55 വര്‍ഷം പഴക്കമുള്ള സ്‌കൂട്ടറില്‍ ഉലകംചുറ്റി ഇലാരിയോ മൂന്നാറില്‍; ഓടിയത്‌ 1.9 ലക്ഷം കിലോമീറ്റര്‍

സ്‌കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ സഞ്ചാരി ഇലാരിയോ വെസ്പാന്‍ഡ മൂന്നാറിലെത്തിയപ്പോള്‍, സഞ്ചരിച്ച പ്രധാനരാജ്യങ്ങള്‍ സ്‌കൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സ്‌കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ സഞ്ചാരി ഇലാരിയോ വെസ്പാന്‍ഡ മൂന്നാറിലെത്തിയപ്പോള്‍, സഞ്ചരിച്ച പ്രധാനരാജ്യങ്ങള്‍ സ്‌കൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ആറു വര്‍ഷമായി സ്‌കൂട്ടറില്‍ ലോകം ചുറ്റുന്ന ഇലാരിയോ വെസ്പാന്‍ഡ മൂന്നാറിലെത്തി. ഇറ്റലിയിലെ മിലാന്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നാറിലെത്തിയത്. മുപ്പത്തിമൂന്നുകാരനായ ഇദ്ദേഹം 2017-ലാണ് സ്വന്തം നാട്ടില്‍നിന്ന് തന്റെ 1968 മോഡല്‍ ഇറ്റാലിയന്‍ വെസ്പ സ്‌കൂട്ടറില്‍ യാത്രയാരംഭിച്ചത്. ആറു വര്‍ഷത്തെ യാത്രയ്ക്ക് ശേഷം 1.9 ലക്ഷം കിലോ മീറ്റര്‍ യാത്ര ചെയ്താണ് ഇന്ത്യയിലെത്തിയത്.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ, പോളണ്ട് തുടങ്ങി ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചതിനു ശേഷം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തി. തുടര്‍ച്ചയായി യാത്രചെയ്ത് ആഫ്രിക്കയിലെ 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പിന്നീട് ഏഷ്യയിലെത്തിയ ഇദ്ദേഹം ഇസ്രയേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഏതാണ്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നീട് ബംഗ്ലാദേശും പാക്കിസ്ഥാനും സന്ദര്‍ശിച്ച ശേഷം മൂന്നു മാസം മുന്‍പ് വാഗ അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലെത്തിയത്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, െബംഗളൂര്‍ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു. ബുധനാഴ്ചയാണ് ഇദ്ദേഹം തമിഴ്‌നാട്ടിലെ ഉടുമല്‍പേട്ട ചിന്നാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലെത്തിയത്. ഇറ്റലിയില്‍ സ്വന്തമായി ടൂറിസ്റ്റ് കോട്ടേജ് നടത്തുന്ന ഇദ്ദേഹം തന്റെ പത്തു വര്‍ഷത്തെ സമ്പാദ്യം സ്വരൂപിച്ചാണ് 2017-ല്‍ ലോകസഞ്ചാരത്തിനിറങ്ങിയത്. അവിവാഹിതനായ ഇലാരിയോ തന്റെ ഭാര്യയും കാമുകിയുമെല്ലാം സന്തതസഹചാരിയായ വെസ്പ സ്‌കൂട്ടറാണെന്നാണ് പറയുന്നത്.

55 വര്‍ഷം പഴക്കമുള്ള സ്‌കൂട്ടര്‍ യാത്രയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. മറ്റു സംസ്ഥാനങ്ങളിലെ കനത്ത ചൂടില്‍ നിന്നും മൂന്നാറിലെത്തിയപ്പോള്‍ സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതിയാണെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ വ്യക്തമായി മനസ്സിലാക്കി വളരെ സാവധാനത്തിലാണ് ഇദ്ദേഹത്തിന്റെ യാത്ര. ചെലവ് കുറഞ്ഞ താമസസ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇതുവരെ നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി ഇദ്ദേഹം പറഞ്ഞു.

ഒന്നര മാസം കൂടി ഇന്ത്യയില്‍ ചെലവഴിച്ചശേഷം നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍ഡോനേഷ്യയില്‍ എത്താനാണ് പദ്ധതി. അവിടെനിന്ന് കപ്പല്‍ മാര്‍ഗം സ്‌കൂട്ടര്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കും. ഓസ്‌ട്രേലിയ സന്ദര്‍ശിച്ചശേഷം വീണ്ടും മറ്റൊരു കപ്പലില്‍ സ്‌കൂട്ടര്‍ വടക്കേ അമേരിക്കയിലെത്തിക്കും. നാലു വര്‍ഷം കൂടി തന്റെ യാത്ര തുടരുമെന്നും വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും പൂര്‍ണമായി സന്ദര്‍ശിച്ച ശേഷമായിരിക്കും സ്വന്തം രാജ്യമായ ഇറ്റലിയില്‍ തിരിച്ചെത്തുക എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Italian citizen travel across the world in 55 year old scooter, Reached in Munnar now