പറക്കാനുള്ളതല്ല ആറുവരിപ്പാത, അനുവദിച്ചിട്ടുള്ള വേഗത്തില്‍ പോകാം; ശ്രദ്ധവേണം പുതിയ വഴിയില്‍

രാമനാട്ടുകര: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദേശീയപാത അതോറിറ്റി ഔദ്യോഗിക അനുമതി നല്‍കി തുറന്നുകൊടുത്ത രാമനാട്ടുകര- വെങ്ങളം ആറുവരിപ്പാത കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ്. എന്നാല്‍, വേഗതയ്‌ക്കൊപ്പം ജാഗ്രതയും കൂടിയില്ലെങ്കില്‍ ഈ പാത മരണക്കെണിയാകുമെന്ന് രാമനാട്ടുകരയില്‍ സമീപകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
എന്‍എച്ച്എഐ പ്രോജക്ട് ഓഫീസര്‍, തിരുവനന്തപുരത്തെ മേഖലാ ഓഫീസര്‍ എന്നിവരുടെ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് നിര്‍മാതാക്കളായ ഹൈദരാബാദ് കെഎംസി കണ്‍സ്ട്രക്ഷന്‍സിന് നിര്‍മാണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ഇതോടെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കില്‍പ്പെടാതെ 28.4 കിലോമീറ്റര്‍ദൂരം അരമണിക്കൂറിനുള്ളില്‍ പിന്നിടാനാകുമെന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
ആറുവരിപ്പാതയില്‍ ഓരോ നിയമലംഘനവും ഒരു മരണവിളിയാണ്
പുണ്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി എത്തുന്ന പ്രിയപ്പെട്ടവളെ വരവേല്‍ക്കാന്‍ സന്തോഷത്തോടെ വിമാനത്താവളത്തിലേക്ക് കുതിച്ച ആ കുടുംബം, ഒരു നിമിഷത്തെ അശ്രദ്ധയില്‍ തകര്‍ന്നുപോയി. സന്തോഷത്തോടെ കാത്തിരുന്ന സഹോദരിയുടെ നിശ്ചലമായ മുഖം കാണേണ്ടിവന്ന ആ ദുരവസ്ഥ എത്ര ദുഃഖകരമാണ്. മാസങ്ങള്‍ക്കുമുന്‍പ് നടന്ന ഈ അപകടം ആറുവരിപ്പാതയില്‍ നമ്മള്‍ പുലര്‍ത്തേണ്ട ശ്രദ്ധ എത്ര വലുതാണെന്ന് വിളിച്ചുപറയുന്നു. ഇതുപോലെ എത്രയെത്ര അപകടങ്ങളാണ് ആറുവരിപ്പാതയില്‍ ദിവസവും നടക്കുന്നത്. റോഡ് വികസിക്കുമ്പോള്‍, നമ്മുടെ മനസ്സും ശ്രദ്ധയും കൂടി വികസിക്കേണ്ടതുണ്ട്. റോഡില്‍ക്കാണുന്ന നിയമങ്ങള്‍ കേവലം വരകളും എഴുത്തുകളുമല്ല, ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള വാഗ്ദാനമാണ്.
ലൈന്‍ നിയമം തെറ്റിക്കരുത്
ആറുവരിപ്പാതയില്‍, വാഹനങ്ങള്‍ പറന്നുനടക്കുകയാണ്. ഇവിടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ കരിയിച്ചുകളയാന്‍ ഒരു സെക്കന്‍ഡ് നേരത്തെ ശ്രദ്ധക്കുറവു മതി. ആറുവരിപ്പാതയില്‍ ഇരുവശത്തും മൂന്ന് ലൈനുകള്‍ വീതമാണുള്ളത്. ഇതില്‍ ഏറ്റവും ഇടതുവശത്തുള്ള ഒന്നാമത്തെ ലൈന്‍ ഭാരവാഹനങ്ങള്‍ക്കും കുറഞ്ഞ വേഗത്തിലുള്ള മറ്റു വാഹനങ്ങള്‍ക്കുമാണ്. ചരക്കുലോറികള്‍, ട്രക്കുകള്‍ തുടങ്ങിയവ ഈ ലൈനിലൂടെ സഞ്ചരിക്കണം. നടുവിലെ ലൈന്‍ സാധാരണഗതിയിലുള്ള വേഗത്തില്‍ സുരക്ഷിതമായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ട വാഹനങ്ങള്‍ക്കുള്ളതാണ്. മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ താത്കാലികമായി മൂന്നാമത്തെ ലൈനിലേക്ക് മാറാം. ഓവര്‍ടേക്ക് ചെയ്തശേഷം ഉടന്‍തന്നെ ഇടതുവശത്തെ ലൈനിലേക്ക് തിരികെ പ്രവേശിക്കണം.
ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍
ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നത് വെറും നിയമമല്ല, മറ്റൊരാളുടെ ജീവനോടുള്ള ബഹുമാനമാണ്. പുറകിലെ കണ്ണാടികളിലൂടെ (റിയര്‍വ്യൂ മിറര്‍) നിരീക്ഷിച്ച്, ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ലൈന്‍ മാറുക. നിങ്ങളുടെ ചെറിയൊരു സൗകര്യം, മറ്റൊരാളുടെ യാത്രയുടെ അവസാനമാകരുത്.
ഉറക്കംവന്നാല്‍ ഉറങ്ങണം
ദീര്‍ഘദൂരം വണ്ടി ഓടിക്കുമ്പോള്‍ ഉറക്കവും ക്ഷീണവും വന്നാല്‍ സുരക്ഷിതമായ ഒരു പാര്‍ക്കിങ് ഏരിയയില്‍ വണ്ടി ഒതുക്കിനിര്‍ത്തി വിശ്രമിക്കാന്‍ മടിക്കരുത്. ലക്ഷ്യത്തിലെത്താന്‍ താമസിച്ചാലും വേണ്ടിയില്ല, ജീവനോടെ നമ്മു?ടെ കുടുംബത്തിനടുത്തേക്ക് എത്താനാവുമല്ലോ.
റോഡില്‍ വണ്ടി നിര്‍ത്തിയിടുകയേ അരുത്
ദേശീയപാത 66-ലെ ആറുവരിപ്പാതകള്‍ അതിവേഗസഞ്ചാരത്തിനായി നിര്‍മിച്ചവയാണ്. ഇവിടെ വാഹനങ്ങള്‍ മണിക്കൂറില്‍ 80-നും 120-നും ഇടയിലുള്ള വേഗത്തില്‍ കുതിച്ചുപായുകയാണ്. ഈ സാഹചര്യത്തില്‍ യാതൊരു കാരണവശാലും റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ പാര്‍ക്കുചെയ്യുകയോ ചെയ്യരുത്. രാമനാട്ടുകരയില്‍ സംഭവിച്ച ദുരന്തം ഇതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ്.
ഉയര്‍ന്ന വേഗത്തില്‍വരുന്ന ഒരു വാഹനത്തിന്, പെട്ടെന്ന് മുന്നില്‍ ഒരു വാഹനം നിര്‍ത്തിയിട്ടാല്‍ പ്രതികരിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചെന്നുവരില്ല. ബ്രേക്ക് ചെയ്യുമ്പോഴേക്കും വലിയ ദുരന്തം സംഭവിച്ചേക്കാം. നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ സര്‍വീസ് റോഡിലേക്ക് കടക്കണം.
Content Highlights: Navigate the new Ramnathkara-Vengalam 6-lane highway safely. Learn about lane rules, speed limits, and crucial tips to avoid accidents. Drive smart!