സ്റ്റൈല്‍ മന്നനായി ഗ്ലാന്‍സ; ബലേനോയ്ക്ക്‌ പിന്നാലെ മുഖം മിനുക്കി ടൊയോട്ട ഗ്ലാന്‍സയും എത്തി

ടൊയോട്ട ഗ്ലാന്‍സ അവതരണം | Photo: Toyota
ടൊയോട്ട ഗ്ലാന്‍സ അവതരണം | Photo: Toyota

മാരുതി ബലേനോയില്‍ വന്ന തലമുറ മാറ്റത്തിന് പിന്നാലെ ഈ വാഹനത്തിന്റെ റീ ബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ പതിപ്പും അവതരിപ്പിച്ചു. ഇ.എസ്.ജി. വി. എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള പുതിയ ഗ്ലാന്‍സയ്ക്ക് 6.39 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. പുതുതലമുറ മാരുതി ബലേനോയിക്ക് 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 

മുന്‍ മോഡലില്‍ നിന്ന് അടിമുടി മാറ്റവുമായാണ് ഗ്ലാന്‍സയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. സ്‌പോര്‍ട്ടി ഡിസൈന്‍, പുതുപുത്തന്‍ ഫീച്ചറുകള്‍, കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്ന എന്‍ജിന്‍ തുടങ്ങി മാറ്റങ്ങളുടെ വലിയ നിരയാണ് ഈ വാഹനത്തിലുള്ളത്. ബലേനോയുടെ റീബാഡ്ജിങ്ങ് പതിപ്പ് എന്ന ഖ്യാതി നിലനില്‍ക്കുമ്പോഴും സ്‌റ്റൈലില്‍ കാര്യമായ മാറ്റം വരുത്തി എത്തിയിട്ടുള്ളതാണ് ഈ വാഹത്തിന്റെ സവിശേഷത. 

ഗ്ലാന്‍സയുടെ മുന്‍ മോഡലിന്റെ രൂപം നിലനിര്‍ത്തി ഡിസൈനില്‍ ഏറെ പുതുമ വരുത്തിയാണ് ഇത്തവണ എത്തിയത്. ക്രോമിയം ആക്‌സെന്റുകള്‍ നല്‍കിയിട്ടുള്ള വലിയ ഗ്രില്ലാണ് പുതിയ ഗ്ലാന്‍സയില്‍ നല്‍കിയിട്ടുള്ളത്. സ്‌റ്റൈലിഷായ ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, ഹണി കോംമ്പ് ഡിസൈനിലുള്ള വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, എയര്‍ ഇന്‍ ടേക്കിന് സമീപമുള്ള സി ഷേപ്പ് ക്രോം ഇന്‍സേര്‍ട്ട്, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് ഗ്ലാന്‍സയുടെ മുഖം അലങ്കരിക്കുന്നത്. 

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍പ്പെടെ ബലേനോയില്‍ നല്‍കിയിട്ടുള്ളവ പറിച്ചുനട്ടാണ് ഗ്ലാന്‍സയുടെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഹെഡ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് ബലേനോയിലെ ഏറ്റവും മികച്ച ഫീച്ചറുകള്‍. ഇതിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഗ്ലാന്‍സയിലുണ്ട്. സ്റ്റിയറിങ്ങ് വീലില്‍ മാത്രമാണ് ഗ്ലാന്‍സയില്‍ മാറ്റമുള്ളത്.

1.2 ലിറ്റര്‍ കെ-സീരീസ് വി.വി.ടി എന്‍ജിനാണ് ഗ്ലാന്‍സയിലെ പ്രവര്‍ത്തിക്കുന്നത്. ഇത് 88 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനമെത്തും. മൂന്ന് വര്‍ഷവും 1,00,000 കിലോമീറ്ററുമാണ് ഈ വാഹനത്തിന് ഒരുക്കുന്ന വാറണ്ടി. അതേസമയം, എക്സ്ടെന്റഡ് വാറണ്ടി പാക്കേജിലൂടെ അഞ്ച് വര്‍ഷം വരെയും 2,20,000 കിലോമീറ്റര്‍ വരെയും ഇത് ഉയര്‍ത്താനുള്ള സാഹചര്യവും ടൊയോട്ട ഒരുക്കുന്നുണ്ട്.

Content Highlights: TKM Launches Its Much-Awaited Hatchback- The Cool New Toyota Glanza