ലേബഴ്‌സ് ബസില്‍ നിന്ന് റോള്‍സ് റോയിസ് കാറിലേക്ക്; വെറൈറ്റിയാണ് ഇവരുടെ തൊഴിലാളി ദിനാഘോഷം

വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് കമ്പനിയിലെ തൊഴിലാളികള്‍ | ഫോട്ടോ: മാതൃഭൂമി
വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് കമ്പനിയിലെ തൊഴിലാളികള്‍ | ഫോട്ടോ: മാതൃഭൂമി

ലോക തൊഴിലാളിദിനത്തില്‍ രാജകീയവിരുന്ന് ലഭിച്ച സന്തോഷത്തിലാണ് യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിങ് കമ്പനിയിലെ തൊഴിലാളികള്‍. റോള്‍സ് റോയിസ് കാറില്‍ ദുബായ് ചുറ്റിസഞ്ചാരം, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിലൊന്നായ ബുര്‍ജ് അല്‍ അറബിലും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലും സന്ദര്‍ശനം. ദുബായിലെ പഞ്ചനക്ഷത്രഹോട്ടലില്‍ താമസം അങ്ങനെ ലോകതൊഴിലാളിദിനത്തോടനുബന്ധിച്ച് തങ്ങളുടെ തൊഴിലാളികള്‍ക്ക് രാജകീയ വിരുന്നൊരുക്കി കൈയടിനേടുകയാണ് വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിങ്.

തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളില്‍നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേര്‍ക്ക് 'എംപ്ലോയീ എക്സലന്‍സ്' അവാര്‍ഡ് നല്‍കിതോടൊപ്പമാണ്, രണ്ടുദിവസത്തെ ആഡംബരജീവിതം സമ്മാനിച്ചത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണത്തില്‍ പങ്കെടുത്ത ബംഗ്ലാദേശ് സ്വദേശികളായ മുഹമ്മദ് മിന്റോക്കും അബ്ദുല്‍ ബാഷറിനും ഇതൊരു സ്വപ്നസാഫല്യമാണ്. അവരുടെ കൈകള്‍ പതിഞ്ഞ ദുബായിലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍, ബുര്‍ജ് ഖലീഫയുടെ 124 ആം നിലയില്‍നിന്നും കണ്‍കുളിര്‍ക്കെ കണ്ടാസ്വദിച്ചു.

പലതവണ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദൂരെനിന്ന് കാണാറുള്ള ബുര്‍ജ് അല്‍ അറബിന്റെ ഉള്‍വശം ഒരു സ്വപ്നം കാണുന്നതുപോലെയാണ് ആസ്വദിച്ചത് എന്ന് തമിഴ്നാട് സ്വദേശിയായ കുപ്പുസ്വാമി പറഞ്ഞു. താന്‍ സ്ഥിരമായി ലേബേഴ്സ് ബസിലിരുന്ന് യാത്രചെയ്യുന്ന ദുബായിലെ റോഡിലൂടെ റോള്‍സ് റോയിസ് കാറിലിരുന്ന് സഞ്ചരിച്ച സന്തോഷത്തിലും ആവേശത്തിലുമാണ് പാകിസ്താന്‍ സ്വദേശിയായ ഇമ്രാന്‍ഖാന്‍. തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാന്‍ കഴിയില്ല എന്ന് കരുതിയ പലതും, നേരിട്ട് ആസ്വദിക്കാന്‍ പറ്റിയ സന്തോഷ നിമിഷത്തെക്കുറിച്ചു പറയുമ്പോള്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അശോക് കുമാറിന്റെയും രാംഭിലാഷ് ചൗഹാന്റെയും കണ്ണുകള്‍ നിറഞ്ഞു.

'നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ നാട്ടിലെ അടിസ്ഥാനസൗകര്യങ്ങള്‍, ഈ തൊഴിലാളികള്‍ ഒഴുക്കിയ വിയര്‍പ്പിന്റെ പ്രതിഫലമാണ്. അതിനു നമ്മള്‍ അവരോടു എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, അതുകൊണ്ടുതന്നെയാണ് ഈ അന്താരാഷ്ട്ര തൊഴിലാളിദിനത്തില്‍ അവര്‍ക്കുവേണ്ടി ഈ ഒരു വലിയ സര്‍പ്രൈസ് ഒരുക്കിയത്' -വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ നിഷാദ് ഹുസ്സൈന്‍ വ്യക്തമാക്കി. മുന്‍പ് തൊഴിലാളിബസുകളില്‍ സൗജന്യ വൈഫൈയും, ടെലിവിഷന്‍ സ്‌ക്രീനുകളും സ്ഥാപിച്ച് പ്രശസ്തമായ വേള്‍ഡ് സ്റ്റാര്‍, തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആസൂത്രണംചെയ്തിട്ടുള്ളത്. 

രാജ്യത്തെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങളില്‍ വേള്‍ഡ് സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കാളികളാണ്. ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ദുബൈ മെട്രോ, ദുബായ് ഫ്രെയിം, ഫ്യൂച്ചര്‍ മ്യൂസിയം തുടങ്ങിയവയുടെയെല്ലാം നിര്‍മാണപ്രവൃത്തികളില്‍ വേള്‍ഡ് സ്റ്റാറിന്റെ തൊഴിലാളികള്‍ സജീവമായിരുന്നു. നിലവില്‍ ഇത്തിഹാദ് റെയിലിനുവേണ്ടി ആയിരക്കണക്കിന് തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നുണ്ട്.

തങ്ങള്‍ക്കുവേണ്ടി ജോലിചെയ്യുന്ന തൊഴിലാളികളെ സന്തോഷിപ്പിക്കുന്നതിലൂടെ ഉത്പാദനക്ഷമത കൂട്ടാന്‍ സാധിക്കുന്നുണ്ടെന്ന്, മാനേജിങ് ഡയറക്ടര്‍ ഹസീന നിഷാദ് പറഞ്ഞു. ഷാര്‍ജ സജ്ജയിലെ ലേബര്‍ ക്യാമ്പ് ഓഫീസ് പരിസരത്തുവെച്ചു നടന്ന തൊഴിലാളി അനുമോദനച്ചടങ്ങിലും അവാര്‍ഡ് ദാനത്തിലും നൂറുകണക്കിന് തൊഴിലാളികള്‍ക്കൊപ്പം കമ്പനി പ്രതിനിധികളും പങ്കെടുത്തു. തുടര്‍ന്നാണ് അവാര്‍ഡ് ലഭിച്ച എട്ടുതൊഴിലാളികളുടെ ആഡംബരയാത്ര ആരംഭിച്ചത്.

Content Highlights: international workers day celebrations, rolls royce Car, luxury car journey