കളറായി കേരളാ ലോഞ്ച്,ഫ്ളൈയിങ്ങ് കാര്‍പ്പെറ്റ് യാത്രാ അനുഭവം;സിട്രോണ്‍ സി3 എയര്‍ക്രോസിൽ എല്ലാമുണ്ട്!

നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കമ്പനിയാണെങ്കിലും സിട്രോണ്‍ എന്ന നാമം ഇന്ത്യക്കാരുടെ കാതുകളില്‍ എത്തിതുടങ്ങിയിട്ട് ഏതാണ്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. സി5 എയര്‍ക്രോസ് എന്ന വാഹനത്തിലൂടെ അല്‍പ്പം പ്രീമിയമായാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഏറെ വൈകാതെ തന്നെ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ചെറിയ വാഹനങ്ങളിലേക്ക് ചുവടുമാറിയിരിക്കുകയാണ് സിട്രോണ്‍. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച സി3 എന്ന ബി സെഗ്മെന്റ് ഹാച്ച്ബാക്കിലൂടെയാണ് ചെറുവാഹനത്തിലേക്കുള്ള ചുവടുമാറ്റം. പിന്നാലെ ഈ വാഹനത്തിന്റെ ഇലക്ട്രിക്കും ഇപ്പോള്‍ സി3 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വിയും എത്തിയിരിക്കുകയാണ്.
ഒരു വര്‍ഷം ഒരു മോഡല്‍, ഇതായിരുന്നു തുടക്കത്തില്‍ സിട്രോണ്‍ ഇന്ത്യന്‍ വിപണിക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍, ഈ വര്‍ഷം ഒന്നല്ല, രണ്ട് വാഹനങ്ങളാണ് സിട്രോണ്‍ ഇന്ത്യക്കായി നല്‍കിയത്. ഇതില്‍ രണ്ടാമനാണ് സി3 എയര്‍ക്രോസ്. ആദ്യത്തേത് സി3-യുടെ ഇലക്ട്രിക് വകഭേദമായ ഇ.സി3 ആയിരുന്നു. സി3 എയര്‍ക്രോസ് എന്ന വാഹനത്തിന്റെ ആദ്യ വിപണിയല്ല ഇന്ത്യ. ജന്മദേശം ഫ്രാന്‍സ് ആണെങ്കിലും സിട്രോണ്‍ ആദ്യമായി സി3 എയര്‍ക്രോസ് എത്തിച്ചത് ബ്രസീലിലാണ്. തകര്‍പ്പന്‍ വിജയമാണ് ഈ വാഹനത്തിന് ബ്രസീല്‍ സമ്മാനിച്ചത്. അടുത്ത പരീക്ഷണം എസ്.യു.വിക്ക് നല്ല വളക്കൂറുള്ള മണ്ണായ ഇന്ത്യയിലാണ്. ഈ വിപണിക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് സി3 എയര്‍ക്രോസ് എത്തുന്നതും.
എന്തുകൊണ്ട് സി3 എയര്‍ക്രോസ്
എസ്.യു.വികളോട് പൊതുവെ ഇന്ത്യന്‍ വാഹന വിപണിക്ക് ഒരിഷ്ടകൂടുതലുണ്ട്. ന്യായമായ വിലയില്‍ അത്യാവശ്യം ഫീച്ചറുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ആ വാഹനം ഇവിടെ സൂപ്പര്‍ ഹിറ്റടിക്കും. ഇത് തന്നെയാണ് സി3 എയര്‍ക്രോസിന്റെയും വിപണന തന്ത്രം. ടര്‍ബോ എന്‍ജിന്‍ കരുത്തിലെത്തുന്ന ഏറ്റവും വില കുറഞ്ഞ മിഡ്‌സൈസ് എസ്.യു.വി, ഉയര്‍ന്ന മൈലേജ്, ആവശ്യത്തിന് ഫീച്ചറുകള്‍, ന്യായമായ സുരക്ഷ സംവിധാനം ഇത്രയം ഉറപ്പാക്കിയാണ് സി3 എയര്‍ക്രോസ് എത്തിയിരിക്കുന്നത്. കുറഞ്ഞ വില എന്ന പ്രയോഗം ആലങ്കാരികല്ല. യു.പ്ലസ്, മാക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് കേരളത്തിലെ വില.
