സ്വപ്നങ്ങളിലേക്കൊരു ഗിയർമാറ്റം; ബസ് ഡ്രൈവർ അഭിജിത്ത് ഇനി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ

കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂർ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ വേറിട്ടൊരു അനുമോദനച്ചടങ്ങ് നടന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടായ്മയായ 'മലബാർ റൈഡേഴ്‌സാ'യിരുന്നു സംഘാടകർ. കൊട്ടിയൂർ-പയ്യന്നൂർ റൂട്ടിലോടുന്ന 'കൃതിക' ബസ് ഡ്രൈവർ കോയ്യോട് സ്വദേശി അഭിജിത്തിനായിരുന്നു അനുമോദനം. ബസ് ഡ്രൈവറുടെ സീറ്റിൽനിന്ന് മറ്റൊരു തൊഴിൽമേഖലയിലേക്ക് പോകുന്ന സഹപ്രവർത്തകന് ജീവനക്കാർ നൽകിയ സ്‌നേഹനിർഭരമായ യാത്രയയപ്പ്. ബസ് ഡ്രൈവറുടെ സീറ്റിൽനിന്ന് സ്‌കൂൾ വൈസ് പ്രിൻസിപ്പലിന്റെ സീറ്റിലേക്കാണ് അഭിജിത്തിന്റെ 'സ്ഥലംമാറ്റം'.
ഓട്ടോയിലും ബസിലും ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾ അഭി എന്ന എം.കെ.അഭിജിത്തിന്റെ (31) മനസ്സിൽ ഒരേയൊരു സ്വപ്നമായിരുന്നു- 'ജോലിക്കൊപ്പം പഠനവും തുടരണം, ലഭിച്ച ബിരുദങ്ങൾക്കനുയോജ്യമായ തൊഴിൽ നേടണം.' ആ സ്വപ്നമാണ് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കാസർകോട് ചിന്മയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ പദവിയിലൂടെ യാഥാർഥ്യമായത്.
കോയ്യോട് കണ്ണോത്ത് ഹൗസിൽ സി.കെ.ദിനേശ് ബാബു-എം.കെ.കാഞ്ചന ദമ്പതിമാരുടെ മകനായ അഭിജിത്ത് കണ്ണൂർ എസ്.എൻ. കോളേജിൽ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുമ്പോഴാണ് പഠനച്ചെലവിനായി ഓട്ടോ ഓടിച്ചുതുടങ്ങിയത്. ക്ലാസ് കഴിഞ്ഞ ശേഷവും അവധിദിനങ്ങളിലും കണ്ണൂർ ടൗണിലായിരുന്നു ഓട്ടം. 'ഇഗ്‌നോ'യിൽനിന്ന് ഇംഗ്ലീഷിൽ പി.ജി.യെടുത്തു. പാലക്കാട് ഭാരതീയ വിദ്യാനികേതനിൽനിന്ന് ബി.എഡും കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽനിന്ന് എം.എഡും നേടി.
ആറുവർഷം മുൻപ് കണ്ണൂർ-ഇരിക്കൂർ-ശ്രീകണ്ഠപുരം റൂട്ടിലെ 'മാധവ്' ബസിലാണ് ആദ്യം ഡ്രൈവറായി കയറിയത്. ഒടുവിൽ കൊട്ടിയൂർ-പയ്യന്നൂർ റൂട്ടിലെത്തി. ഇതിനിടെ കേരളത്തിനുപുറത്ത് ഇംഗ്ലീഷ് അധ്യാപകനായി അല്പകാലം ജോലിചെയ്തു.
''ഇത്രയും പ്രായമായിട്ടാണോ പഠനമെന്ന് പലരും ചോദിച്ചിട്ടുണ്ട്. മറ്റുള്ളവർ പറയുന്നതിനെ 'മൈൻഡ്' ചെയ്യരുത്. നമ്മൾക്കുള്ള അവസരം നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന് വിശ്വസിച്ച് മുന്നോട്ടുപോകുക..'' -അഭി പറയുന്നു. പ്രവൃത്തിപരിചയത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും രണ്ട് അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് വൈസ് പ്രിൻസിപ്പൽ പദവിയിലേക്കെത്തിയത്. ചിന്മയമിഷൻ കേരള ഘടകം തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി വാട്‌സാപ്പിൽ സന്ദേശമയച്ചത് ഭാഗ്യമായി കാണുന്നു.
''സ്‌കൂളിൽ വിദ്യാർഥികളും അധ്യാപകരും വന്ന് പരിചയപ്പെട്ടു. പഠനകാലത്ത് അവധിദിനങ്ങളിൽ എന്റെ സൗകര്യാർഥം ഡ്യൂട്ടി ക്രമീകരിച്ച് സഹകരിച്ച നിരവധി ബസ് ജീവനക്കാരുണ്ട്. അവർക്കെല്ലാം നന്ദി''-അഭി പറയുന്നു. അഭിക്ക് ഒരു യൂട്യൂബ് ചാനലുണ്ട് -'ദ ട്രാവൽ സ്റ്റോറീസ് ബൈ അഭി'. 'എബ്രഹാം ഓസ്ലർ', 'പുഷ്പകവിമാനം' എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുമുണ്ട്. അമൽജിത്താണ് സഹോദരൻ.
Content Highlights: Abhijith, a bus driver, transitioned to a Vice Principal role at Chinmaya Vidyalaya, Kasaragod., He pursued higher education (MA, B.Ed, M.Ed) while working as a driver to support his studies., The story highlights the importance of perseverance and ignoring societal criticism regarding age and career paths., Colleagues from 'Malabar Riders' organized a heartfelt farewell for his career milestone.