വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലേക്ക്

.
.

വാഹനപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ടൊയോട്ടയുടെ ഐതിഹാസിക ഓഫ് റോഡർ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എസ്.യു.വി, 2025 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. എൽ.സി 300-നെ പോലെ പ്രാഡോയും പൂർണമായി വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടൊയോട്ട പദ്ധതിയിടുന്നത് എന്നാണ് വിവരം. എൽ.സി 300-ന് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ സ്ഥാനം. ഇന്ത്യയിലെ ലോഞ്ചിനോട് അടുക്കുമ്പോഴേ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടൂ. 'ഓട്ടോ കാർ ഇന്ത്യ' ആണ് വാർത്ത റിപ്പോർട്ടുചെയ്തത്. 

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് വാഹനം ആ​ഗോളതലത്തിൽ അവതരിപ്പിച്ചത്. ടി.എൻ.ജി.എ- എഫ് ലാ‍ഡർ ഓൺ ഫ്രെയിം ചേസിസിലാണ് പ്രാഡോയുടെ നിർമാണം. 4920 എം.എം. നീളവും 2139 എം.എം. വീതിയും 1870 എം.എം. ഉയരവുമാണ് ഈ കരുത്തനായ എസ്.യു.വിക്കുള്ളത്. 2850 എം.എം വീൽബേസും 221 എം.എം. ​ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്. കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് ബമ്പറും ഉണ്ട്. ഇതെല്ലാം പരുക്കൽ ലുക്കാണ് വാഹനത്തിന് നൽകുന്നത്. 

എല്ലാ ഭൂപ്രദേശങ്ങളിലൂടെയും അനായാസം കയറിപ്പോകാവുന്ന മെച്ചപ്പെടുത്തിയ ഓൾ ടെറയിൻ സംവിധാനമാണ് വാഹനത്തിലുള്ളതെന്ന് കമ്പനി പറയുന്നു. ഓഫ് റോഡ് ഡ്രൈവിങ് മോഡുകളുടെ നവീകരണം, മൾട്ടി ട്ടെറൈൻ മോണിറ്റർ ഇന്റർഫെയ്സിന്റെ അപ്ഡേറ്റ് ഇവയെല്ലാം ഓഫ് റോഡ് ഡ്രൈവിന് സഹായമാകുമെന്നാണ് ടൊയോട്ട വ്യക്തമാക്കുന്നത്.   

കൂടുതൽ ഫീച്ചറുകളും സാങ്കേതിക വി​ദ്യയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ക്യാബിനാണ് പുതിയ പ്രാഡോയിലുള്ളത്. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ് അപ് ഡിസ്പ്ലേ, വയർലെസ് ചാർജർ എന്നിങ്ങനെ നീളുന്നു സവിശേഷതകൾ. 

യൂറോപ്പ്, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയൻ വിപണികളിൽ 48വി എം.എച്ച്.ഇ.വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 2.8 ലിറ്റർ ഓട്ടോമാറ്റിക് ഡീസൽ എഞ്ചിനാണ് പ്രാഡോയിലുള്ളത്. അമേരിക്കയിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2.4 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് പ്രാഡോയുടെ ഹൃദയം.  
 

Content Highlights: Toyota Land Cruiser Prado India launch