കിളി കൂടുകൂട്ടിയത് ബെന്‍സിന്റെ ബോണറ്റില്‍; സംരക്ഷണമൊരുക്കി ദുബായ് കിരീടാവകാശി

വീടിന്റെ ഇറയത്തും മറ്റും കൂടുകൂട്ടുന്ന പക്ഷികളെയൊക്കെ ഒരുപരിധി വരെ എല്ലാവരും സംരക്ഷിക്കാറുണ്ട്. എന്നാല്‍, ഇത് വാഹനത്തില്‍ ആയാലോ?, സ്വാഭാവികമായും ആ കൂട് നമ്മള്‍ അവിടെ നിന്നും മാറ്റാനാണ് സാധ്യത. എന്നാല്‍, ഇവിടെയാണ് ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വ്യത്യസ്തനാകുന്നത്.
കോടികള്‍ വിലയുള്ള തന്റെ ബെന്‍സ് എസ്‌യുവിയുടെ ബോണറ്റില്‍ കൂടുകൂട്ടിയ കിളിയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം ദിവസങ്ങളായി തന്റെ വാഹനം ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കിളി മുട്ടയിട്ട് അടയിരിക്കുന്നതിനാല്‍ വാഹനത്തിന് സമീപത്തേക്ക് ആരും പോകരുതെന്ന് നിര്‍ദേശം നല്‍കുകയും ബാരിക്കേഡ് ഉപയോഗിച്ച് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
മെഴ്‌സിഡസ് ബെന്‍സ് ജി63 എഎംജിയുടെ ബോണറ്റിലാണ് കിളിക്കൂട് സംരക്ഷിച്ചിരിക്കുന്നത്. ശൈഖ് ഹംദാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം പുറംലോകം അറിഞ്ഞതോടെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നത്.
മെഴിഡസിന്റെ എസ്‌യുവി വാഹനങ്ങളിലെ കരുത്തനായ മോഡലാണ് ജി63 എഎംജി. 5.5 ലിറ്റര്‍ വി ട്വിന്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 572 ബിഎച്ച്പി പവറും 760 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ ആഡംബര എസ്‌യുവിക്കുണ്ട്.
Content Highlights: Birds Nest In Dubai Prince Benz Bonnet
Content Highlights: