ചായ കുടിച്ചാലോയെന്ന് ആലോചിച്ചു, പിന്നെ സംഭവിച്ചത്; 'മൈക്രോ സ്ലീപ്' പ്രതിഭാസം അത്ര നിസ്സാരമല്ല

Representational Image | AI Generated Image
Representational Image | AI Generated Image

ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ സമീപകാലത്തായി നിത്യസംഭവമാണ്. കെഎസ്ആര്‍ടിസി ബസിലേക്ക് എസ്‌യുവി ഇടിച്ചുകയറി രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. രാത്രികാല ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പും ബോധവത്കരണങ്ങളും നിരന്തരമായി തന്നെ മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി നല്‍കുന്നുണ്ട്.

ഉറക്കമെന്ന വില്ലനെ കുറിച്ച് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും അപകടത്തിന് വഴിവെക്കുന്ന മൈക്രോ സ്ലീപ്പ് എന്ന പ്രതിഭാസത്തെ കുറിച്ചും, തനിക്കുണ്ടായ അനുഭവത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വൈശാഖന്‍ തമ്പി. ഒന്നോ രണ്ടോ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതും, എന്നാല്‍ അങ്ങേയറ്റം അപകടകരമായകുമായി അവസ്ഥയാണിതെന്നാണ് അദ്ദേഹത്തിന്റെ അനുഭവത്തെ ഉദ്ധരിച്ച് വിശദീകരിക്കുന്നത്. 

വൈശാഖന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ.....

എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളില്‍ ഒന്ന് ഒരു കാറപകടമായിരുന്നു!

എന്റെ ഓര്‍മയില്‍ രണ്ട് തവണയേ ഞാന്‍ വാഹനമോടിക്കുന്നതിനിടെ അപകടത്തില്‍ പെട്ടിട്ടുള്ളൂ. ഒന്ന്, മൂന്ന് കൊല്ലം മുന്‍പ് ഉറ്റ സ്‌നേഹിതനൊരാളുടെ അപ്രതീക്ഷിത മരണം നടന്ന ദിവസം, ബൈക്കോടിക്കുമ്പോള്‍ ചെറിയൊരു മിസ്സ് സംഭവിച്ച് ഒന്ന് വീണതാണ്. ശ്രദ്ധ പതറിപ്പോയതാണ്, പരിക്കുകളൊന്നും ഉണ്ടായില്ല.

അതിന് മുന്നേ ഞാനൊരു സൈക്കിളില്‍ നിന്നുപോലും വീണിട്ടില്ല. റോഡില്‍ യാതൊരുവിധ റിസ്‌ക്കും എടുക്കാത്ത, പരമാവധി ശ്രദ്ധ കാണിക്കുന്നയാളാണ് എന്നൊരു അഹങ്കാരം ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. അതിന് മങ്ങലേല്‍പ്പിച്ച സംഭവാണ് ആദ്യം പറഞ്ഞ കാറപകടം. അതിനെ ഭാഗ്യം എന്ന് വിളിച്ചത്, എനിക്കോ മറ്റാര്‍ക്കെങ്കിലുമോ പരിക്കുകളൊന്നും ഏല്‍പ്പിക്കാതെ വലിയൊരു പാഠം അതെന്നെ പഠിപ്പിച്ചതുകൊണ്ടാണ്. അത് നടന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെയോ മറ്റുള്ളവരുടേയോ ജീവനും ആരോഗ്യത്തിനും ഹാനികരമാകാവുന്ന മറ്റൊരു അപകടം ഭാവിയില്‍ നടക്കാനുള്ള സാധ്യത അവിടെ തുറന്നുതന്നെ കിടന്നേനെ.

പറഞ്ഞുവരുന്നത്, ഡ്രൈവിങ്ങിനിടെയുള്ള ഉറക്കത്തെക്കുറിച്ചാണ്. കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേയ്ക്ക് ഡ്രൈവ് ചെയ്ത് പോകവേ, കൊട്ടാരക്കര വെച്ച് എന്റെ വണ്ടി റോഡില്‍ നിന്ന് ഓടിമാറി സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വണ്ടിയേയും ഇടിച്ച് തെറിപ്പിച്ച് ഒരു മതിലില്‍ ചെന്ന് ഇടിച്ച് നിന്നു! എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ തന്നെ സമയമെടുത്തു. പറയുമ്പോള്‍, ഞാന്‍ ഉറങ്ങിപ്പോയതാണ്. പക്ഷേ ഇത്തരം സാഹചര്യം പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ഉറക്കം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. നമ്മള്‍ പൊതുവേ കരുതുന്നത് പോലെ ഒരു ഉറക്കമല്ല അത്. മൈക്രോസ്ലീപ്പ് ആണ്, ഒന്നോ രണ്ടോ സെക്കന്‍ഡ് പോലും ഉണ്ടാവില്ല. കൊട്ടാരക്കര ഇന്‍ഡ്യന്‍ കോഫീ ഹൗസും ഹോട്ടല്‍ ആര്യാസും കണ്ടതും, ഒരു ചായ കുടിച്ചാലോ എന്ന് ചിന്തിച്ചത് എനിക്കോര്‍മയുണ്ട്. ആള്‍ത്തിരക്ക് കണ്ട്, ജംഗ്ഷന്‍ കഴിഞ്ഞ് ഏതെങ്കിലും പെട്ടിക്കടയില്‍ നിന്ന് കുടിയ്ക്കാം എന്ന് തീരുമാനിച്ചതും ഓര്‍മയുണ്ട്. 

പിന്നെ എനിക്ക് ഓര്‍മയുള്ളത് ഒരു വലിയ ശബ്ദമാണ്, വണ്ടിയുടെ ആറ് എയര്‍ബാഗുകളും ഡിപ്ലോയ് ആയി ചുറ്റും വെള്ളനിറം മാത്രം. വണ്ടിയുടെ ഡാഷില്‍ നിന്ന് വല്ലാത്ത ഗന്ധമുള്ള ഒരു പുകയും ഉയരുന്നുണ്ട്. ഒന്നും അറിയാന്‍ മാര്‍ഗമില്ല. പത്ത് സെക്കന്‍ഡെങ്കിലും എടുത്തുകാണും ഞാനൊരു ആക്‌സിഡന്റില്‍ പെട്ടിരിക്കുകയാണെന്ന് തിരിച്ചറിയാന്‍. ആരൊക്കെയോ ഓടിക്കൂടി ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നത് എനിക്ക് മനസ്സിലായി. ഞാന്‍ സ്വയം ഒന്ന് പരിശോധിച്ചു, ഒന്നും പറ്റിയിട്ടില്ല. ഞാന്‍ പൂര്‍ണമായും ഓക്കേയാണ്. കൈത്തണ്ട സ്റ്റിയറിങ് വീലിലോ മറ്റോ ഉരഞ്ഞ് അല്പം തൊലി പോയിട്ടുണ്ട്, വേറൊരു കുഴപ്പവുമില്ല. പക്ഷേ എന്റെ ഏറ്റവും വലിയ പേടി, ചുറ്റുമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നതാണ്. ഞാന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി നിന്നു. ചുറ്റും വലിയൊരു ആള്‍ക്കൂട്ടമുണ്ട്. വണ്ടിയില്‍ എത്രപേരുണ്ട് എന്നും എനിക്കെന്തെങ്കിലും പറ്റിയോ എന്നുമൊക്കെ ആളുകള്‍ ചോദിക്കുന്നു. കൈകാലുകളൊക്കെ ചലിപ്പിച്ച് നോക്കാനൊക്കെ അവര്‍ പറയുന്നുണ്ട്. ഞാന്‍ കാറില്‍ ഒറ്റയ്ക്കാണെന്നും, ഒന്നും പറ്റിയിട്ടില്ലെന്നും ഉറപ്പിച്ച് പറഞ്ഞപ്പോള്‍, കൂട്ടത്തില്‍ ഒരു ചേട്ടന്‍ പറഞ്ഞു, ''നിങ്ങള്‍ക്കൊന്നും പറ്റിയില്ലെങ്കില്‍ പിന്നെ പേടിക്കണ്ടാ, വേറെ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല''
അത് കേട്ടപ്പോഴാണ് ശ്വാസം നേരേ വീണത്. നാട്ടുകാര്‍ വളരെയധികം സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഞാന്‍ ഇടിച്ച് കേടുവരുത്തിയ വണ്ടിയുടെ ഉടമസ്ഥന്‍ പോലും! ചായ വാങ്ങിത്തരാനും പോലീസില്‍ പറയാനും ഒക്കെ ആരൊക്കെയോ സഹായിച്ചു. ഒടുവില്‍ വണ്ടി റോഡ് സൈഡ് അസിസ്റ്റന്‍സ് വിളിച്ച് സര്‍വീസ് സെന്ററില്‍ വിട്ടിട്ട് ഞാന്‍ ബസ്സില്‍ കയറി കോട്ടയത്ത് പോയി, ഷെഡ്യൂള്‍ ചെയ്ത പ്രഭാഷണവും നടത്തി തിരിച്ചുവന്നു എന്നത് വേറെ കാര്യം.  പക്ഷേ ഇവിടത്തെ ഫോക്കസായ ഉറക്കത്തിലേയ്ക്ക് തന്നെ തിരിച്ചുവരാം. ഞാന്‍ ആക്‌സിഡന്റ് കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍, ആര്യാസ് ഹോട്ടല്‍ എന്റെ മുന്നില്‍ തന്നെയുണ്ട്. അവിടെ ചായകുടിക്കാന്‍ കേറുന്നതിനെ പറ്റി ആലോചിച്ചത് വളരെ നേരത്തേ എപ്പോഴോ ആയിരുന്നു എന്ന് തോന്നും. അല്ല, സെക്കന്‍ഡുകളേ ആയിട്ടുള്ളൂ. അതിനിടയില്‍ ഒരുപാടൊക്കെ നടന്നു! 

ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാമായിരുന്നു. ഡ്രൈവിങ്ങിനിടയിലെ ഉറക്കം എന്നാല്‍ ഒരുപാട് നേരത്തെ ഉറക്കമൊന്നുമല്ല ഉദ്ദേശിക്കുന്നത് എന്നും ഞാന്‍ വായിച്ചിരുന്നു. രാത്രിയോ അതിരാവിലെയോ ഉറക്കം വരാന്‍ സാധ്യതയുള്ള സമയത്തെ ഡ്രൈവിങ്, മതിയായ ഉറക്കം കിട്ടാതെയുള്ള ഡ്രൈവിങ്, ക്ഷീണത്തെ അവഗണിച്ചുള്ള ഡ്രൈവിങ്, ഇതുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ പലതും വായിച്ചുമനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ എന്നിട്ടും എനിക്കത് സംഭവിച്ചു. 

അതിനര്‍ത്ഥം ഇതൊന്നും അറിഞ്ഞിരുന്നിട്ടും കാര്യമില്ല എന്നാണെന്ന് മനസ്സിലാക്കുന്നവരുണ്ടാകും. പക്ഷേ ഇതൊക്കെ അറിഞ്ഞിരുന്നാല്‍പ്പോലും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ഇതിന്റെ അര്‍ത്ഥം. അപ്പോ അത് അറിയാതെകൂടി ഇരുന്നാല്‍ ആ സാധ്യത കൂടുകയാണ് ചെയ്യുക. ആര്‍ക്കും ഒരു അത്യാഹിതവും സംഭവിക്കാതെ ഇത് കടന്നുപോയതിനെ വെറും ഭാഗ്യമെന്നേ വിശേഷിപ്പിക്കാനാവൂ. 