കാഴ്ചയില്‍ കേമന്‍
സിട്രോണ്‍ സി5 എയര്‍ക്രോസ് എത്തിയ കാലത്ത് അതുമായി ഡ്രൈവിനിറങ്ങിയപ്പോള്‍ വാഹനം ഏതാണെന്നറിയാന്‍ ഒത്തിരിയാളുകളാണ് വണ്ടിക്കരികില്‍ എത്തിയിട്ടുണ്ട്. കാണാന്‍ കൊള്ളാലോ എന്ന കമന്റുകളും ഇഷ്ടംപോലെ കേട്ടു. സി3-യുടെ കാര്യത്തിലും ഇത് ആവര്‍ത്തിച്ചു. പറഞ്ഞുവരുന്നത് സിട്രോണ്‍ വാഹനങ്ങള്‍ക്ക് അവരുടേതായ ഒരു സിഗ്നേച്ചര്‍ സ്‌റ്റൈലുണ്ട്. സി3 എയര്‍ക്രോസും ഇതേ സിഗ്നേച്ചര്‍ ശൈലി പിന്തുടര്‍ന്നാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അലങ്കാരത്തിനായി ഒന്നും കുത്തിനിറയ്ക്കാതെ വളരെ ലളിതമായി അതേസമയം, സ്റ്റൈലിഷായാണ് സി3 എയര്‍ക്രോസ് എന്ന വാഹനം സിട്രോണ്‍ ഒരുക്കിയിരിക്കുന്നത്.
ലോഗോയില്‍ നിന്നാണ് സിട്രോണ്‍ വാഹനങ്ങളുടെ ഗ്രില്ല് ആരംഭിക്കുന്നത്. ഇത് അവസാനിക്കുന്നതാകട്ടെ എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന നേര്‍ത്ത ഡി.ആര്‍.എല്ലുകളിലും ഇത് സി3-യില്‍ നിന്ന് കടംകൊണ്ടതാണെന്ന് വിളിച്ചറിയിക്കുന്നുണ്ട്. സി3-യില്‍ നല്‍കിയിരുന്ന ഹെഡ്‌ലാമ്പ് തന്നെയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. എയര്‍ ഇന്‍ ടേക്കിന്റെ ഡിസൈനില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ബമ്പറില്‍ ഒളിച്ച് വെച്ചതുപോലെയാണ് ഫോഗ്‌ലാമ്പുകള്‍ നല്‍കിയിട്ടുള്ളത്. സ്‌കിഡ്‌പ്ലേറ്റിന് സമാനമായി ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ലോവര്‍ ലിപ്പ് കൂടി ചേരുന്നതോടെ മുന്‍ഭാഗത്തെ ഡിസൈന്‍ പൂര്‍ണമാണ്. എസ്.യു.വിയുടെ തലയെടുപ്പിന് ചേരുന്ന ബോണറ്റും ഈ വാഹനത്തിലുണ്ട്.
സി3-യുടെ വശങ്ങളില്‍ അല്‍പ്പം ഡിസൈനുകള്‍ നല്‍കിയിരുന്നെങ്കില്‍ വളരെ പ്ലെയിനായാണ് സി3 എയര്‍ക്രോസിന്റെ വശങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അതേസമയം, സി3 എയര്‍ക്രോസില്‍ 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ നല്‍കിയിട്ടുണ്ട്. വെറുതെ പറഞ്ഞുപോകാവുന്ന ഒന്നല്ല അത്, ഫോര്‍ സ്‌പോക്ക് ഡിസൈനിലില്‍ അടിപൊളിയായാണ് ഈ അലോയി വീല്‍ തീര്‍ത്തിരിക്കുന്നത്. ഹാച്ച്ബാക്കില്‍ നിന്ന് എസ്.യു.വിയായപ്പോള്‍ വന്ന മാറ്റങ്ങളാണ് പിന്നിലുള്ളത്. സി ഷേപ്പില്‍ നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെ കണക്ട് ചെയ്യുന്ന ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പ്, വലിയ സിട്രോണ്‍ ലോഗോ, റിയര്‍ സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
ഉള്ള് കൊള്ളാം
എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ സി3 എയര്‍ക്രോസിന്റെ ഡിസൈനിങ്ങില്‍ കാണിച്ച അത്ര മികവ് ഫീച്ചറുകളുടെ കാര്യത്തില്‍ ഇല്ലെന്ന് പറയാം. ആവശ്യത്തിനുള്ള ഫീച്ചറുകല്‍ നല്‍കി ലളിതമായാണ് അകത്തളം ഒരുങ്ങുന്നത്. 26 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റിമീറ്റര്‍ വലിപ്പം വരുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഹൈലൈറ്റ്. ഉയര്‍ന്ന വേരിയന്റില്‍ പോലും ക്ലൈമറ്റ് കണ്‍ട്രോള്‍ മാനുവലാണ്. സി3-യെ അപേക്ഷിച്ച് നോക്കുമ്പോള്‍ സപ്പോര്‍ട്ടും വീതും കൂടിയ സീറ്റുകള്‍, സീറ്റിനൊപ്പം തന്നെ നല്‍കിയിട്ടുള്ള ആംറെസ്റ്റ്, ആവശ്യത്തിനുള്ള സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് ഒന്നാം നിരയിലുള്ളത്.
2671 എം.എം. എന്ന വീല്‍ബേസിന്റെ ഗുണം ശരിക്കും മനസിലാക്കാന്‍ രണ്ടാം നിരയിലേക്ക് വരണം. വളരെ വിശാലമാണ് രണ്ടാം നിര. സുഖകരമായ സീറ്റുകള്‍, റൂഫ് മൗണ്ടഡ് ആയിട്ടുള്ള എ.സി. വെന്റ്, മികച്ച ഹെഡ്‌റൂമും ലെഗ്‌റൂമുമാണ് പിന്നിലേക്ക് വരുമ്പോള്‍ നല്‍കുന്നത്. മൂന്നാം നിരയിലേക്കുള്ള പ്രവേശനം വളരെ ഈസിയാണ്. ഒരു ബാന്‍ഡ് വലിച്ചാല്‍ സീറ്റ് മടങ്ങി പോരും. മൂന്നാം നിരയിലെ സീറ്റുകള്‍ മുതിര്‍ന്നവര്‍ക്കല്ല. കുട്ടികള്‍ക്ക് വിശാലമായി ഇരിക്കാം. ഈ സീറ്റുകള്‍ മടക്കുന്നതിന് അനായാസം എടുത്ത് മാറ്റാനും സാധിക്കും. അങ്ങനെയായാല്‍ വിശായമായ സ്‌റ്റോറേജ് സ്‌പേസാണ് ഈ വാഹനം ഒരുക്കുന്നത്. മൊത്തത്തില്‍ കൊള്ളാവുന്ന ഉള്ളാണ് സിട്രോള്‍ സി3 എയര്‍ക്രോസിന്റേത്.
ഡ്രൈവിങ്ങ്
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് എത്തിയിട്ടുള്ളത്. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഈ വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ വര്‍ഷം അവസാനിക്കും മുമ്പ് എത്തുമെന്നാണ് സിട്രോണിന്റെ ഉറപ്പ്. ഇത്രയും വലിയ വാഹനത്തിന് ത്രീ സിലിണ്ടര്‍ എന്‍ജിന്‍ പോരാതെ വരും എന്ന മുന്‍വിധിയുമായി ഡ്രൈവിങ്ങിന് കയറുന്നവരെ ഈ വാഹനം ഞെട്ടിക്കും. ഇനിഷ്യല്‍ കുതിപ്പ് തന്നെ ഗംഭീരമാണ്. കുറഞ്ഞ ആര്‍.പി.എമ്മിലും ഉയര്‍ന്ന ടോര്‍ക്ക് നല്‍കുന്നതിനാല്‍ ഡ്രൈവിങ്ങ് കൂടുതല്‍ മികച്ചതാക്കും. ഇവയ്‌ക്കെല്ലാം പുറമെ, സിട്രോണിന്റെ ഫ്‌ളൈയിങ്ങ് കാര്‍പ്പെറ്റ് യാത്രാ അനുഭവമാണ് ഈ വാഹനവും നല്‍കുന്നത്. സസ്‌പെന്‍ഷന്‍ സംവിധാനം അസാദ്യം എന്നുവേണം പറയാന്‍.
കളറായി കേരളാ ലോഞ്ച്
സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ കേരളത്തിലെ അവതരണം അല്‍പ്പം ഗ്രാന്റായിരുന്നു. കേരളത്തിലെ സിട്രോണ്‍ വിതരണക്കാരായ ഇ.വി.എം. ലേ മെയ്‌സണ്‍ സിട്രോണിന്റെ നേതൃത്വത്തിലായിരുന്നു കേരളാ ലോഞ്ച്. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ കൊച്ചിയിലെ സിട്രോണ്‍ ഡീലര്‍ഷിപ്പില്‍ ഒത്തുച്ചേരുകയും അവിടെ നിന്ന് സി3 എയര്‍ക്രോസുമായി ആലപ്പുഴ വരെയുള്ള യാത്രയുമായിരുന്നു അവതരണത്തിലെ ഹൈലൈറ്റ്. നാല് മണിയോടെ കൊച്ചിയില്‍ നിന്ന് തുടങ്ങിയ യാത്ര ആറ് മണിയോടെ ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോര്‍ട്ടിലായിരുന്നു അവസാനിച്ചത്. കായലിനോട് ചേര്‍ന്ന് കിടക്കുന്ന അതിസുന്ദരമായ പ്രദേശം.
ലേ ലീലയില്‍ വര്‍ണാഭമായ ആഘോഷങ്ങളുടെ അകമ്പടിയിലാണ് സിട്രോണ്‍ സി3 എയര്‍ക്രോസ് ഔദ്യോഗികമായി കേരള മണ്ണില്‍ അവതരിപ്പിച്ചത്. ഇ.വി.എം. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഇ.വി.എം. ഓട്ടോക്രാഫ്റ്റ് ഡയറക്ടര്‍ തേജസ് സേവ്യര്‍, ലേ മെയ്സണ്‍ സിട്രോണ്‍ ഇ.വി.എം. ഓട്ടോക്രാഫ്റ്റ് സി.ഇ.ഒ. ജി.അംജിത്, സിട്രോണ്‍ ഇന്ത്യ സൗത്ത് ആന്‍ഡ് ഈസ്റ്റ് ആര്‍.എസ്.എം. നിഖില്‍ രാജനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കേരള വിപണിയില്‍ വാഹനം അവതരിപ്പിച്ചത്. ഹൗസ് ബോട്ടിലെ താമസവും പുലര്‍ച്ചെയുള്ള ബോട്ടിങ്ങുമെല്ലാം സി3 എയര്‍ക്രോസിന്റെ കേരളത്തിലേക്കുള്ള വരവിന്റെ മാറ്റുകൂട്ടിയ ഓര്‍മകളായിരുന്നു.
Content Highlights: Citroen C3 Aircross launched in Kerala, Price starts from 9.99 lakhs, Citroen C3 Aircross