ഓരോ 76 സെക്കന്റിലും ഒരു കാര്‍; ഷവോമിയുടെ കാര്‍ നിര്‍മാണവും മിന്നല്‍ വേഗത്തിലാണ്

ഷവോമി എസ്.യു.7 ഇലക്ട്രിക് സെഡാന്‍ | Photo: Mathrubhumi
ഷവോമി എസ്.യു.7 ഇലക്ട്രിക് സെഡാന്‍ | Photo: Mathrubhumi

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമിയുടെ ഇലക്ട്രിക് കാര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എസ്.യു.7 എന്ന പേരില്‍ ഒരുങ്ങിയിരിക്കുന്ന ഈ ഇലക്ട്രിക് കാറിന് സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായ വേഗതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ വാഹനം നിര്‍മിക്കാനെടുക്കുന്ന സമയമാണ് ഇതിനെക്കാള്‍ കൗതുകം. 

ഷവോമി വികസിപ്പിച്ചിട്ടുള്ള ഓട്ടോമേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെ എല്ലാ ഒരു മണിക്കൂറിലും 40 വാഹനങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അല്ലെങ്കില്‍ ഏകദേശം 76 സെക്കന്റില്‍ ഒരു വാഹനം എന്ന നിലയില്‍ കാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. കമ്പനിയുടെ ജിഗാകാസ്റ്റിങ്ങും സ്റ്റാമ്പിങ്ങ് സംവിധാനവും ഉപയോഗപ്പെടുത്തി വികസിപ്പിച്ചിട്ടുള്ള പ്രൊഡക്ഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ അതിവേഗ വാഹന നിര്‍മാണം. 

ഈ സംവിധാനത്തിലാണ് വാഹനത്തിന്റെ റിയര്‍ ഫ്‌ളോര്‍ അസംബിള്‍ ചെയ്യുന്നത്. ഇതുവഴി വാഹനത്തിന്റെ സ്റ്റാമ്പിനും വെല്‍ഡിങ്ങിനുമായി ഉപയോഗിച്ചിരുന്ന 72 പാര്‍ട്‌സുകള്‍ കുറയ്ക്കാന്‍ സാഹായിച്ചിട്ടുണ്ട്. റിയര്‍ ഫ്‌ളോര്‍ അസംബിള്‍ ചെയ്യാന്‍ ഇപ്പോള്‍ കേവലം 100 സെക്കന്റ് മാത്രമാണ് സമയമെടുക്കുന്നത്. റിയര്‍ ഫ്‌ളോര്‍ ഒരു പാര്‍ട്‌സ് ആയി ഒരുങ്ങുന്നതിനാല്‍ 840 വെല്‍ഡിങ്ങ് പോയന്റുകളും വാഹന നിര്‍മാണത്തിന്റെ സമയത്തില്‍ 45 ശതമാനം കുറവ് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 

എസ്.യു.7-ന്റെ നിര്‍മാണത്തിന് സഹായിക്കുന്ന, ഹെയ്തിയുമായി സഹകരിച്ച് ഷവോമി നിര്‍മിച്ച 9100t എന്ന സംവിധാനത്തിനൊപ്പം 60 ഡിവൈസുകളും 433 പ്രോസസറുകളും ഉപയോഗിക്കുന്ന ഡൈ-കാസ്റ്റിങ്ങ് മെഷിനുകളും ഷവോമി നിര്‍മിച്ചിട്ടുണ്ട്. ഷവോമിയുടെ വാഹന നിര്‍മാണ പ്ലാന്റില്‍ 700 റോബോട്ടുകളും 181 ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകളും ഉപയോഗിക്കുന്നുണ്ട്. മെഷിനുകളുടെ സഹായത്തോടെയാണ് വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമതയും വിലയിരുത്തുന്നത്. 

അടുത്തിടെയാണ് ഇലക്ട്രോണിക്‌സ് മേഖലയിലെ വമ്പന്മാരായ ഷവോമി വാഹന നിര്‍മാണത്തിലേക്കും തിരിഞ്ഞത്. എസ്.യു.7 എന്ന പേരിലാണ് ആദ്യ ഇലക്ട്രിക് വാഹനം ഒരുങ്ങിയത്. 2.16 ലക്ഷം യുവാന്‍ മുതലാണ് ഇതിന്റെ വില. അതായത് ഏതാണ്ട് 25 ലക്ഷം രൂപ മുതല്‍. ടെസ്ലയുടെ മോഡല്‍ 7 എന്ന ഇലക്ട്രിക് കാറുമായായിരിക്കും ഷവോമി എസ്.യു.7 മത്സരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഹത്തിലെത്തുന്ന എസ്.യു7-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്.  

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നുണ്ട്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. വാഹനത്തിന്റെ ചാര്‍ജിങ്ങ് സമയമാണ് എസ്.യു.7-ന്റെ മറ്റൊരു ഹൈലൈറ്റ്. അള്‍ട്ര ചാര്‍ജര്‍ ഉപയോഗിച്ച് കേവലം അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തും. ഇത് 15 മിനിറ്റാണെങ്കില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

സ്റ്റാന്റേഡ്, പ്രോ മോഡലുകള്‍ 299 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡ്യുവല്‍ മോട്ടോറുകളുള്ള എസ്.യു.7 മാക്‌സ് പെര്‍ഫോമെന്‍സ് ഭീമനാണ്. മുന്നിലേയും പിന്നിലേയും ആക്‌സിലുകളില്‍ നല്‍കുന്ന ഇതിലെ സൂപ്പര്‍ മോട്ടോര്‍ വി6 637 എച്ച്.പി. പവറും 838 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന് 200-ല്‍ എത്താന്‍ വെറും 10 സെക്കന്റ് മതി.

Source

Content Highlights: Xiaomi can produce Electric car SU7 every 76 seconds says report