ഓടിയാലും ഇല്ലെങ്കിലും ടാക്‌സ്, ഇന്ധനവില; ബസ് വിറ്റ് പോത്ത് വ്യാപാരത്തിലേക്ക് തിരിഞ്ഞ് ബസുടമ

കാഞ്ഞങ്ങാട്-നീലേശ്വരം-കാലിച്ചാനടുക്കം റൂട്ടിലെ 'ഗാലക്‌സി' ബസ്സുടമയായിരുന്നു മടിക്കൈ കാഞ്ഞിരപ്പൊയിലിലെ എം.ഐ. നജീബ്. കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ വന്നതോടെ ബസ് 'കട്ടപ്പുറത്തായി'. ടൂറിസ്റ്റ് ബസുകള്‍ നാലെണ്ണമുണ്ടായിരുന്നെങ്കിലും അതിനും ഓട്ടമില്ലാതായി. വണ്ടിയുടെ ടാക്‌സ് അടയ്ക്കാനും ജീവിതച്ചെലവിനും ഇതോടെ വരുമാനമില്ലാതായി.
പ്രതിസന്ധി രൂക്ഷമായതോടെ ലൈന്‍ബസ് വിറ്റു. ജീവിതമാര്‍ഗത്തിന് ഇനിയെന്തെന്ന് തിരഞ്ഞപ്പോഴാണ് ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന കൃഷിയിലേക്ക് തിരിഞ്ഞാലോയെന്ന് ആലോചിച്ചത്. അതില്‍ വരുമാനം കൂടുതല്‍ പോത്തുവളര്‍ത്തലിനാണെന്ന് നജീബിന് അറിയാമായിരുന്നു. ഇരട്ടസഹോദരങ്ങളായ ഇര്‍ഫാനും ഇര്‍ഷാദിനും പിതാവായ ഇബ്രാഹിമിനുമൊപ്പം രണ്ടും കല്പിച്ചിറങ്ങി.
ആദ്യം ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് എത്തിച്ച നാടന്‍പോത്തുകളായിരുന്നുവെങ്കിലും ഇപ്പോള്‍ പോത്തുകളില്‍ കേമനായ മൊറ ഇനത്തെത്തന്നെ ഹരിയാണയില്‍നിന്ന് കൊണ്ടുവന്നു. നിലവില്‍ അന്‍പതോളം പോത്തുകളാണ് ഇവിടുള്ളത്. 'ബസ് ഓടിയില്ലെങ്കിലും ടാക്‌സ് അടയ്ക്കണം, ഓടാന്‍ ഇന്ധനവും. പോത്തിനാകുമ്പോള്‍ ഉണക്കപ്പുല്ലും വെള്ളവും കൊടുത്താല്‍ മതി'- നജീബ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
വീട്ടുപരിസരത്ത് തുടങ്ങിയ പോത്തുവളര്‍ത്തല്‍ എണ്ണംകൂടിയതോടെ കാലിച്ചാനടുക്കം ചോമങ്കോട്ട് ഫാമൊരുക്കി അങ്ങോട്ടുമാറ്റി. കേരളത്തിലെ മിക്ക ജില്ലകളില്‍നിന്ന് പോത്തിനെത്തേടി ആളുകള്‍ ഫാമില്‍ എത്തുന്നതായി നജീബിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു. പോത്തുവ്യാപാരം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് നജീബും കുടുംബവുമിപ്പോള്‍.
Content Highlights: