ടൊയോട്ടയുടെ 'ബേബി ലാന്‍ഡ് ക്രൂയിസര്‍', എഫ്‌ജെ പതിപ്പ് പ്രദര്‍ശനത്തിന്; ഇത്തവണ ഇന്ത്യയിലേക്കും?

ടൊയോട്ട ലാൻഡ് ക്രൂയിസര്‍ എഫ്‌ജെ | Photo: Global Toyota
ടൊയോട്ട ലാൻഡ് ക്രൂയിസര്‍ എഫ്‌ജെ | Photo: Global Toyota

ന്ത്യക്കാര്‍ക്ക് ഇപ്പോഴും കിട്ടാക്കനിയാണെങ്കിലും ഇവിടെ ഏറ്റവുമധികം ആരാധകരുള്ള ടൊയോട്ടയുടെ വാഹനങ്ങളില്‍ ഒന്നാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ. തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ വാഹനത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട. ജപ്പാനില്‍ നടക്കാനിരിക്കുന്ന മൊബിലിറ്റി ഷോയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന ഈ വാഹനം 2026-ല്‍ ടൊയോട്ടയുടെ സ്വന്തനാടായ ജപ്പാനിലെ നിരത്തുകളില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാളിതുവരെ ഇന്ത്യക്കാര്‍ കണ്ടുകൊതിച്ച ഈ വാഹനം ഇത്തവണ ഇവിടെയും എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ജപ്പാനിലെ അവതരണത്തിന് ശേഷം പ്രതീക്ഷിക്കാമെങ്കിലും കൃത്യമായ സമയം ടൊയോട്ട പുറത്തുവിട്ടിട്ടില്ല. ലാന്‍ഡ് ക്രൂയിസര്‍ മോഡല്‍ ഇന്ത്യയില്‍ എത്തിക്കുന്നത് പോലെ തന്നെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനവും ഇന്ത്യയില്‍ എത്തുകയെന്നാണ് വിലയിരുത്തല്‍.

ലാന്‍ഡ് ക്രൂയിസറുകളുടെ വമ്പന്‍ എല്‍സി 300-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബോക്‌സി രൂപത്തിലാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയും ഒരുങ്ങിയിരിക്കുന്നത്. എല്‍സി 250 മോഡലിനും താഴെയായിരിക്കും ഈ വാഹനത്തിന്റെ വിപണിയിലെ സ്ഥാനം. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി രണ്ട് എക്സ്റ്റീരിയര്‍ ഡിസൈനുകളിലും ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ പുറത്തിറക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ സ്‌പോര്‍ട്‌സ് എന്ന മോഡലില്‍ റൗണ്ട് ഹെഡ്‌ലാമ്പും റെഗുലര്‍ വേരിയന്റില്‍ ചതുരത്തിലുള്ള ഹെഡ്‌ലാമ്പുമായിരിക്കും നല്‍കുക. വലിപ്പത്തില്‍ ചെറുതാണെങ്കിലും കാഴ്ചയില്‍ ഗാംഭീര്യം തോന്നിക്കുന്ന ഡിസൈനുകളാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നല്‍കിയിട്ടുള്ള സ്‌ക്വയര്‍ ഷേപ്പ് ഗ്രില്ല്, എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും മസ്‌കുലര്‍ ഭാവത്തില്‍ തീര്‍ത്തിരിക്കുന്ന ബമ്പറുകള്‍, വീതിയേറിയ വീല്‍ ആര്‍ച്ചും ക്ലാഡിങ്ങുമെല്ലാമാണ് എക്സ്റ്റീരിയറിലുള്ളത്.

ബേബി ലാന്‍ഡ് ക്രൂയിസര്‍ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന അകത്തളമാണ് എഫ്‌ജെയിലുമുള്ളത്. മൊബിലിറ്റി ഷോയിലെ പ്രദര്‍ശനത്തിലായിരിക്കും കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തുക. എങ്കിലും 12.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മറ്റ് ലാന്‍ഡ് ക്രൂയിസര്‍ മോഡലുകള്‍ക്ക് സമാനമായ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏറ്റവും മികച്ച സീറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ അകത്തളത്തിലുണ്ട്.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ചും സ്ഥിരീകരണമായിട്ടില്ല. 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. 160 എച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം 4x4 സംവിധാനവും ഇതില്‍ ഒരുങ്ങും. 4574 എംഎം നീളം, 1854 എംഎം വീതി, 1960 എംഎം ഉയരം 2580 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ വലിപ്പം.

Content Highlights: Toyota`s iconic FJ Land Cruiser, the `baby` version, is set for a global debut. Could it finally arrive in India by 2026? Explore its retro design & rumored features.