ക്രിസ്റ്റയുടെ അഭാവം പരിഹരിക്കാൻ ടൊയോട്ട മാജിക്; കുറഞ്ഞ വിലയിലൊരു ഹൈക്രോസ് ഹൈബ്രിഡ് എത്തിയേക്കും

ഇന്ത്യയിലെ എംപിവി ശ്രേണി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെയായി ഭരിക്കുന്നത് ടൊയോട്ടയാണ്. ഇന്നോവയിലൂടെ ആരംഭിച്ച ഈ യാത്ര ക്രിസ്റ്റയിലൂടെ വളരെയേറെ മുന്നേറുകയും ഹൈക്രോസിലൂടെ ഇപ്പോഴും തുടരുകയും ചെയ്യുകയാണ്. നിലവിൽ ഹൈക്രോസിനൊപ്പം ക്രിസ്റ്റയും ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. അതായത് ഒരേ സെഗ്മെന്റിലെ രണ്ട് വാഹനങ്ങൾ ടൊയോട്ട നിരത്തുകളിൽ എത്തിക്കുന്നുണ്ടെന്ന് സാരം.
ഹൈക്രോസിന്റെ വരവോടെ ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പെട്രോൾ എൻജിൻ തുടങ്ങിയ മോഡൽ നിർത്തിയെങ്കിലും ഡീസൽ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ മോഡൽ ഇപ്പോഴും വിൽപ്പനയിലുണ്ട്. 2027-ഓടെ ക്രിസ്റ്റയുടെ ഉത്പാദനവും വിൽപ്പനയും അവസാനിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ക്രിസ്റ്റയുടെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താൻ ഹൈക്രോസിനെ ഉപയോഗിച്ചുള്ള ഒരു പരീക്ഷണമാണ് ടൊയോട്ട ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.
ഹൈബ്രിഡ് സംവിധാനത്തോടെ ഇന്നോവ ഹൈക്രോസിന്റെ ഒരു അടിസ്ഥാന വേരിയന്റ് വിപണിയിൽ എത്തിക്കാനാണ് ടൊയോട്ടയുടെ പദ്ധതി. ക്രിസ്റ്റയ്ക്ക് പകരക്കാരനായി എത്തിക്കാൻ ഉദ്ദേശിക്കുന്ന ഈ വാഹനത്തിൽ വളരെ അടിസ്ഥാന ഫീച്ചറുകൾ മാത്രമായിരിക്കും നൽകുകയെന്നാണ് വിവരം. ടാക്‌സി സർവീസുകൾക്കും മറ്റുമായി ക്രിസ്റ്റ ഉപയോഗിക്കുന്ന ഫ്‌ളീറ്റ് ഓപ്പറേറ്ററുമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഹൈബ്രിഡ് സംവിധാനത്തോടെ ഹൈക്രോസിന്റെ കുറഞ്ഞ വേരിയന്റ് എത്തിക്കാനാണ് ടൊയോട്ടയുടെ പദ്ധതി. എന്നാൽ, വില കുറയ്ക്കുന്നതിനായി ഇപ്പോൾ വിപണിയിലുള്ള ഹൈക്രോസിലെ പല ഫീച്ചറുകളും ഒഴിവാക്കിയായിരിക്കും ഈ പതിപ്പ് എത്തിക്കുക. 2027-ഓടെ ഹൈക്രോസിന്റെ ഈ താഴ്ന്ന വേരിയന്റ് പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാക്‌സി സർവീസുകൾക്കും സ്വകാര്യ ഉപയോഗത്തിനും ഒരുപോലെ ആളുകൾ സ്വന്തമാക്കുന്ന വാഹനമാണ് ഇന്നോവ ക്രിസ്റ്റ. മെച്ചപ്പെട്ട ഇന്ധനക്ഷമത, ഡീസൽ എൻജിൻ, ബോഡി ഓൺ ഫ്രെയിം നിർമാണം, ഉയർന്ന യാത്രസുഖം തുടങ്ങിയവയെല്ലാമാണ് ഫ്‌ളീറ്റ് ഓപ്പറേറ്റർമാരെ ഈ വാഹനത്തിലേക്ക് ആകർഷിക്കാൻ കാരണം. എന്നാൽ, മോണോകോക്ക് അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള പുതിയ ഹൈക്രോസ് ഇത്തരം ഉപയോക്താക്കൾക്കിടയിൽ വലിയ പ്രചാരം നേടിയിട്ടില്ല.
പെട്രോൾ, ഹൈബ്രിഡ് സംവിധാനങ്ങളിലാണ് ഹൈക്രോസ് എത്തുന്നത്. ഹൈബ്രിഡ് മോഡലിന് ഭേദപ്പെട്ട ഇന്ധനക്ഷമതയുണ്ടെങ്കിലും ഉയർന്ന വിലയാണ് പ്രധാന വെല്ലുവിളി. പെട്രോൾ എൻജിൻ മോഡലിന് താരതമ്യേന വില കുറവാണെങ്കിലും ഇന്ധനക്ഷമതയിൽ വളരെ പിന്നിലാണ്. ഈ രണ്ട് പ്രശ്‌നങ്ങളും ഒരുപോലെ പരിഹരിച്ച് ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കിടയിൽ ശ്രദ്ധ നേടുന്നതിനും ക്രിസ്റ്റയുടെ അഭാവമുണ്ടാക്കുന്ന വിടവ് നികത്താനുമാണ് ടൊയോട്ട ഇപ്പോൾ ശ്രമിക്കുന്നത്.
Content Highlights: Toyota to launch a base-spec affordable Innova Hycross Hybrid by 2026., The move aims to fill the gap left by the discontinuation of the Innova Crysta., Targeting fleet operators with improved fuel efficiency and reduced feature set., Addressing the high cost of current Hycross hybrid models., Transitioning from traditional diesel-based MPV preference to efficient hybrid technology.