ഒന്നും രണ്ടുമല്ല, ഈ മുറ്റത്ത് നിറഞ്ഞ് കിടക്കുകയാണ് മിറ്റ്സുബിഷിയുടെ പജേറോ എന്ന ഹീറോകള്‍

പടക്കുതിരയാണിവന്‍, വാഹനലോകത്ത്. അതിനാല്‍ പജീറോ നീ മാത്രമാണെന്റെ ഹീറോ...പജീറോ എന്ന ജാപ്പനീസ് വാഹനത്തെ അത്യധികം ഇഷ്ടപ്പെടുന്ന ഒരാള്‍. 12 വര്‍ഷമായി ഈ എസ്.യു.വി.മോഡലിനെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നത് ചിറക്കടവ് ഈട്ടിക്കമുറിയില്‍ ജി.ഹരിലാല്‍. 2012-ല്‍ ആദ്യ പജീറോ വാങ്ങിയ ഹരിലാല്‍ ഇതുവരെ 50-ലേറെ എണ്ണം ആള്‍ക്കാരിലെത്തിച്ചയാള്‍ കൂടിയാണ്.
ഇക്കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയാണ് ഏറ്റവുമധികം പജീറോ സുഹൃത്തുക്കള്‍ക്കിടയിലേക്ക് ഇദ്ദേഹം എത്തിച്ചത്. മിറ്റ്സുബിഷിയുടെ എസ്.എഫ്.എക്സ് മോഡലാണ് ഇഷ്ടയിനം. ഇന്ത്യയില്‍ ഇപ്പോള്‍ മിറ്റ്സുബിഷി ഈ വാഹനം ഇറക്കുന്നില്ലെങ്കിലും വാഹനപ്രേമികള്‍ക്കിടയില്‍ ഇവനുള്ള സ്ഥാനം മോഹിപ്പിക്കുന്നതാണെന്ന പക്ഷക്കാരനാണ് ഹരിലാല്‍. ലിയോപാര്‍ഡസ് പജേറോ എന്ന അതിവേഗം പായുന്ന കാട്ടുപൂച്ചയുടെ പേരില്‍നിന്നാണ് വാഹനത്തിന് ഈ പേര് കമ്പനി സ്വീകരിച്ചത്.
ചലച്ചിത്രതാരം മോഹന്‍ലാലിന് പജീറോയോടുള്ള ഇഷ്ടമറിഞ്ഞാണ് ഹരിലാല്‍ ഈ വാഹനത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചുതുടങ്ങിയത്. അങ്ങനെ സ്വന്തം ഉപയോഗത്തിനായി വാങ്ങിയതോടെ ഹരമായി മാറി. യൂസ്ഡ് കാര്‍ വില്പന എന്ന ബിസിനസിനുപരി പജീറോ ക്ലബ്ബിലൂടെ ഈ വാഹനത്തിനോടുള്ള ഇഷ്ടമാണ് ഈ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നത്. ലാഭമുണ്ടാക്കാനാണെങ്കില്‍ മറ്റ് വാഹനങ്ങള്‍ എടുത്തുവില്‍ക്കാം. അതിനേക്കാള്‍ ഹരം പജീറോയെ ഇഷ്ടപ്പെടുന്നവരെ കണ്ടെത്തി കേരളത്തിലെ നിരത്തില്‍ ആ വാഹനം നിലനിര്‍ത്തുകയെന്നതാണ്. എപ്പോഴും ഹരിയുടെ വീട്ടുമുറ്റത്ത് രാജകീയ പരിവേഷത്തോടെ രണ്ടോ, മൂന്നോ പജീറോ ഉണ്ടാകും.
മറ്റ് കാറുകളുടെയത്ര യാത്രാസുഖം പകരുന്നതല്ല പജീറോ. വൈബ്രേഷന്‍ കൂടുതലാണ്. അതിന് പരിഹാരമായി മാറ്റം വരുത്തുന്ന വര്‍ക്ക്ഷോപ്പുകാരെ കണ്ടെത്തി ആള്‍ട്ടറേഷന്‍ നടത്തി യാത്രാസുഖം ഉറപ്പാക്കുന്നതിനും ഹരിലാല്‍ ശ്രദ്ധിക്കുന്നുണ്ട്. ഹരിയുടെ വാഹനപ്രേമം അറിയുന്നവര്‍ പജീറോയ്ക്കായി ബന്ധപ്പെടും. ഇതിനൊന്നും പരസ്യം വേണ്ടിവരാറില്ല.
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ള ഹരിലാല്‍ വാഹനപ്രേമം സൂക്ഷിക്കുന്നയാളാണ്. നീലാംബരി എന്ന സ്വകാര്യബസ് സര്‍വീസും ടൂറിസ്റ്റ് ബസ് സര്‍വീസുമായി എട്ട് ബസ് സ്വന്തമായുള്ള യുവസംരംഭകന്‍ കൂടിയാണ് ഹരിലാല്‍. ബി.ജെ.പി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിയായ ഇദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തും സജീവമാണ്.
Content Highlights: Kerala Man passionate about keeping the Mitsubishi Pajero spirit alive in Kerala.