ലക്ഷ്വറിയല്ല, കാറിലെ ചൈൽഡ് സേഫ്റ്റി സീറ്റ്; ആലിന്റെ മരണം ഒരു ചൂണ്ടുപലകയായെങ്കിൽ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞ് കേരളത്തിന്റെ നൊമ്പരമായ ദിവസങ്ങളാണിത്. ഈ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. ഈ കുഞ്ഞിന്റെ വേർപാടിനെ തുടർന്ന് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഡോക്ടറും എഴുത്തുകാരനുമായി മനോജ് വെള്ളനാട്.
ചൈൽഡ് സേഫ്റ്റി സീറ്റിന്റെ ആവശ്യകതയേയും ഉപയോഗത്തേയും കുറിച്ചാണ് മനോജ് വെള്ളനാട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. ചൈൽഡ് സീറ്റുകൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അപകടമുണ്ടായാൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മരണസാധ്യത 71 ശതമാനം വരെ കുറയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്. ഒരു വയസ് മുതൽ നാല് വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് 54 ശതമാനം വരെ കുറയ്ക്കാനുമെന്നാണ് അദ്ദേഹം കുറിക്കുന്നത്.
മനോജ് വെള്ളനാട് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്
ലോകത്തിലെ ഏറ്റവും ഭാരമേറിയ ശവപ്പെട്ടി കുഞ്ഞുങ്ങളുടേതാണ്. സകല മനുഷ്യരും ഒരുമിച്ച് ചുമന്നാലും ആ ഭാരം താങ്ങുന്നത് കുഞ്ഞിന്റെ അടുത്തവർക്ക് വളരെ വിഷമകരമാണ്. അങ്ങനെ ഏറ്റവും വിഷമകരമായ ഒരവസ്ഥയിലാണ് പത്തുമാസം മാത്രം പ്രായമായ ആലിൻ എന്ന കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആ മാതാപിതാക്കൾ തയ്യാറായതും നമ്മളെല്ലാം മനസുകൊണ്ട് അവരെ ചേർത്തണച്ചതും എല്ലാം. ആ മനുഷ്യരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നതിനൊപ്പം ഇനി പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ്.
വണ്ടിയുമായി പുറത്തിറങ്ങുന്ന ഏതൊരാളും ഏത് നിമിഷവും ഒരപകടം പ്രതീക്ഷിക്കണം. 'ആക്‌സിഡന്റ്' എന്ന് അവയെ നമ്മൾ പൊതുവേ പറയുമെങ്കിലും നാട്ടിൽ നടക്കുന്ന പല അപകടങ്ങളും 'കൂട്ടിയിടികൾ' ആണ്. എന്നുവച്ചാൽ അവ അപ്രതീക്ഷിതമല്ല, അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒന്നാണ് എന്ന്. അതുപോലെ തന്നെ അപകടം സംഭവിച്ചാൽ മരണമോ മറ്റ് ഗുരുതരമായ പരിക്കുകളോ ഒഴിവാക്കാനുള്ള പല മാർഗങ്ങളുമുണ്ട്. സീറ്റ് ബെൽറ്റും ഹെൽമറ്റും ഒക്കെ അങ്ങനെയുള്ളവയാണ്.
ഇപ്പോഴും കാറിൽ യാത്ര ചെയ്യുമ്പോൾ പിറകിലെ സീറ്റ് ബെൽറ്റ് ഇടുന്നവർ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ? വിരളം. എന്തുകൊണ്ടാണ് അങ്ങനെ? ഓവർ കോൺഫിഡൻസും മടിയും. അപകടമൊക്കെ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന മിഥ്യാധാരണ.
അതുപോലെയോ അതിലും അധികമോ പ്രാധാന്യമുള്ള മറ്റൊരു കാര്യം ആലിന്റെ മരണം ഓർമ്മിപ്പിക്കുന്നുണ്ട്. അതാണ് കുഞ്ഞുങ്ങളെ കാറിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാരീതികൾ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 'ചൈൽഡ് സേഫ്റ്റി സീറ്റ്'.
കാറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് മുതിർന്നവർക്ക് വേണ്ടിയിട്ടാണ്. ഒരു അപകടമുണ്ടായാൽ കുട്ടികൾ അതിനകത്ത് ഒട്ടും സുരക്ഷിതരല്ല. അതുകൊണ്ടു തന്നെ കാറുകളിൽ കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചൈൽഡ് സേഫ്റ്റി സീറ്റുകൾ (Child Safety Seats) ഉപയോഗിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
ഇതിന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്:
1. നേരത്തെ പറഞ്ഞതു പോലെ സാധാരണ കാർ സീറ്റുകളും ബെൽറ്റുകളും മുതിർന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അപകടമുണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന ആഘാതം താങ്ങാൻ കുട്ടികളുടെ ശരീരം പാകമായിരിക്കില്ല. ചൈൽഡ് സീറ്റുകൾ കുട്ടിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് കൃത്യമായ സംരക്ഷണം നൽകുന്നു.
