ബിഗ് ആന്‍ഡ് ബോള്‍ഡ് കോഡിയാക്; സ്‌കോഡയുടെ തലപ്പൊക്കമുള്ള രണ്ടാം തലമുറ എസ്‌യുവി | Video

സ്‌കോഡ ഇന്ത്യയുടെ വാഹനനിരയിലെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ കോഡിയാക്കിന്റെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്ട്‌ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 46.89 ലക്ഷം രൂപയും 48.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ കോഡിയാക്കിന്റെ ബുക്കിങ്ങ് സ്‌കോഡ സ്വീകരിച്ച് തുടങ്ങിയെങ്കിലും മെയ് രണ്ട് മുതലായിരിക്കും ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുക.
സ്‌കോഡയുടെ ഔറംഗബാദിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് കോഡിയാക് വിപണിയില്‍ എത്തുന്നത് (സികെഡി റൂട്ട്). ഡിസൈനില്‍ വരുത്തിയ അഴിച്ചുപണിയും ഫീച്ചറുകളില്‍ നല്‍കിയിട്ടുള്ള അപ്‌ഡേഷനുകള്‍ക്കുമൊപ്പം കരുത്തും ഉയര്‍ത്തിയാണ് കോഡിയാക്കിന്റെ രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം എസ്‌യുവി ശ്രേണിയില്‍ എത്തുന്ന ഈ വാഹനം ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ആര്‍-ലൈന്‍, ജീപ്പ് മെറിഡിയന്‍, നിസാന്‍ എക്‌സ്-ട്രെയില്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.
ഡിസൈനിലെ അഴിച്ചുപണി
മസ്‌കുലര്‍ എസ്‌യുവിയില്‍ നിന്ന് ക്യൂട്ട് എസ്‌യുവിയിലേക്കുള്ള മാറ്റം എന്നുവേണം ഈ തലമുറമാറ്റത്തെ വിശേഷിപ്പിക്കാന്‍. ഗ്രില്ലില്‍ തുടങ്ങി പിന്നിലെ ബംബറില്‍ വരെ നീളുന്ന മാറ്റങ്ങള്‍ എണ്ണിയെടുക്കാം. കോഡിയാക്കില്‍ മാട്രിക്‌സ് ഹെഡ്‌ലാമ്പ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ചെറിയൊരു നിരാശയുണ്ടായേക്കും. കാരണം ഇതില്‍ ക്രിസ്റ്റല്‍ എല്‍ഇഡി ടെക്‌നോളജി ഹെഡ്‌ലൈറ്റാണ് നല്‍കിയിരിക്കുന്നത്. മാട്രിക്‌സ് അടുത്ത മുഖംമിനുക്കല്‍ നല്‍കാമെന്നാണ് സ്‌കോഡയുടെ ഉറപ്പ്. സ്‌കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല് തന്നെയാണ് നല്‍കിയിരിക്കുന്നതെങ്കിലും ഇതില്‍നിന്ന് ക്രോമിയം പൂര്‍ണമായും നീക്കുന്നതിനൊപ്പം ഇല്ലുമിനേറ്റിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന മാറ്റങ്ങളൊന്നും ബംബറില്‍ വരുത്തിയിട്ടില്ല. ബോണറ്റിന്റെ ഡിസൈനില്‍ മാറ്റമുണ്ട്. 18 ഇഞ്ച് അലോയി വീലാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. എന്നാല്‍, എല്‍കെ വേരിയന്റിലേത് ആദ്യകാഴ്ചയില്‍ ഇലക്ട്രിക് വാഹനങ്ങളിലെ അലോയി വീലുകള്‍ പോലെ തോന്നിക്കും. സ്‌പോര്‍ട്ട് ലൈനിലേത് കൂടുതല്‍ ആകര്‍ഷകമാണ്. റിയര്‍വ്യൂ മിറന്‍ പില്ലറില്‍ നിന്ന് ഡോറിലേക്ക് പറിച്ചുനട്ടിട്ടുണ്ട്. ഡിസൈനിലും കാര്യമായ മാറ്റം പ്രകടമാണ്. ഡോറുകളില്‍ ഷോള്‍ഡര്‍ ലൈന്‍, ബെല്‍റ്റ് ലൈന്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഡി പില്ലറില്‍ നല്‍കിയിട്ടുള്ള ഡാര്‍ക്ക് ക്രോം ഇന്‍സേര്‍ട്ട് വാഹനത്തിന് വശങ്ങളില്‍ നിന്ന് എസ്‌യുവി ഭാവം നല്‍കുന്നുണ്ടെന്ന് വ്യക്തം.
ആദ്യതലമുറയിലേതില്‍ നിന്ന് വലിയ മാറ്റങ്ങളാണ് പുതിയ കോഡിയാക്കിന്റെ റിയര്‍ പ്രൊഫൈലില്‍ വരുത്തിയിട്ടുള്ളത്. സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പാണ് ഇതില്‍ പ്രധാനം. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ലൈറ്റ് സ്ട്രിപ്പ് പുതുതലമുറ വാഹനങ്ങളുടെ ഡിസൈന്‍ സവിശേഷതയാണ്. സ്‌കോഡയെന്ന ഏഴുത്താണ് ഹാച്ച്‌ഡോറില്‍ നല്‍കിയിട്ടുള്ളത്. കോഡിയാക് ബാഡ്ജിങ് താരതമ്യേന ചെറുതാണ്. വണ്‍ടച്ചിലോ കാലുകള്‍ വീശിയോ തുറക്കാന്‍ സാധിക്കുന്ന ഡോറാണ് പിന്നിലേത്. വണ്‍ ടച്ചില്‍തന്നെ ഇത് അടയ്ക്കാനും സാധിക്കും. സെന്‍സറുകള്‍ നല്‍കി ഇരട്ടനിറങ്ങളില്‍ ഒരുങ്ങിയിട്ടുള്ള ബംബറും പിന്‍ഭാഗത്തെ ഡിസൈന്‍ മികവിന് മുതല്‍കൂട്ടാണ്.
ആഡംബര അകത്തളം
ആദ്യതലമുറയില്‍ തന്നെ ആഡംബരത്തിന്റെ കാര്യത്തില്‍ പിന്നിലായിരുന്നില്ല കോഡിയാക്. രണ്ടാം തലമുറയില്‍ കാലഘട്ടത്തിന് ഇണങ്ങുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ടെന്ന് മാത്രം. പ്രകൃതിസൗഹാര്‍ദമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതെന്നതും പ്രത്യേകതയാണ്. ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ പോലും ഒരു പ്രീമിയം വാഹനത്തിന്റെ ഭാവങ്ങള്‍ കാണാനാകും. എക്‌സ് പാറ്റേണില്‍ നല്‍കിയിട്ടുള്ള ആംബിയന്റ് ലൈറ്റിങ്ങും ബ്രൗണ്‍ നിറത്തില്‍ നല്‍കിയിട്ടുള്ള ലെതര്‍ ആവരണവും വുഡന്‍ പാനലിങ്ങുമാണ് ഡാഷ്ബാര്‍ഡിലെ പ്രധാന ആകര്‍ഷണം.
ഫീച്ചറുകളിലും ഒന്നും പിന്നിലല്ല രണ്ടാം തലമുറ കോഡിയാക്. 12.9 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കോഡിയാക്കിലുള്ളത്. 10.1 ഇഞ്ച് വലിപ്പത്തിലെ വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്റീരിയറിലെ സവിശേഷതയാണ്. സ്റ്റിയറിങ് കോളത്തിലേക്ക് സ്ഥാനമുറപ്പിച്ച ഫിഷ്റ്റ് സെലക്ടര്‍, പില ഫങ്ഷനുകള്‍ സാധ്യമാകുന്ന സ്വിച്ച് ഗിയറുകള്‍ തുടങ്ങിയ വിവിധ ഓപ്ഷനുകള്‍ ഉറപ്പാക്കുന്ന ടൂ സ്‌പോക്ക് സ്റ്ററിയറിങ് വീലാണ് കോഡിയാക്കില്‍ നല്‍കിയിരിക്കുന്നത്. ഒരു ഡയലില്‍ ഒന്നിലധികം ഫങ്ഷനുകള്‍ ഉറപ്പാക്കുന്ന സ്മാര്‍ട്ട് ഡയല്‍ സംവിധാനമാണ് കോഡിയാക്കില്‍ വരുത്തിയിട്ടുള്ള മറ്റൊരു സാങ്കേതിക മികവ്.
പ്രീമിയം എസ്‌യുവി ശ്രേണിയില്‍ വരുന്ന വാഹനമായതിനാല്‍ തന്നെ സീറ്റുകള്‍ക്കും അത് നല്‍കുന്ന സൗകര്യങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ഇത് തിരച്ചറിഞ്ഞാണ് സ്‌കോഡ കോഡിയാക്കിലെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് നിരകളിലായി ആറ്-ഏഴുപേര്‍ക്ക് യാത്ര ചെയ്യാം. മുന്നിലെ രണ്ട് സീറ്റുകളിലും മസാജ്, വെന്റിലേറ്റഡ് സംവിധാനങ്ങളുണ്ട്. ഡ്രൈവര്‍ സീറ്റില്‍ മെമ്മറി ഫങ്ഷനും ഉള്‍പ്പെടുത്തിട്ടുണ്ട്. അല്‍പ്പം താഴ്ന്നാണ് രണ്ടാം നിരയിലെ സീറ്റുകള്‍. രണ്ടുപേര്‍ക്ക് വിശാലമായി ഇരിക്കാം. മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളില്‍ ഒന്ന് രണ്ടാം നിരയിലേക്കാണ്. ആംറെസ്റ്റ് മൂന്ന് പേര്‍ക്കുള്ള ഹെഡ്‌റെസ്റ്റ് എല്ലാം രണ്ടാം നിരയിലുണ്ട്. മൂന്നാം നിര സീറ്റ് കുട്ടികള്‍ക്കുള്ളതാണ്. ഇത് ഉപയോഗിക്കുന്നില്ലെങ്കില്‍ 600 ലിറ്ററില്‍ അധികം ബൂട്ട് സ്‌പേസാക്കി മാറ്റാനാകും.