ദൂരയാത്രകളില്‍ ഉറക്കത്തെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്ന ആളായിരുന്നു ഞാന്‍. രാത്രി വൈകി ഡ്രൈവ് ചെയ്യില്ല. ഓരോ 1-2 മണിക്കൂര്‍ ഇടവേളയിലും വണ്ടി നിര്‍ത്തി, ഒരു ചായയോ മറ്റോ കുടിച്ച്, ശരീരമൊക്കെ ഒന്ന് സ്‌ട്രെച്ച് ചെയ്ത് 15 മിനിറ്റെങ്കിലും റെസ്റ്റെടുക്കും. ട്രാഫിക് കുറഞ്ഞ, വണ്ടിയില്‍ കാര്യമായ ഇടപെടല്‍ വേണ്ടാത്ത monotonous driving ആണെങ്കില്‍ ഹാന്‍ഡ്‌സ് ഫ്രീയായി സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ച്, ശ്രദ്ധ ഒരുപാട് വേണ്ടാത്ത കൊച്ചുവര്‍ത്തമാനത്തില്‍ ഏര്‍പ്പെടും. ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ഡ്രൈവ് ആണെങ്കില്‍ സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലത്ത് (വളവിലോ, വീതി കുറഞ്ഞ റോഡരികിലോ ഒന്നുമല്ലാതെ) നിര്‍ത്തി കുറച്ചുനേരം ഉറങ്ങും. ഇതിനൊക്കെ പുറമേ ഡ്രൈവിങ്ങിന് മുന്നേ മതിയായ ഉറക്കം കിട്ടി എന്നുറപ്പിക്കും.
അന്നത്തെ ദിവസം സംഭവിച്ചത് എന്താണെന്ന് ആലോചിച്ചാല്‍ കിട്ടുന്ന ചില ഉത്തരങ്ങളുണ്ട്. 

സംഭവത്തിന് മുന്നത്തെ രണ്ടാഴ്ച അതിഭീകരമായ വര്‍ക്ക് ലോഡ് ഉണ്ടായിരുന്നു. ഉറക്കം പലപ്പോഴും നേരെ കിട്ടിയില്ല, കിട്ടിയതിന്റെ ക്വാളിറ്റി കുറവുമായിരുന്നു. ഡ്രൈവിങ്ങിന്റെ തലേ ദിവസം 10 മണിക്കൂറോളം നന്നായി ഉറങ്ങിയതിലൂടെ, ആ ക്ഷീണത്തിന് പകരം വെക്കാം എന്ന് ഞാന്‍ കണക്കുകൂട്ടിയിരുന്നു. അത് തെറ്റാണെന്ന് ഇന്ന് തോന്നുന്നു. കാരണം, cumulative fatigue എന്നൊരു സംഗതിയുണ്ട്. നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ കഠിനാധ്വാനം ഉണ്ടാക്കുന്ന ക്ഷീണം ശരീരത്തില്‍ പതിയെ അടിഞ്ഞുകൂടും. അതിനെ ഒരൊറ്റ ഉറക്കം കൊണ്ടൊന്നും മറികടക്കാനാവില്ല. അത് നമ്മുടെ ചിന്തയുടേയും ശ്രദ്ധയുടേയുമൊക്കെ കൃത്യത കുറയ്ക്കും.

അതുപോലെ, ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെയുള്ള സമയം നമ്മുടെ circadian dip വരുന്ന സമയമാണ് (രാത്രി  12 മുതല്‍ ഏതാണ്ട് 5 വരെയും ഇതുണ്ട്). നമ്മുടെ ശരീരം സ്വാഭാവികമായിത്തന്നെ ഉറക്കത്തിന് മുന്‍ഗണന കൊടുക്കുന്ന സമയമാണ്. നല്ല വിശ്രമം കിട്ടിയവര്‍ക്ക് പോലും ആ സമയത്ത് ഒരു ജാഗ്രതക്കുറവും ലോ-എനര്‍ജിയും ഒക്കെ അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ആ സമയത്ത് റിസ്‌ക്ക് കൂടുതലാണ്. ഒരു ചായയില്‍ നിന്ന് കിട്ടുന്ന കഫീന്‍ കൊണ്ടൊന്നും അതിനെ മറികടക്കാന്‍ കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ചും, cumulative fatigue ഉണ്ടെങ്കില്‍. അന്ന് റോഡില്‍ തിരക്ക് കുറവായിരുന്നു, നേരിയ മഴയുണ്ടായിരുന്നു, വളരെ സുഖപ്രദമായ ഡ്രൈവിങ്ങുമായിരുന്നു. ഇങ്ങനെ പലതും ഒരുമിച്ച് ചേര്‍ന്നപ്പോഴാണ് ആ അപകടം ഉണ്ടായത്. ആര്‍ക്കും ആപത്തൊന്നും വരാതെ സംഭവിച്ച അതിനെ ഒരു wake-up call ആയിട്ടാണ് ഇന്ന് കണക്കാക്കുന്നത്. 

ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്ന് കരുതി കുറച്ച്  കാര്യങ്ങള്‍ ദൂരഡ്രൈവിങ് ചെയ്യുന്നവരെ ഓര്‍മിപ്പിക്കുന്നു:

1. ക്ഷീണമുള്ളപ്പോള്‍ ഡ്രൈവ് ചെയ്യാന്‍ നില്‍ക്കരുത്.
2. രാത്രി വൈകിയശേഷവും, ഉച്ചഭക്ഷണത്തിന് ശേഷവും വളരെ റിസ്‌ക്കുള്ള സമയമാണ്. ആ സമയത്ത് ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക. അപകടം നടക്കാന്‍ നമ്മള്‍ തന്നെ ഉറങ്ങണമെന്നില്ല എന്നോര്‍ക്കണം, എതിരേ വരുന്ന ഡ്രൈവറായാലും മതി.
3. ദൂരയാത്രകളില്‍ 1-2 മണിക്കൂറില്‍ ബ്രേക്ക് എടുക്കണം. ചായയോ കാപ്പിയോ നല്ലതാണ്. ആ ബ്രേക്ക്, കുറഞ്ഞത് 15 മിനിറ്റെങ്കിലും വിശ്രമം കിട്ടുന്ന രീതിയിലാകണം.
4. കോട്ടുവാ, കണ്ണുകള്‍ക്ക് തൂക്കം, റോഡ് സൈന്‍ ശ്രദ്ധയില്‍ പെടാതെ പോകുന്നത് ഒക്കെ അപകട സൂചനകളാണ്. ഇങ്ങനെ വല്ലതും കണ്ടാല്‍ വണ്ടി നിര്‍ത്തി ഒരു 15-20 മിനിറ്റ് ഉറങ്ങുക. അങ്ങനെ നിര്‍ത്തുന്നത് വളവിലോ ഇടുങ്ങിയ റോഡിലോ ഒന്നുമല്ലാതെ സുരക്ഷിതമായ സ്ഥലത്തായിരിക്കണം.
5. വളരെ ഏകതാനമായ അന്തരീക്ഷം ഉറക്കത്തിന് വളരെ അനുകൂലമാണ്. അടിച്ചുപൊളി പാട്ട്, പോഡ്കാസ്റ്റ് തുടങ്ങിയ കേള്‍ക്കുന്നതും, വിന്‍ഡോ തുറന്ന് വായുസഞ്ചാരം ഉറപ്പിക്കുന്നതും, ആരോടെങ്കിലും കൊച്ചുവര്‍ത്തമാനം പറയുന്നതും ഒക്കെ സഹായിക്കും. ശ്രദ്ധ മാറുന്ന തരത്തിലുള്ള സീരിയസ് സംസാരങ്ങള്‍ ഒഴിവാക്കുക.
6. ആഹാരം ചെറിയ അളവില്‍ കഴിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക.
7. ധൃതിപിടിച്ച് പോകുന്നത് ഒഴിവാക്കാനായി യാത്ര കൃത്യമായി മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ഇടയ്ക്ക് ബ്രേക്കിനുള്ള ഇടവേള കൂടി കണക്കാക്കിവേണം യാത്രാസമയം കണക്കാക്കാന്‍.
8. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. എന്തെങ്കിലും sleep disorders ഉണ്ടെങ്കില്‍ ഡ്രൈവിങ് ഒഴിവാക്കുക.
9. ഇനി നിങ്ങളല്ല ഡ്രൈവ് ചെയ്യുന്നതെങ്കില്‍, നിങ്ങളുടെ വണ്ടി ഡ്രൈവ് ചെയ്യുന്ന ആള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിക്കുക. 

നമ്മളില്‍ ആരുടേയും ജീവന്, ഒരു റോഡില്‍ ഒരു സെക്കന്‍ഡ് കൊണ്ട് ഫുള്‍സ്റ്റോപ്പിട്ട് നിര്‍ത്താവുന്നത്ര ചെറിയ വിലയല്ല ഉള്ളത് !

Content Highlights: A writer shares chilling near-miss due to micro-sleep while driving, emphasizing importance of rest