എസ്.യു.വി. സെഗ്മെന്റ് തൂക്കാന്‍ ഫോക്‌സ്‌വാഗണ്‍ പടക്കുതിര; ടിഗ്വാന്‍ ആര്‍-ലൈന്‍ വരവിനൊരുങ്ങി

ടൈഗൂണ്‍, ടിഗ്വാന്‍, വെര്‍ടസ് എന്നിങ്ങനെ ഫോക്‌സ്‌വാഗണ്‍ അടുത്തിടെ വിപണിയില്‍ എത്തിച്ച വാഹനങ്ങള്‍ക്കെല്ലാം വിജയത്തിന്റെ കഥ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. റെഗുലര്‍ വാഹനങ്ങളിലൂടെ കൈവരിച്ച വിജയം ആവര്‍ത്തിക്കാന്‍ ഇനിയെത്തുന്നത് ഒരു പെര്‍ഫോമെന്‍സ് മോഡലാണ്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആര്‍-ലൈന്‍ പതിപ്പാണ് വിപണിയില്‍ എത്താനൊരുങ്ങുന്നത്. ഏപ്രില്‍ 14-ന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ സവിശേഷതകളും ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ആര്‍-ലൈനിന്റെ ഹൃദയം. ഇത് 204 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ ഫോക്‌സ്‌വാഗണിന്റെ ഫോര്‍ മോഷന്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. 7.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവനധി വേഗത 229 കിലോമീറ്ററാണ്.
കെട്ടിലും മട്ടിലും ഒരു പെര്‍ഫോമെന്‍സ് വാഹനമെന്ന് തെളിയിക്കുന്ന ഡിസൈനാണ് ആര്‍-ലൈനില്‍ നല്‍കിയിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിയാണ് പെര്‍ഫോമെന്‍സ് പതിപ്പിന്റെ വരവ്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. പൊസിഷന്‍ ലൈറ്റ്, ഹണി കോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ഫൈവ് സ്‌പോക്ക് അലോയി വീല്‍, സിംഗിള്‍ യൂണിറ്റായി ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ് തുടങ്ങിയവയെല്ലാമാണ് പെര്‍ഫോമെന്‍സ് വാഹനത്തിന്റെ ഭാവമൊരുക്കുന്നത്.
പ്രീമിയം വാഹനങ്ങളിലേതിനോട് കിടപിടിക്കുന്ന ഇന്റീരിയറാണ് ടിഗ്വാന്‍ ആര്‍-ലൈന്‍ എസ്.യു.വിയുടെ മറ്റൊരു സവിശേഷത. കറുപ്പാണ് അകത്തളത്തിന്റെ ഭാവം. 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഗ്ലോസി ബ്ലാക്ക് എലമെന്റുകളില്‍ തീര്‍ത്തിരിക്കുന്ന ഡാഷ്‌ബോര്‍ഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്‌പോര്‍ട്ടി സ്റ്റിയറിങ് വീല്‍, വെന്റിലേറ്റ് സീറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഇതിലുള്ളത്. ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ എംഐബി4 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്.
കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍ കരുതലുകളും നിര്‍മാതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്. അഡാസാണ് ഇതില്‍ പ്രധാനം. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളാണ് അഡാസില്‍ അധിഷ്ഠിതമായി ഒരുങ്ങുന്നത്. ആറ് നിറങ്ങളില്‍ ആര്‍-ലൈന്‍ എത്തു. പെര്‍സിമോണ്‍ റെഡ് മെറ്റാലിക്, നൈറ്റ്‌ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, ഓയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നിവയാണ് ഈ നിറങ്ങള്‍.
Content Highlights: Volkswagen Tiguan R-Line a performance SUV launches in India on April 14th