സേവനവും തൊഴിലും ഒരുമിച്ച്; പഞ്ചായത്ത് ഓഫീസ് സമയം കഴിഞ്ഞാല്‍ ഗോപി ഓട്ടോ ഡ്രൈവറാണ്

റേഷന്‍കടയിലേക്ക് വീട്ടമ്മയുമായെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട ചിലര്‍ക്കെങ്കിലും കൗതുകം. കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാണ് കാക്കിയും അണിഞ്ഞ് ഓട്ടോറിക്ഷയുമായി ഓട്ടംവന്നത്. പ്രസിഡന്റായിക്കഴിഞ്ഞാല്‍ ആളും തരവുമൊക്കെ മാറുമെന്ന് കരുതിയവര്‍ക്കു തെറ്റി. താളിക്കുഴിയില്‍ ഗോപിക്ക് ഒരു മാറ്റവുമില്ല.
ഓഫീസ് സമയം കഴിഞ്ഞെത്തിയാല്‍ ഓട്ടോ എടുത്ത് പുറത്തിറങ്ങും. പ്രസിഡന്റിന്റെ ഗമയില്ലാതെ കാക്കിയണിഞ്ഞ് നിയമപ്രകാരം തന്നെയാണ് ഓട്ടോ ഓടിക്കുന്നത്. ഓഫീസ് സമയം സേവനത്തിനുള്ളതാണ്. ബാക്കിയുള്ള നേരങ്ങളില്‍ കുടുംബത്തിനു വേണ്ടിയും ജീവിക്കണമെന്ന ആഗ്രഹമാണുള്ളതെന്നാണ് ഗോപി പറയുന്നത്.
ഓട്ടോ ഓടിക്കല്‍ മാത്രമല്ല വര്‍ഷങ്ങളായി ചെയ്തുവരുന്ന റബ്ബര്‍ ടാപ്പിങ് തൊഴിലും ഗോപി ഉപേക്ഷിച്ചിട്ടില്ല. പ്രസിഡന്റ് പദവിയിലെത്തിയാല്‍ പുതിയ തൊഴിലാളിയെ കണ്ടത്തേണ്ടിവരുമെന്ന നിലയിലായിരുന്നു തോട്ടം ഉടമകള്‍. പ്രസിഡന്റ് പദവി എറ്റെടുത്ത തൊട്ടടുത്ത ദിവസംതന്നെ തോട്ടത്തിലെത്തി ജോലി തുടര്‍ന്നു.
ടാപ്പിങ് കഴിഞ്ഞാണ് ഗോപി പഞ്ചായത്ത് ഓഫീസിലെത്തുക. കൃത്യസമയത്ത് ഓഫീസിലെത്താനായി പുലര്‍െച്ച നാലിന് ടാപ്പിങ്ങിന് ഇറങ്ങും. ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്ടിലെത്തും. വിളിവന്നാല്‍ കാലവും നേരവും നോക്കാതെ ഓട്ടോയുമായിറങ്ങും. യാത്രക്കാരുടെ ചരക്കുകളും മറ്റും വാഹനത്തില്‍ കയറ്റിവെക്കാന്‍ സഹായിക്കുന്നതിനും മടിയില്ല.
സേവനവും തൊഴിലും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റ് കുടുംബകാര്യത്തിലും ശ്രദ്ധാലുവാണെന്ന് ഭാര്യ തങ്കം പറയുന്നു. തൊഴില്‍ തുടരുന്നതിനാല്‍ സാമ്പത്തികപ്രയാസവും കുടുംബത്തിനില്ല. ഗോപി മുസ്ലിംലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗ് ജില്ലാ ട്രഷററാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴത്തിലാണ് വിജയിച്ചത്. ആദ്യ വിജയത്തില്‍ത്തന്നെ പ്രസിഡന്റ് പദവിയിലുമെത്തി.
Content Highlights: Panchayath President Gopi Drives Auto After His Office Time
Content Highlights: