യുഎഇയിലെത്തി സൂപ്പര്‍വൈസറായി; വളയംപിടിക്കാന്‍ മോഹിച്ചു, ജിന്‍ഷി ഇനി ഡ്രൈവിങ് സീറ്റില്‍

'ജീവിതത്തില്‍ ധൈര്യമായി മുന്നോട്ടുപോവുക, മറികടക്കാന്‍ കഴിയാത്ത പ്രതിസന്ധികളൊന്നുമില്ല' ഇത് ദുബായ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് കമ്പനിയില്‍ ബസ് ഡ്രൈവറായി ജോലിചെയ്യുന്ന കാസര്‍കോട് കരിവേടകം സ്വദേശിനി ജിന്‍ഷി ഗോപി യുടെ വാക്കുകള്‍. യു.എ.ഇ.ഹെവി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ 39-കാരിയായ ജിന്‍ഷി കഴിഞ്ഞ വനിതാ ദിനത്തിലാണ് സ്വപ്നങ്ങളുടെ വളയം തിരിച്ചുതുടങ്ങിയത്.
2016-ലാണ് ജിന്‍ഷി യു.എ.ഇ.യില്‍ തൊഴില്‍തേടിയെത്തുന്നത്. ഷാര്‍ജ ജെംസ് മോഡേണ്‍ അക്കാദമിയില്‍ സ്‌കൂള്‍ ബസ് സൂപ്പര്‍വൈസറായാണ് തുടക്കം. സ്‌കൂള്‍ബസിലെ സ്ഥിരംയാത്ര, ബസ്സോടിക്കണം എന്ന ആഗ്രഹത്തിലെത്തിച്ചു. ആഗ്രഹം സഹപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ വലിയ പിന്തുണയും പ്രോത്സാഹനവുമായി. ജോലിയെ ബാധിക്കാത്തവിധം ഡ്രൈവിങ് പഠനത്തിന് സമയംകണ്ടെത്തി. രാത്രികാല ക്ലാസുകളായിരുന്നു തിരഞ്ഞെടുത്തത്.
ചെറുപ്പംമുതല്‍ വാഹനങ്ങളോടുള്ള പ്രത്യേകഇഷ്ടം പഠനം കൂടുതല്‍ എളുപ്പമാക്കി. ആറുവര്‍ഷത്തെ സൂപ്പര്‍വൈസര്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ യു.എ.ഇ.ഡ്രൈവിങ് ലൈസന്‍സ് നേടിയെടുത്തു. ഇപ്പോള്‍ അതേ സ്‌കൂളിലെ ബസ് ഡ്രൈവറായി അഭിമാനത്തോടെ ജോലി ചെയ്യുകയാണിവര്‍. ആത്മവിശ്വാസമുണ്ടെങ്കില്‍ നേടിയെടുക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങളൊന്നുമില്ല. രാവിലെ അഞ്ചുമണിക്ക് സ്‌കൂളിലെത്തി ജോലിതുടങ്ങും.
പരീക്ഷകളും മറ്റുമായി ചിലദിവസങ്ങളില്‍ മൂന്നുട്രിപ്പുകള്‍വരെ പോകേണ്ടിവരും. കുട്ടികളുടെ കൂടെ യാത്രചെയ്യുന്നത് രസകരമാണ്. കുട്ടികള്‍ ഡ്രൈവറാന്റി എന്നാണ് വിളിക്കുന്നത്. കുറെക്കാലം സൂപ്പര്‍വൈസറുടെ രൂപത്തില്‍ കണ്ടയാളെ ഡ്രൈവര്‍വേഷത്തില്‍ കണ്ടപ്പോള്‍ അവര്‍ക്ക് വലിയ കൗതുകമായിരുന്നുവെന്ന് ജിന്‍ഷി പറയുന്നു.
സൂപ്പര്‍വൈസറില്‍നിന്ന് ഡ്രൈവറിലേക്കുള്ള ഈ പത്താംക്ലാസുകാരിയുടെ വളര്‍ച്ച സന്തോഷത്തോടെയും ആശ്ചര്യത്തോടെയുമാണ് സഹപ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും നോക്കിക്കാണുന്നത്. സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഇവര്‍ നടത്തിയ കഠിനശ്രമവും ആത്മവിശ്വാസവും എല്ലാവര്‍ക്കും മാതൃകയാണ്.
Content Highlights: Kasaragod native lady become school bus driver in UAE, School Bus Driver