ഷവോമി SU7 അള്‍ട്ര, ഈ കാര്‍ കിട്ടാന്‍ കാശ് മാത്രം പോര, ചില പരീക്ഷണങ്ങള്‍ കൂടിയുണ്ട്

ഷവോമി എസ്.യു.7 അള്‍ട്രാ | Photo: Xiaomi
ഷവോമി എസ്.യു.7 അള്‍ട്രാ | Photo: Xiaomi

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ കരുത്തുതെളിയിച്ച ചൈനീസ് കമ്പനിയാണ് ഷവോമി. ഈ കമ്പനിയുടെ ഇലക്ട്രിക് കാറിലേക്കുള്ള ചുവടുവയ്പ്പായിരുന്നു എസ്.യു.7 എന്ന മോഡലിലൂടെ സാധ്യമായത്. എസ്.യു.7 മോഡലിന് പുറമെ ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സ് പതിപ്പായി ഇക്കഴിഞ്ഞ ജൂലായിയിലാണ് എസ്.യു.7 അള്‍ട്രാ എന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് ഷവോമി പുറത്തിറക്കിയത്. കരുത്തന്‍ മോഡലായതിനാല്‍ തന്നെ ഈ വാഹനം സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചില യോഗ്യത പരീക്ഷകളാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. 

നിലവില്‍ പ്രോട്ടോടൈപ്പ് മാത്രം എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ വൈകാതെ ആരംഭിക്കുമെന്നാണ് ഷവോമി നല്‍കുന്ന സൂചന. എന്നാല്‍, കൈയില്‍ കാശുള്ളത് കൊണ്ടുമാത്രം ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വാഹനം വാങ്ങാന്‍ എത്തുന്നവര്‍ക്കായി ഷവോമി ഒരു ഡ്രൈവിങ്ങ് പരീക്ഷ നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ വാഹനം സ്വന്തമാക്കാനാകു. ഇതിനുപുറമെ, വേറെയും പരീക്ഷണങ്ങള്‍ ഉണ്ടെന്നാണ് സൂചനകള്‍. 

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വൈകാതെ നിര്‍മാതാക്കള്‍ അറിയിക്കും. ലോകത്തില്‍ ഇന്നുവരെ എത്തിയിട്ടുള്ളതില്‍ ഏറ്റവും വേഗതയുള്ള നാല് ഡോര്‍ സെഡാന്‍ വാഹനം എന്ന ഖ്യാതി എസ്.യു.7 അള്‍ട്ര മോഡലിന് സ്വന്തമാക്കാനാണ് നിര്‍മാതാക്കളായ ഷവോമിയുടെ ശ്രമം. ക്വിക്ക് ആക്‌സിലറേഷന്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 

രണ്ട് വി8, ഒരു വി6 എന്നീ മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്ന വാഹനമാണ് ഷവോമി എസ്.യു.7 അള്‍ട്രാ. 1548 ബി.എച്ച്.പി. പവറാണ് ഈ മോട്ടോറുകള്‍ ഉത്പാദിപ്പിക്കുന്ന പവര്‍. വേഗത എടുക്കുന്നതിലാണ് ഈ കരുത്ത് പ്രതിഫലിക്കുന്നത്. കേവലം 1.97 സെക്കന്റില്‍ 100 കിലോമീറ്ററും ആറ് സെക്കന്റില്‍ 200 കിലോമീറ്ററും, വേഗമെടുക്കാനുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. പോര്‍ഷെയും ടൈകാന്‍, ടെസ്‌ലയുടെ മോഡല്‍ എസ് പ്ലെയ്ഡ് എന്നീ വാഹനങ്ങളോടാണ് എസ്.യു.7 അള്‍ട്ര മത്സരിക്കുന്നത്. 

എസ്.യു.7 വാഹനശ്രേണിയിലെ ഉയര്‍ന്ന വേരിയന്റിന്റെ സ്ഥാനമാണ് അള്‍ട്രയ്ക്ക് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, എസ്.യു.7, എസ്.യു.7 പ്രോ, എസ്.യു.7 മാക്‌സ് എന്നീ പതിപ്പുകളിലും ഈ ഇലക്ട്രിക് മോഡല്‍ എത്തുന്നുണ്ട്. ഭാരം കുറഞ്ഞ രീതിയില്‍ ഒരുക്കുന്നതിനായി കാര്‍ബണ്‍ ഫൈബറിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റെഗുലര്‍ എസ്.യു.7 മോഡലിനെ അപേക്ഷിച്ച് 500 കിലോഗ്രാം ഭാരം കുറച്ചാണ് അള്‍ട്രി മോഡല്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 1900 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം.

Source

Content Highlights: Xiaomi will sell SU7 Ultra hyper car only after customers pass a driving test conducted by company