ലക്ഷ്വറി കാറുകളോട് അടുത്ത് സ്ത്രീകള്‍; ഇഷ്ടം 55 ലക്ഷം മുതല്‍ 1.15 കോടി രൂപ വരെ വലിയുള്ള കാറുകള്‍

#രേഷ്മ ഭാസ്‌കരന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹന ലോകത്ത് പുരുഷന്മാര്‍ക്കൊപ്പം ടോപ് ഗിയറില്‍ മുന്നേറുകയാണ് സ്ത്രീകളും. സ്ത്രീ ശാക്തീകരണം തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും കടന്ന് ഇങ്ങ് ആഡംബര കാറുകളില്‍ എത്തി നില്‍ക്കുകയാണ്. ഏതെങ്കിലും ഒരു വാഹനം സ്വന്തമാക്കുകയല്ല, മറിച്ച് പ്രിയപ്പെട്ട ആഡംബര വാഹനങ്ങള്‍ പുരുഷന്മാരെ പോലെ തന്നെ ഇഷ്ടപ്പെട്ട് സ്വന്തമാക്കുകയാണ് സ്ത്രീകളും. കേരളത്തില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 

പുതിയ വാഹനം വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ പ്രീ ഓണ്‍ഡ് ആഡംബര കാറുകളോടാണ് സ്ത്രീകള്‍ക്ക് പ്രിയം. കോവിഡിനു ശേഷം സംസ്ഥാനത്തെ പ്രീ ഓണ്‍ഡ് ആഡംബര ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയ സ്ത്രീകളുടെ എണ്ണത്തില്‍ 20-30 ശതമാനം വര്‍ധന കൈവരിച്ചിട്ടുണ്ടെന്നാണ് വാഹന വില്‍പ്പനക്കാര്‍ പറയുന്നത്. ജീവിതരീതി മാറുന്നതിനൊപ്പം ബ്രാന്‍ഡുകളിലേക്കുള്ള സ്ത്രീകളുടെ അകലവുമാണ് ഇതുവഴി കുറയുന്നത്. കൂടുതല്‍ പേരും ഓട്ടോമാറ്റിക് വാഹനങ്ങളാണ് വാങ്ങുന്നത്.

സ്ത്രീസൗഹൃദ സവിശേഷതകളുമായാണ് ഓട്ടോമാറ്റിക് വാഹനങ്ങള്‍ വരുന്നത്. കൂടാതെ ആഡംബര വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണവും വലിയ ബ്രാന്‍ഡുകളിലേക്ക് ഇവരെ കൂടുതലായി ആകര്‍ഷിക്കുന്ന ഘടകമാണ്. സ്വന്തം സംരംഭവുമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ വാഹനം വാങ്ങുന്നതില്‍ 85 ശതമാനം പേരും സംരംഭകരാണ്. പ്രൊഫഷണലുകളും ഒട്ടും പിന്നിലല്ല.

ശരാശരി 55 ലക്ഷം മുതല്‍ 1.15 കോടി രൂപ വരെയുള്ള പ്രീ ഓണ്‍ഡ് കാറുകളാണ് ഭൂരിഭാഗം സ്ത്രീകളും വാങ്ങുന്നത്. ഇതില്‍ത്തന്നെ ബി.എം.ഡബ്ല്യു., മിനി കൂപ്പര്‍, ബെന്‍സ്, ഔഡി ബ്രാന്‍ഡുകളോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം. കൂടാതെ ലംബോര്‍ഗിനി, പോര്‍ഷെ, ജാഗ്വാര്‍ ബ്രാന്‍ഡുകള്‍ക്കും ആവശ്യക്കാരുണ്ട്. മകളുടെ കല്യാണത്തിന് സമ്മാനമായി ആഡംബര കാറുകള്‍ നല്‍കുന്ന പ്രവണത കേരളത്തില്‍ കൂടിയിട്ടുണ്ട്. കാറുകള്‍ കൂടാതെ ആഡംബര ഇരുചക്ര വാഹനങ്ങളിലേക്കും സ്ത്രീകളുടെ കടന്നുവരവ് കൂടിയിട്ടുണ്ട്.

75 ശതമാനം തവണ വ്യവസ്ഥയില്‍

വാഹനങ്ങള്‍ വാങ്ങാന്‍ സ്ത്രീകള്‍ ആശ്രയിക്കുന്നത് വിവിധ ധനകാര്യ സ്ഥാപനങ്ങളെയാണ്. നിലവില്‍ 75 ശതമാനം പേരും ഇ.എം. ഐ. (തവണ വ്യവസ്ഥ) യിലാണ് വാഹനങ്ങള്‍ വാങ്ങുന്നത്. തുക ഗഡുക്കളായി അടച്ചുതീര്‍ത്താല്‍ മതിയെന്നതാണ് സ്ത്രീകളെ ഇ.എം.ഐ.യിലേക്ക് ആകര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റത്തവണ വലിയ ബാധ്യത സ്ത്രീകള്‍ക്ക് വരില്ല.

Content Highlights: The number of women owning luxury vehicles in Kerala is increasing, Premium cars, Luxury cars