സുരക്ഷയില്‍ മിടുക്കനാണ്, പക്ഷെ...
സുരക്ഷ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലാത്ത വാഹനമാണ് കോഡിയാക്. ഒമ്പത് എയര്‍ബാഗ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റെയില്‍ ബ്രേക്കിങ് സപ്പോര്‍ട്ട്, മള്‍ട്ടി കോളീഷന്‍ ബ്രേക്കിങ്, അഡ്വാന്‍സ് ഡ്രൈവര്‍ അറ്റന്‍ഷന്‍ ആന്‍ഡ് ഡ്രൗസിനെസ് മോണിറ്റര്‍ എന്നിങ്ങനെ തുടങ്ങി എബിഎസ്, ഇബിഡി വരെ നീളുന്ന നിരവധി സുരക്ഷ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്. പക്ഷെ, പുതുതലമുറ വാഹനങ്ങളുടെ പ്രധാന സുരക്ഷ സംവിധാനമായ അഡാസ് കോഡിയാക്കില്‍ നല്‍കിയിട്ടില്ല. സ്‌കോഡ വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ റോഡ് കണ്ടീഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിര്‍മാതാക്കള്‍ നല്‍കുന്ന വിശദീകരണം. മാട്രിക്‌സ് ഹെഡ്‌ലാമ്പ് പോലെ തന്നെ അഡാസ് ഫീച്ചര്‍ നല്‍കുന്നതും സ്‌കോഡ അവധിക്ക് വെച്ചിരിക്കുകയാണ്.
പഴയ എന്‍ജിന്‍, പുതിയ കരുത്ത്
സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ വാഹന നിര്‍മാതാക്കളുയെ കരുത്തുറ്റ മോഡലുകളുടെ ഹൃദയം 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ്. കോഡിയാക്കിന്റെ മുന്‍തലമുറയിലും ഈ തലമുറയിലും ഈ എന്‍ജിന്‍ തന്നെയാണ് കരുത്തേകുന്നത്. എന്നാല്‍, രണ്ടാം തലമുറയില്‍ ഈ എന്‍ജില്‍ 204 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതായത് മുന്‍തലമുറ മോഡലിനെ അപേക്ഷിച്ച് 14 പിഎസ് പവര്‍ പുതിയ മോഡല്‍ അധികം ഉത്പാദിപ്പിക്കുന്നുണ്ട്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആണ് ട്രാന്‍സ്മിഷന്‍. 4x4 സംവിധാനവും കരുത്തിന് മുതല്‍കൂട്ടാണ്. ഏത് എതിരാളിയെയും ഞെട്ടിക്കുന്ന മൈലേജാണ് കോഡിയാക്കിന്റെ മറ്റൊരു ഹൈലൈറ്റ്. 14.86 കിലോമീറ്ററാണ് ഇന്ധനക്ഷമത.
അഴകളവുകള്‍
കണ്ടു മനസിലാക്കാവുന്ന മാറ്റങ്ങള്‍ക്കപ്പുറം വേറെയും ചില മാറ്റങ്ങള്‍ രണ്ടാം തലമുറ കോഡിയാക്കുകളിലുണ്ട്. 4758 എംഎം ആണ് രണ്ടാം തലമുറ കോഡിയാക്കിന്റെ നീളം. മുന്‍തലമുറ മോഡലിനെക്കാള്‍ 59 എംഎം വലുതായിട്ടുണ്ടെന്ന് സാരം. എന്നാല്‍, വീല്‍ബേസില്‍ മാറ്റമില്ല. ഇത് 2791 എംഎം ആയി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. 1864 എംഎം വീതി, 1679 എംഎം ഉയരം എന്നിവയും കോഡിയാക്കില്‍ നല്‍കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സില്‍ അല്‍പ്പനം പിന്നിലാണ് കോഡിയാക്ക്. 155 എംഎം ആയി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. 281 ലിറ്ററില്‍ തുടങ്ങി 1976 ലിറ്റര്‍ വരെ ഉയര്‍ത്താവുന്ന ബൂട്ട് സ്‌പേസും കോഡിയാക്ക് നല്‍കുന്നുണ്ട്.
Content Highlights: New Skoda Kodiaq launched in India- Check out features- price-design and more