ഫോക്‌സ്‌വാഗണ്‍ കൂപ്പെ എസ്‌യുവി നിവോസിന്റെ വരവിന് രണ്ടുനാള്‍; എത്തുന്നത് മൂന്ന് വേരിയന്റില്‍

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കാനൊരുങ്ങുന്ന വാഹനമാണ് നിവോസ്. കൂപ്പെ ഡിസൈനിലൊരുങ്ങുന്ന ഈ വാഹനത്തിന്റെ ആഗോള അവതരണം മേയ് 28-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലില്‍ നിര്‍മിച്ച ഈ വാഹനത്തിന്റെ ആദ്യ അവതരണവും ഇവിടെയായിരിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ ടീസര്‍ മുമ്പ് പുറത്തുവന്നിരുന്നു.
കോവിഡ്-19 ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണിലായിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്നായിരുന്നു സൂചന. നിവോസ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനൊപ്പം, പുതിയ ഫിനാന്‍ഷ്യല്‍ സ്‌കീമും ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കമ്പനികള്‍ അവതരിപ്പിച്ചതിന് സമാനമായി ഇപ്പോള്‍ വാങ്ങി പിന്നെ പണം നല്‍കുന്ന പദ്ധതിയായിരിക്കുമത്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും കൂപ്പെ ഡിസൈനിലുള്ള നിവോസും ഒരുങ്ങുന്നത്. 200 TSI, 200 TSI കംഫോര്‍ട്ട്‌ലൈന്‍, 200TSI ഹൈലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും നിവോസ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം സ്‌പോര്‍ട്ടി ഭാവത്തിലുള്ള ആര്‍-ലൈന്‍ പാക്കേജ് ഓപ്ഷണലായി നല്‍കുമെന്നും സൂചനയുണ്ട്.
ഫോക്‌സ്‌വാഗണിന്റെ പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലായ പൊളോയെ അടിസ്ഥാനമാക്കിയാണ് നിവോസ് ഒരുങ്ങുന്നത്. കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ വ്യക്തമാക്കുന്നതാണ് നിവോസിന്റെ പുതിയ ചിത്രം. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിട്ടില്ല.
4.26 മീറ്ററാണ് നിവോസിന്റെ നീളം. വിദേശനിരത്തുകളിലെത്തിയിട്ടുള്ള ടിക്രോസിനെക്കാള്‍ 60 സെന്റീമീറ്റര്‍ അധികമാണ് നിവോസിന്റെ നീളം. എന്നാല്‍ വീല്‍ബേസിന്റെ കാര്യത്തില്‍ ടിക്രോസാണ് വമ്പന്‍. 2.65 സെന്റിമീറ്ററാണ് ഇതിന്റെ വീല്‍ബേസ്. അതേസമയം, 2.56 സെന്റീമീറ്റര്‍ മാത്രമാണ് നിവോസിന്റെ വീല്‍ബേസ് എന്നാണ് റിപ്പോര്‍ട്ട്.
ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. അതേസമയം ഇന്ത്യയിലേക്ക് നിവോസ് പരിഗണിക്കുന്ന കാര്യത്തില്‍ ഇതുവരെ ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.
Source: India Car News
Content Highlights: Volkswagen Nivus Coupe SUV World Debut On May 28
Content Highlights: