വിട പറയാൻ ഇന്നോവ ക്രിസ്റ്റ; ഉത്പാദനം നിർത്തുമെന്ന് റിപ്പോർട്ട്, MPV-കളിലെ ഏകാധിപതിക്ക് പകരക്കാരനാര്?

#Auto Desk

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസൽ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. 2027 മാർച്ചോടെ ജനപ്രിയ എം‌പി‌വി ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആദ്യം 2025-ൽ ഇന്നോവ ക്രിസ്റ്റ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ടൊയോട്ട പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചതിന് ശേഷവും അതിൻ്റെ ഉത്പാദനം തുടരാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ വരാനിരിക്കുന്നതിനാൽ ക്രിസ്റ്റയെപ്പോലുള്ള ലാഡർ-ഫ്രെയിം ഡീസൽ എം‌പി‌വികളുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണ്. കോർപറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസിയുടെ മൂന്നാം ഘട്ടത്തിലെ (CAFE 3) ചട്ടങ്ങൾ പാലിക്കുന്നതിനായി ഹൈബ്രിഡ് മോഡലുകളിൽ ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കും. കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നതിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യമാണ് CAFE 3 ചട്ടത്തിനുള്ളത്.

അതേസമയം, ഫോർച്യൂണർ ഡീസലും നിർത്തലാക്കുമോ എന്ന് വ്യക്തമല്ല. എന്നാൽ 2029-ൽ വരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ FJ-ക്ക് ഡീസൽ ഓപ്ഷൻ ഉണ്ടാകില്ല എന്നത് ഉറപ്പാണ്.

നിലവിൽ ഇന്നോവ ക്രിസ്റ്റ 2.4 ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ് ലഭ്യമാകുന്നത്. ഇത് 148 BHPയും 343 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണുള്ളത്. ഇന്നോവ ഹൈക്രോസ് പെട്രോൾ പതിപ്പിലാണ് ലഭിക്കുന്നത്. കൂടാതെ ഹൈബ്രിഡ് ഓപ്ഷനും ലഭ്യമാണ്.

ക്രിസ്റ്റ അവശേഷിപ്പിക്കുന്ന വിടവ് ആര് നികത്തും?

ഇന്നോവ ക്രിസ്റ്റയ്ക്ക് നിലവിൽ നേരിട്ടുള്ള ഒരു പകരക്കാരനോ എതിരാളിയോ ഇല്ല. ക്രിസ്റ്റ പിൻവാങ്ങുമ്പോൾ ടൊയോട്ടയ്ക്ക് ചോദ്യം ചെയ്യപ്പെടാതെ ലഭിച്ച ശക്തമായ ഡീസൽ എം‌പി‌വി വിപണിയിൽ ഒരു വലിയ വിടവ് അത് അവശേഷിപ്പിക്കും. മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ശക്തമായ ഡീസൽ പവർട്രെയിനുകൾ ഉണ്ട്.

എന്നാൽ, ഇന്നോവ ശൈലിയിലുള്ള ബോഡി-ഓൺ-ഫ്രെയിം എം‌പി‌വി ഇന്ന് വിപണിയിലില്ല. അതേസമയം ഹ്യുണ്ടായ് ഈ രൂപത്തിലുള്ള എം‌പി‌വിക്ക് പകരം മൂന്ന്-വരി ക്രോസ്ഓവറുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഹ്യുണ്ടായ് സ്റ്റാരിയയെ കാര്യമായ പ്രാദേശികവൽക്കരണത്തോടെ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇത് ക്രിസ്റ്റയുടെ വിടവ് നികത്തുമോ എന്നത് കാത്തിരുന്നു കാണണം.

Content Highlights: Toyota to discontinue the popular Innova Crysta MPV by March 2027 due to stricter emission norms. Learn more about its phase-out and the future of Toyota`s MPV lineup.