2. ചെറിയ കുട്ടികൾ സാധാരണ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ അത് അവരുടെ കഴുത്തിലോ വയറിലോ ആണ് വരിക. ഇത് കാരണം തന്നെ അപകടസമയത്ത് ഗുരുതരമായ പരിക്കുകൾക്ക് ഉണ്ടായേക്കാം.
3. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ വാഹനം കൂട്ടിയിടിക്കുമ്പോഴോ കുട്ടി സീറ്റിൽ നിന്നോ മുതിർന്നവരുടെ കൈയ്യിൽ നിന്നോ തെറിച്ചു പോകുന്നത് തടയാൻ ചൈൽഡ് സീറ്റിലെ പ്രത്യേക ഹാർനസ്സ് (Harness) ബെൽറ്റുകൾ സഹായിക്കുന്നു.
4. കുട്ടികളുടെ ശരീരത്തിന് അനുയോജ്യമായ കുഷ്യനുകളും സപ്പോർട്ടും ഈ സീറ്റുകളിൽ ഉണ്ടാകും. ഇതുകാരണം ഉറങ്ങാൻ സുഖമാണ്. ഉറങ്ങുമ്പോൾ തലയും കഴുത്തും കുഴഞ്ഞ് വീഴാതെ നേരെ ഇരിക്കാൻ ഇത് സഹായിക്കുന്നു. നീണ്ട യാത്രകളിൽ ആണെങ്കിൽ കുട്ടി ക്ഷീണിക്കാതെ ഇറിറ്റേറ്റഡ് ആവാതെ ഇരിക്കുകയും ചെയ്യും.
5. കുട്ടികൾ കാറിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുകയോ ഡോർ ഹാൻഡിലുകളിൽ പിടിക്കുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ കാരണമാകാറുണ്ട്. ചൈൽഡ് സീറ്റിൽ ഇരിക്കുന്ന കുട്ടികൾ ഒരിടത്ത് സുരക്ഷിതരായിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഏകാഗ്രതയോടെ വാഹനം ഓടിക്കാം.
6. ചൈൽഡ് സീറ്റുകൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അപകടമുണ്ടായാൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മരണസാധ്യത 71% വരെ കുറയ്ക്കാം. ടോഡ്‌ലർമാർക്ക് (1-4 വയസ്) അത് 54% വരെ കുറയ്ക്കാം. അതുപോലെ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത 70%-ന് മുകളിൽ കുറയ്ക്കുന്നു (കാരണം തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഇവിടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു).
7. നാല് വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ സീറ്റുകൾ ലഭ്യമാണ്. അവ ഉപയോഗിച്ചാൽ കുഞ്ഞിന്റെ ഉയരം കൂട്ടി, കുട്ടിക്ക് കാറിലെ സീറ്റ് ബെൽറ്റ് തന്നെ ഉപയോഗിക്കാൻ കഴിയും. ഇത്തരം ബൂസ്റ്റർ സീറ്റുകൾ 4 മുതൽ 8 വരെ വയസ്സുകാർക്ക് പരിക്കേൽക്കാനുള്ള സാധ്യത 45-70% വരെ കുറയ്ക്കുന്നു എന്നാണ് കണക്കുകൾ.
8. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവ കണക്കിലെടുത്ത് വേണം സീറ്റ് തിരഞ്ഞെടുക്കാൻ. Infant seat, Convertible seat, Booster seat എന്നിവ നോക്കി വാങ്ങണം.
9. ഒന്നര രണ്ടു വയസ് വരെയെങ്കിലും കുഞ്ഞ് പിറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന (Rear-facing) രീതിയിൽ വേണം സീറ്റ് ഫിറ്റ് ചെയ്യാൻ. കുഞ്ഞിന്റെ ഇനിയും വളരാത്ത നട്ടെല്ലിനെയും തലയെയും ക്രാഷ് സമയത്ത് ഇത് കൂടുതൽ സുരക്ഷിതമാക്കുന്നു.
10. കാറിന്റെ പിൻസീറ്റിൽ മാത്രമേ ഈ പറഞ്ഞ എക്‌സ്ട്രാ സീറ്റുകൾ ഫിറ്റ് ചെയ്യാവൂ. എയർബാഗ് ഉള്ള മുൻസീറ്റുകളിൽ ഒരിക്കലും ചൈൽഡ് സീറ്റ് വെക്കരുത്. ഇത് അപകടസമയത്ത് കൂടുതൽ ആപത്താണ്.
ചൈൽഡ് സീറ്റ് ഒരു 'ലക്ഷ്വറി' അല്ല. അത് കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്. ഒരു വർഷം കാറിന് അടയ്ക്കുന്ന ഇൻഷുറൻസിന്റെ പകുതിയേ ആകൂ നല്ലൊരു സീറ്റ് വാങ്ങാൻ. എന്നാലത് വിലമതിക്കാനാകാത്ത ഒന്നാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
Content Highlights: Discover why child safety seats are crucial for your child`s protection in cars. Learn about expert recommendations and how they save lives.