17 വര്‍ഷം 14 കളക്ടര്‍മാരുടെ ഡ്രൈവര്‍; ഹോട്ടായിരുന്നില്ല, സ്വീറ്റായിരുന്നു അനിലിന് ആ സീറ്റ്

ഭരണസിരാകേന്ദ്രമായ കളക്ടറേറ്റില്‍, അതും എല്ലാക്കാര്യങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്ന കളക്ടറുടെ സാരഥിയാകുക അത്ര അനായാസമല്ലെന്ന് മറ്റാരേക്കാള്‍ നന്നായി അറിയാം ഡ്രൈവര്‍ അനില്‍കുമാറിന്. അതു കൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ കയറി നാലാംപക്കം ആ അവസരം തേടിയെത്തുമ്പോള്‍ അതില്‍നിന്നെങ്ങനെ ഒഴിവാകാമെന്നാണ് നോക്കിയത്. പക്ഷേ അന്നത്തെ കളക്ടര്‍ റാണി ജോര്‍ജിന്റെ ഉത്തരവ് പാലിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ മീനച്ചില്‍ താലൂക്ക് തഹസില്‍ദാറുടെ ഡ്രൈവറായ അനില്‍കുമാര്‍ ഹോട്ട് സീറ്റായ കളക്ടറുടെ ഡ്രൈവര്‍ പദവിയിലേക്ക്.
അന്ന് മുതല്‍ 17 വര്‍ഷമായി കളക്ടര്‍മാരുടെ മാത്രം ഡ്രൈവറായി സേവനംചെയ്ത് ചൊവ്വാഴ്ച സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്വം സമര്‍ത്ഥമായി ചെയ്തതിന്റെ ചാരിതാര്‍ഥ്യമുണ്ട് ആ മുഖത്ത്. എത്രയോ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പോലും അവിചാരിതമായി ആദ്യം അടുത്ത് കേള്‍ക്കാം. അതൊക്കെ ആ ഹൃദയത്തില്‍മാത്രം സൂക്ഷിക്കുക. ഏറ്റവും അടുത്തവരോട് പോലും പങ്കുവെയ്ക്കാതിരിക്കുക. ആര്‍ക്കും അത്ര എളുപ്പം സാധ്യമാകില്ല. അക്കാര്യം ഭംഗിയോടെ നടപ്പാക്കിയപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നേതൃത്വം കൊടുത്ത 14 കളക്ടര്‍മാരുടെയും ഗുഡ് ബുക്കില്‍ ഇടംപിടിച്ചു.
അത് കൊണ്ട് കളക്ടര്‍മാര്‍ അനില്‍കുമാറിന്റെ തസ്തിക ഇളകാതിരിക്കാന്‍ ആവുംവിധം ശ്രമിച്ചിരിക്കണം. അതുകൊണ്ടെന്താ കോട്ടയം കളക്ടര്‍മാരുടെ ചരിത്രത്തില്‍ ഈ ഡ്രൈവറും ഇടംപിടിച്ചു. തുടര്‍ച്ചയായി 14 കളക്ടര്‍മാരുടെ സാരഥിപ്പട്ടം. ''ചൊവ്വാഴ്ച കടപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയത് കളക്ടറുടെ കാറില്‍. ഇത്രയും നാള്‍ ഒരിക്കല്‍ പോലും ഇരുന്നിട്ടില്ലാത്ത പിന്‍സീറ്റില്‍ കളക്ടര്‍ക്കൊപ്പം ഇരിക്കാന്‍ മാഡം ക്ഷണിക്കുമ്പോള്‍ എനിക്ക് കണ്ണുനിറയുന്നുണ്ടായിരുന്നു. പരിഭ്രമവും തോന്നി.''
കടപ്പൂരെ കുഴിമുള്ളില്‍ വീട്ടില്‍ കളക്ടര്‍ ഡോ.പി.കെ. ജയശ്രീയാണ് അനില്‍കുമാറിനെ ഒപ്പംകൊണ്ടുപോയിവിട്ടത്. ഒരിക്കല്‍ ഏതോ സംസ്ഥാനത്ത് വിരമിച്ച ഡ്രൈവറെ, കളക്ടര്‍ ഡ്രൈവ്‌ചെയ്ത് വീട്ടില്‍ കൊണ്ടാക്കിയ വാര്‍ത്തയാണ് അപ്പോള്‍ അനില്‍കുമാര്‍ ഓര്‍ത്തത്. കളക്ടര്‍മാരുടെ സ്ഥിരം ഡ്രൈവറാകാന്‍ അവസരം കിട്ടിയതിന് പിന്നില്‍ അര്‍പ്പണബോധം തന്നെയെന്ന് അനിലും. ഒരു കാര്യങ്ങളിലും അനാവശ്യമായി ഇടപെട്ടിട്ടില്ല. കളക്ടര്‍ കാറിലിരുന്നു കാര്യങ്ങള്‍ സംസാരിച്ചാല്‍ അതെന്താണെന്ന് അന്വേഷിക്കാറില്ല.
നിര്‍ത്തിയിട്ട കാറിലിരുന്നു കളക്ടര്‍ സംസാരിച്ചാല്‍ ഡോര്‍ തുറന്ന് പുറത്തുനില്‍ക്കും. ഇത്രയും ഉത്തരവാദിത്വത്തോടെ ജോലിചെയ്യുന്നവര്‍ അപൂര്‍വമെന്ന് കളക്ടര്‍ ഡോ.പി.കെ. ജയശ്രീയുടെ സാക്ഷ്യപ്പെടുത്തല്‍. ആ മികവ് തിരിച്ചറിഞ്ഞ മുന്‍ കളക്ടര്‍മാര്‍ പലരും ചൊവ്വാഴ്ച അനിലിനെ ഫോണില്‍ വിളിച്ച് ആശംസിച്ചു. മുന്‍ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഭാര്യയ്‌ക്കൊപ്പം വീട്ടിലെത്തി. ഭാര്യ: രാജിമോള്‍, ഫാര്‍മസിസ്റ്റ് (മാതാ ആശുപത്രി). മക്കള്‍: സത്യജിത്, അനുശ്രീ.
Content Highlights: Anil Kumar works as driver of kottayam district collector for last 17 years, 14 collectors