സെഡാന്‍ പ്രതാപം വീണ്ടെടുത്ത് സ്‌കോഡ സ്ലാവിയ, സ്‌റ്റൈലില്‍ തിളങ്ങുന്ന മോണ്ടേ കാര്‍ലോയും

ചെക്കോസ്‌ളോവാക്യന്‍ ജനുസായ സ്‌കോഡ കാലം കുറെയായി ഇവിടെയുണ്ട്. ഒക്ടോവിയയും റാപ്പിഡുമൊക്കെയായി. കുറ്റംപറയാന്‍ ഒന്നുമില്ല, പെര്‍ഫോമന്‍സും രൂപവുമെല്ലാം ഒന്നിനൊന്നു മെച്ചം. എന്നാലും ഇന്ത്യക്കാര്‍ക്ക് വാങ്ങാനൊരു മടിയായിരുന്നു. കൂടിയ മെയിന്റനന്‍സ് ചെലവിനെയായിരുന്നു ഭയം. എന്നാല്‍ ഇന്ത്യ 2.0 പദ്ധതിയെന്ന തുറുപ്പുശീട്ടിറക്കി സ്‌കോഡ പൂര്‍ണ ഇന്ത്യക്കാരനായപ്പോള്‍ കളിമാറി. സംശയമെല്ലാം മാറി ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യക്കാര്‍.
കുഷാഖ്, സ്ലാവിയ എന്നിവയിലൂടെ സ്‌കോഡ ഇന്ത്യയില്‍ തങ്ങളുടെ തലവരമാറ്റിവരച്ചു. കാലാകാലങ്ങളില്‍ അവയെ പരിഷ്‌ക്കരിച്ചു ഫാന്‍സിനെ കൂട്ടിക്കൊണ്ടേയിരുന്നു സ്‌കോഡ. ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയില്‍ സ്ലാവിയ മോണ്ടേ കാര്‍ലോ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. മിഡ്-സൈസ് സെഡാന്റെ 1.0 ലിറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിനായി 15.79 ലക്ഷം രൂപയും 1.0 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ ഓട്ടോമാറ്റിക്കിനായി 16.89 ലക്ഷവും സെവന്‍ സ്പീഡ് ഡി.എസ്.ജി.യുള്ള 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ ഓട്ടോമാറ്റിക്കിനായി 18.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
കഴിഞ്ഞവര്‍ഷമാണ് കുഷാഖ് മോണ്ടേ കാര്‍ലോ പതിപ്പ് പുറത്തിറക്കിയത്. മോണ്ടേ കാര്‍ലോയിലെ റാലിയില്‍ പങ്കെടുത്തതിന്റെ ചരിത്രപശ്ചാത്തലത്തിലാണ് സ്‌കോഡ മോണ്ടേ കാര്‍ലോ എഡിഷനുകള്‍ പുറത്തിറക്കിയത്. റാലിയില്‍ മത്സരിച്ചതിന്റെ 112-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്‌ളാവിയയുടെ പതിപ്പ് വരുന്നത്. മോണ്ടികാര്‍ലോ പതിപ്പില്‍ അര്‍ഥമാക്കുന്നത് പുതിയ ഡിസൈന്‍ വ്യത്യാസങ്ങള്‍ മാത്രമാണ്. വാഹനത്തെ കൂടുതല്‍ ഭംഗിയാക്കാന്‍ ഇതുകൊണ്ടായിട്ടുണ്ട്.
സ്‌പോര്‍ട്‌സ് എക്സ്‌ക്ലൂസീവ് ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. കറുപ്പിനഴകാണ് പ്രധാനമായും വന്ന മാറ്റം. പലയിടത്തും കരിംകറുപ്പിന്റെ സൗന്ദര്യം കൊണ്ടുവന്നു. 15 ഇഞ്ച് അലോയ് വീലുകള്‍, ബൂട്ട് ലിപ് സ്പോയിലര്‍, ബാഡ്ജുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഔട്ട് ഡോര്‍ മിറര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയ്ക്കൊപ്പം ഫ്രണ്ട് ഗ്രില്‍ എന്നിവയെല്ലാം കരിമഷിനിറം ഇടംപിടിച്ചു.
ഫെന്‍ഡറില്‍ മോണ്ടി കാര്‍ലോയുടെ ബാഡ്ജുകള്‍ വന്നു. കറുപ്പും ചുവപ്പും കലര്‍ന്നാണ് ഇന്റീരിയര്‍. ഡാഷ്ബോര്‍ഡില്‍ റൂബി റെഡ് മെറ്റാലിക് ഇന്‍സെര്‍ട്ടുകള്‍ സെന്റര്‍ കണ്‍സോളിലും ഫ്രണ്ട് ഡോറുകളിലും ചേര്‍ന്ന് നില്‍ക്കുന്നു. ഹെഡ്റെസ്റ്റുകളില്‍ 'മോണ്ടി കാര്‍ലോ' ലോഗോ. പിന്‍ഭാഗത്തെ ലെതറെറ്റ് സീറ്റുകളിലും ഈ നിറങ്ങള്‍ ഒഴുകിയിറങ്ങിയിട്ടുണ്ട്.
മുന്‍സീറ്റുകള്‍ വെന്റിലേറ്റഡായി മാറി. 20.32 സെന്റീമീറ്റര്‍ വലുപ്പമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്‌കോഡ പ്ലേ ആപ്പുകളുമെല്ലാം ചുവപ്പിലാണ്. 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍, 1.0 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 148 ബി.എച്ച്.പി. കരുത്തില്‍ പരമാവധി 250 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. എന്‍ജിനില്‍ ചെറിയ മിനുക്കുപണികള്‍ നടത്തിയതിനാല്‍ ഇന്ധനക്ഷമത കൂടിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: The Skoda Slavia Monte Carlo, a sporty edition of the mid-size sedan in India.