റിവിയനിലേക്ക് കോടികള്‍ ഒഴുക്കി ഫോക്‌സ്‌വാഗണ്‍; ഇലക്ട്രിക് കാറുകള്‍ ഇനി ഈ കൂട്ടുകെട്ടില്‍

ഇലക്ട്രിക് വാഹനങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി അമേരിക്കല്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ റിവിയനില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ്‌വാഗണ്‍. അഞ്ച് മില്ല്യണ്‍ ഡോളറാണ് (ഏകദേശം നാല്പതിനായിരം കോടി രൂപയില്‍ അധികം) ഫോക്‌സ്‌വാഗണ്‍ റിവിയനില്‍ നിക്ഷേപിക്കുകയെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആര്‍കിടെക്ചര്‍, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി എന്നിവ വികസിപ്പിക്കുന്നതിനായാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്.
വരും വര്‍ഷങ്ങളില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇരുകമ്പനികളും ചേര്‍ന്നൊരുക്കുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്താനാണ് ഫോക്‌സ്‌വാഗണും റിവിയനും ലക്ഷ്യമിടുന്നത്. റിവിനായുമായി സഹകരിച്ച് വാഹനങ്ങളും സാങ്കേതികവിദ്യയും ഒരുക്കുമ്പോഴും, ഫോക്‌സ്‌വാഗണ്‍ നോര്‍ത്ത് അമേരിക്കയില്‍ ഒരുക്കുമെന്ന് അറിയിച്ചിട്ടുള്ള ഇലക്ട്രിക് ബ്രാന്റായ സ്‌കൗട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
സഹകരണത്തിന്റെ ആദ്യഘട്ടമെന്നോണം ഫോക്‌സ്‌വാഗണ്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ റിവിയന് നല്‍കും. 2026-ഓടെ ശേഷിക്കുന്ന നാല് ബില്ല്യണ്‍ ഡോളറും റിവിയന് കൈമാറുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണും റിവിനയും തുല്യമായ ഉടമസ്ഥതയും നിയന്ത്രണവുമുള്ള സംയുക്ത സംരംഭം ഈ വര്‍ഷം അവസാന പാദത്തോടെ യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മികച്ച സാങ്കേതികവിദ്യ ഒരുക്കുന്നതിനായി റിവിയനുമായി സഹകരിക്കുന്നതിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ വാഹനങ്ങള്‍ ഒരുക്കാന്‍ റിവിയനുമായുള്ള കൂട്ടുകെട്ട് വഴിയൊരുക്കും. മികച്ച സാങ്കേതികവിദ്യ ഒരുക്കുന്നതിനൊപ്പം നിലവിലുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം ശക്തിപ്പെടുത്തുകയും ഇതുവഴി മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് ഫോക്‌സ്‌വാഗണ്‍ മേധാവി ഒലിവര്‍ ബ്ലൂം ഉറപ്പുനല്‍കുന്നത്.
ആദ്യഘട്ടം മുതല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് റിവിയന്‍ വികസിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്ന് അത് തിരിച്ചറിയുകയും ഞങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തതില്‍ അഭിമാനമുണ്ട്. ഈ സഹകരണത്തിലൂടെ റിവിയാന് സാമ്പത്തിക നേട്ടമുണ്ടാകുന്നതിന് പുറമെ, പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് റിവിയന്‍ മേധാവി അറിയിച്ചു.
Content Highlights: Volkswagen invest 5 million dollar in Rivian electric Vehicles