ഫുൾ ഹൈബ്രിഡ് വാഗൺ ആർ വരുന്നു, ഞെട്ടിപ്പിക്കുന്ന മൈലേജ്, താങ്ങാവുന്ന വില

ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ മുന്നിൽതന്നെയുള്ള മോഡലാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. പെർഫോമെൻസ്, ഉയർന്ന ഇന്ധനക്ഷമത, ഇന്റീരിയർ സ്പെയ്സ് എന്നിവകൊണ്ടെല്ലാം ഇന്ത്യക്കാരുടെ പ്രിയവാഹനമായി ഈ ടോൾ ബോയ് ഹാച്ച് മാറി. 1999 ഡിസംബര്‍ 18-ന് പുറത്തിറങ്ങിയ ഈ ജനപ്രിയ മോഡൽ അതുകൊണ്ടുതന്നെയാണ് ഇന്നും ജൈത്രയാത്ര തുടരുന്നത്. വാഗൺ ആറിന്റെ പുത്തൻ മോഡലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സുസുക്കി. പൂർണമായും ഹൈബ്രിഡ് സംവിധാനത്തോടെയുള്ള വാഹനമായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്. ഈ വർഷം അവസാനം ജപ്പാനിൽ പുതിയ വാഗൺ ആർ പുറത്തിറക്കും.
സിസുക്കിയുടെ സ്ട്രോങ് ഹൈബ്രിഡ് സംവിധാനമായിരിക്കും പുത്തൻ വാഗൺ ആറിൽ ഉപയോഗിക്കുക. 660 സി.സി., ഇൻ ലൈൻ 3, ഡി.ഒ.എച്ച്.സി പെട്രോൾ എൻജിനൊപ്പമാണ് ഈ ഹൈബ്രിഡ് വരുന്നത്. 54 പിഎസ് കരുത്തും 58 എൻ.എം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോർ 10 പിഎസ് പവറും 29 എൻ.എം. ടോർക്കുമാണ് പുറത്തെടുക്കുക. ഇന്ധനക്ഷമതയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ലിറ്ററിന് 30-40 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡ് പവർട്രെയിനിന് പുറമെ കൂടുതൽ ഫീച്ചറുകളും പുത്തൻ വാഗൺ ആറിൽ ഉണ്ടാകും. നിലവിലുള്ള സ്റ്റാന്റേർഡ് ഡോറുകൾക്ക് പകരം സ്ലൈഡിങ് ഡോറുകളാണ് പ്രതീക്ഷിക്കുന്നത്. 3,395 എം.എം. നീളം, 1,475 എം.എം. വീതി, 1,650 എം.എം. ഉയരം, 2460 എം.എം. വീൽബേസ് എന്നിങ്ങനെയാകും ഡൈമെൻഷൻസ്. 850 കിലോയാണ് ഭാരം. 1.3 മില്യൺ യെൻ (ഏകദേശം 7.65 ലക്ഷം ഇന്ത്യൻ രൂപ) ആണ് ജപ്പാനിൽ പുതിയ വാഗൺ ആറിന്റെ പ്രാരംഭവില പ്രതീക്ഷിക്കുന്നത്. ഉയർന്ന വേരിയന്റിന് 1.9 മില്യൺ യെൻ (11.19 ലക്ഷം രൂപ)യാകുമെന്നും കരുതുന്നു.
ഇനി ഇന്ത്യൻ വിപണിയിലേക്ക് വന്നാൽ, സാധാരണക്കാരന് താങ്ങാനാകാവുന്ന ഹൈബ്രിഡ് സംവിധാനത്തിന്റെ പണിപ്പുരയിലാണ് മാരുതി സുസുക്കി. വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ഫ്രോങ്സ് തുടങ്ങിയ ചെറു കാറുകളിൽ ഇത് ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ ഹൈബ്രിഡ് സിസ്റ്റം 1.2 ലിറ്റർ 3സിലിണ്ടർ പെട്രോൾ എൻജിനോടൊപ്പമാകും ചേർക്കുക. മാരുതിക്ക് ടൊയോട്ടയിൽനിന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യ കടമെടുക്കാൻ സാധിക്കുമെങ്കിലും അത് ചെലവേറിയതാകും. ഈ കാരണത്താലാണ് മാരുതി സ്വന്തമായി ചെലവ് കുറഞ്ഞ ഹൈബ്രിഡ് സംവിധാനം വികസിപ്പിക്കുന്നത്.
Content Highlights: WagonR To Go Full Hybrid