും പെട്രോൾ എൻജിന്റെയും പ്രവർത്തനം നിയന്ത്രിക്കാൻ ഈ സംവിധാനത്തിന് കഴിയും. അതുകൊണ്ട് ഗിയർമാറ്റം അറിയുകപോലുമില്ല.
രൂപത്തിൽ പഴയ കരുത്ത്
ഡസ്റ്ററിന്റെ പരമ്പരാഗത എസ്.യു.വി. സ്വഭാവം നിലനിർത്തിയിട്ടുണ്ട്. ഗ്രിൽ, പ്രകാശിക്കുന്ന ഡസ്റ്റർ ലോഗോ, എൽ.ഇ.ഡി. ലൈറ്റുകൾ എന്നിവ വാഹനത്തിന് കരുത്തുറ്റ മുഖഭാവം നൽകുന്നു. വീതിയേറിയ വീൽ ആർച്ചുകൾ, ബോഡി ക്ലാഡിങ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഡസ്റ്ററിന്റെ എസ്.യു.വി. വ്യക്തിത്വം കൂടുതൽ വ്യക്തമാക്കുന്നു. 212 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തെ ആകർഷണം. ഉയർന്ന വകഭേദത്തിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. ഉയർന്ന വകഭേദങ്ങളിൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെന്റ്, പവേഡ് ടെയിൽഗേറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നു. പാർസൽ ഷെൽഫ് വരെയുള്ള ബൂട്ട് ശേഷി 372 ലിറ്ററാണ്.
Content Highlights: Offers an exceptional mileage of 29 kmpl with strong hybrid technology., Expected price starting around 17 Lakhs., Powered by a 1.8-litre naturally aspirated petrol engine paired with dual electric motors producing 160 PS power., Features a multi-mode automatic transmission and 212 mm ground clearance.