ബിവൈഡിക്കും കിയയ്ക്കും വൻ വെല്ലുവിളി; ഇന്ത്യയിൽ ഏഴ് സീറ്റർ ഇലക്ട്രിക് MPV ഇറക്കി വിൻഫാസ്റ്റ്

വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ വാഹന നിരയിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് നിർമാതാക്കൾ. വിഎഫ് എംപിവി 7 എന്ന പേരിൽ എത്തിച്ചിരിക്കുന്ന ഈ വാഹനത്തിന് 24.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു വേരിയന്റിൽ മാത്രം എത്തിയിട്ടുള്ള ഈ ഏഴ് സീറ്റർ എംപിവി ഇന്ത്യൻ നിരത്തുകളിൽ കിയ കാരൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്‌സ് 7 എന്നീ മോഡലുകളുമായായിരിക്കും ഏറ്റുമുട്ടുക.
റേഞ്ചും പവറും
ഇന്ത്യയിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എംപിവികളിൽ ഉയർന്ന റേഞ്ചാണ് ഈ വാഹനം ഉറപ്പുനൽകുന്നത്. 60.13 കിലോവാട്ട് ബാറ്ററി പാക്കാണ് വിഎഫ് എംപിവി 7 മോഡലിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 517 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 204 എച്ച്പി പവറും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. മൂന്ന് ഡ്രൈവിങ് മോഡുകൾ നൽകിയിട്ടുള്ള ഈ എംപിവി ഒമ്പത് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. 80 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 30 മിനിറ്റിൽ 70 ശതമാനം ചാർജ് നിറയും.
ഡിസൈൻ
ബോക്സി ഡിസൈനിലാണ് വിഎഫ് എംപിവി 7 ഒരുങ്ങിയിരിക്കുന്നത്. കാഴ്ചയിൽ വിഎഫ്6, വിഎഫ്7 മോഡലുകൾക്ക് സമാനമാണ്. വെർട്ടിക്കിൾ സ്റ്റാക്ക് എൽഇഡി ഹെഡ്ലാമ്പുകൾ, മുന്നിൽ നിറഞ്ഞ് നിൽക്കുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ്, വിൻഫാസ്റ്റ് ലോഗോ എന്നിവയാണ് മുന്നിലുള്ളത്. വിഎഫ് എംപിവി 7 ഗ്ലോബൽ മോഡലിൽ 19 ഇഞ്ച് വലിപ്പമുള്ള എയറോ ഒപ്റ്റിമൈസ്ഡ് അലോയി വീലുകളാണ് നൽകിയിരിക്കുന്നത്. മുന്നിലേതിന് സമാനമായ ലൈറ്റ് ബാറാണ് ടെയ്ൽലാമ്പായി പിന്നിലുള്ളത്.
അകത്തളം
ലളിതമായ ഇന്റീരിയർ ലേഔട്ട് ആണ് വിൻഫാസ്റ്റ് വാഹനങ്ങളുടെ സവിശേഷത. വിഎഫ് എംപിവി 7-ലും ഇതേ രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഏഴ് പേർക്ക് യാത്ര ചെയ്യാനാകുന്ന സീറ്റുകളാണ് ഈ വാഹനത്തിലുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായും പ്രവർത്തിക്കുന്ന 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ലെതർ ആവരണമുള്ള സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിവയാണ് ഇന്റീരിയറിലുള്ളത്.
സുരക്ഷ
വിൻഫാസ്റ്റിന്റെ ആദ്യം മുതൽ എത്തിയ മോഡലുകൾ തന്നെ സുരക്ഷയിൽ ഏറെ കാര്യക്ഷമമായിരുന്നു. ഇക്കാര്യത്തിൽ പുതിയ മോഡലിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. നാല് എയർബാഗ്, റിയർ പാർക്കിങ് ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ.
Content Highlights: Priced at ₹24.49 Lakh (ex-showroom) for 2026., Offers an ARAI-certified range of 517 km on a single charge., Powered by a 60.13 kWh battery with 204 HP output., Fast charging: 70% charge in just 30 minutes., Advanced safety suite including 4 airbags and hill hold assist.