മ്യൂസിക് മുഖ്യം, സൗണ്ടിന്റെ മാജിക്കുമായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ്, ടൈഗൂണ്‍ സൗണ്ട് എഡിഷന്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ഹിറ്റായ രണ്ട് മോഡലുകളാണ് ജര്‍മാന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എത്തിച്ചിട്ടുള്ള വെര്‍ട്യൂസ് എന്ന സെഡാനും ടൈഗൂണ്‍ എന്ന മിഡ് സൈസ് എസ്.യു.വിയും. ഈ വാഹനങ്ങളുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. സൗണ്ട് എഡിഷന്‍ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ വാഹനം രണ്ട് മോഡലുകളുടെയും ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.
ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വെര്‍ട്യൂസ്, ടൈഗൂണ്‍ സൗണ്ട് എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സൗണ്ട് എഡിഷന്‍ വെര്‍ട്യൂസിന്റെ മാനുവല്‍ മോഡലിന് 15.52 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 16.77 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ടൈഗൂണ്‍ സൗണ്ട് എഡിഷന്‍ പതിപ്പിന്റെ മാനുവൽ ട്രാന്‍സ്മിഷന് 16.33 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 17.90 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയാകും.
എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനത്തിനുള്ളിലെ സംഗീതാനുഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സൗണ്ട് എഡിഷന്‍ മോഡലുകള്‍ എത്തിച്ചിരിക്കുന്നത്. പവേര്‍ഡ് മുന്‍നിര സീറ്റുകള്‍ക്കൊപ്പം സ്പീക്കറും അംപ്ലിഫയര്‍ സിസ്റ്റവും നല്‍കിയിട്ടുള്ളതാണ് സൗണ്ട് എഡിഷന്‍ മോഡലിനെ റെഗുലര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ മൂന്ന് ഫീച്ചറുകളും മുമ്പ് ജി.ടി. പ്ലസ് വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളവയായിരുന്നു.
റെഗുലര്‍ പതിപ്പില്‍ നിന്ന് ഡിസൈന്‍ മാറ്റങ്ങള്‍ കാര്യമായി വരുത്താതെയാണ് സൗണ്ട് എഡിഷന്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, സി പില്ലറില്‍ വാഹനത്തിന്റെ പേര് സൂചിപ്പിക്കുന്ന തരത്തില്‍ പ്രത്യേകം ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ലാവ ബ്ലൂ, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, വൈല്‍ഡ് ചെറി റെഡ്, റൈസിങ്ങ് ബ്ലൂ എന്നീ നാല് നിറങ്ങളില്‍ വെര്‍ട്യൂസിന്റെയും ടൈഗൂണിന്റെയും സൗണ്ട് എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്.
രണ്ട് മോഡലിന്റെയും ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് സൗണ്ട് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓട്ടോ ഡിമ്മിങ്ങ് റിയര്‍വ്യൂ മിറര്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
റെഗുലര്‍ മോഡലുകളിലെ മെക്കാനിക്കല്‍ സംവിധാനം കടംകൊണ്ടാണ് സൗണ്ട് എഡിഷന്‍ പതിപ്പുകളും വിപണിയില്‍ എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ടി.എസ്.ഐ. പെട്രോള്‍ എന്‍ജിന്‍ മോഡലാണ് ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത്. ഇത് 115 ബി.എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും സൗണ്ട് എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ട്.
Content Highlights: Volkswagen India introduces the new Sound Edition on Taigun and Virtus