കരുത്തരിൽ കരുത്തൻ ഇന്ത്യയിലെത്തി; ഷവോമി SU 7 സ്വന്തമാക്കാൻ ഇനിയും കാത്തിരിക്കണം

ഷവോമി എസ്.യു.7 ഇലക്ട്രിക് സെഡാന്‍ | Photo: Mathrubhumi
ഷവോമി എസ്.യു.7 ഇലക്ട്രിക് സെഡാന്‍ | Photo: Mathrubhumi

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഇലക്ട്രോണിക്‌സ് മേഖലകളിലുമെല്ലാം കഴിഞ്ഞ 10 വര്‍ഷമായി സജീവസാന്നിധ്യമാണ് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി. ഇന്ത്യയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുതിയ സ്മാര്‍ട്ട് ഫോണ്‍ പ്രതീക്ഷിച്ചിരുന്നവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ കമ്പനി. ഷവോമിയുടെ സ്വന്തം രാജ്യത്ത് ഉള്‍പ്പെടെ മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച എസ്.യു.7 എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ എത്തിച്ചാണ് ആഘോഷം കൂടുതല്‍ കളറാക്കിയിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ ചൈനയില്‍ മാത്രമെത്തിച്ച വാഹനം ലോകത്തിലാകമാനം എത്തിക്കുമെന്നാണ് ഷവോമി ഉറപ്പുനല്‍കിയിരുന്നത്. ഷവോമിയുടെ ആദ്യ വാഹനമാണെങ്കില്‍ പോലും മികച്ച പ്രകടനം, പരിസ്ഥിതി സൗഹാര്‍ദം, ഉയര്‍ന്ന സാങ്കേതികവിദ്യ എന്നിവ നല്‍കിയാണ് എസ്.യു.7 ഒരുക്കിയിട്ടുള്ളതെന്നാണ് ഷവോമി അറിയിച്ചിരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് പ്രദര്‍ശനത്തിന് മാത്രമാണെന്നാണ് വിവരം. വിപണിയില്‍ എത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഈ വാഹനത്തിനൊപ്പം സുപ്രധാനമായ അഞ്ച് ഇലക്ട്രിക് വെഹിക്കിള്‍ സാങ്കേതികവിദ്യ കൂടി ഷവോമിയില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോര്‍, സെല്‍-ടു-ബോഡി ഇന്റഗ്രേറ്റഡ് ബാറ്ററി, ഡൈ-കാസ്റ്റിങ്ങ്, പൈലറ്റ് ഓട്ടോണമസ് ഡ്രൈവിങ്ങ്, സ്മാര്‍ട്ട് ക്യാബിന്‍ എന്നിവയാണ് ഷവോമി ഈ ഇലക്ട്രിക് വാഹനത്തിനായി വികസിപ്പിച്ചിരിക്കുന്നത്. 3400-ല്‍ അധികം എന്‍ജിനിയര്‍മാരും 1000-ത്തോളം സാങ്കേതിക വിദഗ്ധരുടെയും അധ്വാനമാണ് ഈ വാഹനമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍വെച്ച് കരുത്തനായി ഇലക്ട്രിക് സെഡാനാണ് എസ്.യു.7. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിന്റെ സുപ്രധാന ഹൈലൈറ്റ്. 2.78 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഹത്തിലെത്തുന്ന എസ്.യു7-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 265 കിലോ മീറ്ററാണ്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ടാകും. 10 ശതമാനത്തില്‍നിന്ന് 80 ശതമാനത്തിലേക്ക് ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റുകള്‍ മതി.

673 പി.എസ്. പവറും 838 എന്‍.എം. ടോര്‍ക്കുമേകുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ മോഡലാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. എന്നാല്‍, ചൈനയില്‍ 299 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന സ്റ്റാന്റേഡ്, പ്രോ മോഡലുകളും ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്.യു.7 മാക്സും എത്തുന്നുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം ചൈനയില്‍ എത്തുന്നത്. 73.6 കിലോ വാട്ട്, 101 കിലോ വാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി.

Content Highlights: Xiaomi showcased the first electric car SU7 in India during 10 anniversary celebrations