ആഡംബരത്തിന്റെ അവസാനവാക്ക്, റേഞ്ചിലും ഒന്നാമന്‍; ഇലക്ട്രിക് കരുത്തില്‍ മെഴ്‌സിഡീസ് മെയ്ബ EQS 680

മെഴ്‌സിഡീസ് മെയ്ബ, ഇന്ത്യന്‍ നിരത്തുകളിലെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന വാഹനങ്ങളാണിത്. ഐസ് എന്‍ജിന്‍ കരുത്തില്‍ നിരത്തില്‍ ഒഴുകിയിരുന്ന ഈ വാഹനവും ഇലക്ട്രിക് കരുത്തിലേക്ക് ചുവടുവയ്ക്കുകയാണ്. മെഴ്‌സിഡീസ് ഇലക്ട്രിക് വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായി മെയ്ബ ഇ.ക്യു.എസ്. 680 ഇലക്ട്രിക് എസ്.യു.വി. ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ്ബ ശ്രേണിയിലെ ആദ്യ ഇലക്ട്രിക് മോഡലായ ഈ വാഹനത്തിന് 2.25 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ ഇലക്ട്രിക് മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്.
റെഗുലര്‍ മെയ്ബ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവയോടെയാണ് ഇലക്ട്രിക് പതിപ്പും എത്തിയിരിക്കുന്നത്. ക്രോമിയം ആവരണം നല്‍കി വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള വലിയ ഗ്രില്ലാണ് മെയ്ബ സൗന്ദര്യം എടുത്ത് കാണിക്കുന്നത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, ബോണറ്റില്‍ നല്‍കിയിട്ടുള്ള ത്രീ പോയന്റ് സ്റ്റാര്‍ ലോഗോ, മെഴ്‌സിഡീസിന്റെ ട്രേഡ് മാര്‍ക്ക് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീം എന്നിവയാണ് പ്രധാനമായും അഴകേകുന്നത്.
മെഴ്‌സിഡീസിന്റെ റെഗുലര്‍ മെയ്ബ മോഡലുകളില്‍ നല്‍കുന്നതിന് സമാനമായാണ് ഇലക്ട്രിക് പതിപ്പിലേയും അലോയി വീലുകള്‍ തീര്‍ത്തിരിക്കുന്നത്. ഫ്‌ളെഷ് ഡോര്‍ ഹാന്‍ഡിലുകളാണ് ഇതിലുള്ളത്. സി പില്ലറിലായാണ് മെയ്ബ ലോഗോ സ്ഥാനം പിടിച്ചിട്ടുള്ളത്. ജി.എല്‍.എസ്.600 മെയ്ബയുമായി സാമ്യം തോന്നിക്കുന്ന രീതിയിലാണ് പിന്‍ഭാഗം ഒരുക്കിയിരിക്കുന്നത്. കണക്ടഡ് ടെയ്ല്‍ലാമ്പുകള്‍, മെയ്ബ ബാഡ്ജിങ്ങ്, ക്രോമിയം സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തുള്ളത്.
റെഗുലര്‍ മെയ്ബ മോഡലുകള്‍ പോലെ തന്നെ അത്യാഡംബര ഭാവമാണ് മെയ്ബ ഇലക്ട്രിക്കിന്റെയും അകത്തളത്തിന് നല്‍കിയിരിക്കുന്നത്. മൂന്ന് സ്‌ക്രീനുകള്‍ കൊണ്ട് നിറയുന്ന ഡാഷ്‌ബോര്‍ഡാണ് ഇതിലെ പ്രധാന ആകര്‍ഷണം. പാസഞ്ചര്‍ ഡിസ്‌പ്ലേ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഈ സ്‌ക്രീനുകള്‍. സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ഉള്‍പ്പെടെ ഏതാനും സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വൈറ്റ് ആന്‍ഡ് ബ്ലാക്ക് നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്.
ഡ്രൈവറിനെക്കാള്‍ ഉപരി പിന്‍നിര യാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് മെയ്ബ ഇ.ക്യു.എസ്. 680. പിന്‍നിര യാത്രക്കാര്‍ക്കായി 11.6 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍, ഓട്ടോമാന്‍ സംവിധാനവും ഹീറ്റഡ് സൗകര്യവുമുള്ള ക്യാപ്റ്റന്‍ സീറ്റുകളാണ് പിന്‍നിരയിലുള്ളത്. റഫ്രിജറേറ്റഡ് കംപാര്‍ട്ട്‌മെന്റ്, മെയ്ബ ലോഗോയുള്ള സെന്റര്‍ കണ്‍സോള്‍, ഫോള്‍ഡിങ്ങ് ടേബിള്‍, ഇലക്ട്രിക് സണ്‍ബ്ലൈന്‍ഡ് എന്നിവയാണ് ഇതിലുള്ളത്. ഇതിനുപുറമെ ചോഫര്‍ പാക്കേജില്‍ കൂടുതല്‍ ആഡംബര ഫീച്ചറുകള്‍ ഓപ്ഷണലായി നല്‍കുന്നുണ്ട്.
മെയ്ബ ഇ.ക്യു.എസ്.680 ഒരു വേരിയന്റില്‍ മാത്രമാണ് എത്തുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോര്‍ കരുത്തേകുന്ന ഈ വാഹനം 658 ബി.എച്ച്.പി. പവറും 950 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍മാറ്റിക് ഓല്‍ വീല്‍ ഡ്രൈവ് സംവിധാനം ഈ വാഹനത്തിലെ അടിസ്ഥാന ഫീച്ചറാണ്. കേവലം 4.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന് മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗമെടുക്കാന്‍ സാധിക്കും.
കരുത്തനായി ഈ വാഹനം റേഞ്ചിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്. 122 കിലോവാട്ട് ശേഷി ബാറ്ററി പാക്കുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 611 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 200 വാട്ട് ഡി.സി.ചാര്‍ജര്‍ ഉപയോഗിച്ച് വെറും 31 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് നിറയും. 20 മിനിറ്റ് കൊണ്ട് 300 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ബാറ്ററിയില്‍ സംഭരിക്കാന്‍ സാധിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.
Content Highlights: The Mercedes-Maybach EQS 680 launched, the first electric model in the Maybach range