നിരത്തിലെത്തിയ കാറുകള്‍ ചുരുക്കം, പക്ഷെ ടെസ്‌ലയുടെ മത്സരം വമ്പന്മാര്‍ക്കൊപ്പം; വഴി അടഞ്ഞിട്ടില്ല

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ എത്തിയത്. മികച്ച മുന്നൊരുക്കങ്ങളോടെയാണ് ടെസ്‌ല എത്തിയതെങ്കിലും എവിടെയോ ചുവട് പിഴച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. പ്രതീക്ഷിച്ച പ്രകടനം കൈവരിക്കാന്‍ ഇപ്പോഴും ടെസ്‌ലയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടെസ്‌ലയുടെ 60 യൂണിറ്റുകളാണ് വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിരിക്കുന്നത്.
എന്നാല്‍, ഇന്ത്യയിലെ പരമ്പരാഗത ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ടെസ്‌ലയ്ക്ക് സാധിക്കുമെന്നുള്ളതിന്റെ സൂചനയായാണ് സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ 307 യൂണിറ്റാണ് വിറ്റഴിച്ചത്. മെഴ്‌സിഡീസിന് 95 കാറുകളാണ് നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചത്. വോള്‍വോയുടെ വില്‍പ്പന 22 യൂണിറ്റില്‍ ഒതുങ്ങുകയും ചെയ്തതായാണ് വാഹനില്‍ നല്‍കിയിട്ടുള്ള വിവരം.
ബിഎംഡബ്ല്യു, മെഴ്‌സിഡീസ്, വോള്‍വോ തുടങ്ങിയ കമ്പനികളുടെ വാഹന നിരയില്‍ ഒന്നിലധികം മോഡലുകളാണ് വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍, മോഡല്‍ വൈ എന്ന ഒറ്റ മോഡലുമായി വിപണിയില്‍ എത്തിയിട്ടുള്ള ടെസ്‌ലയ്ക്ക് 60 യൂണിറ്റിന്റെ വില്‍പ്പന നേടാനായത് ഭേദപ്പെട്ട പ്രകടനമായി വേണം കണക്കാക്കാന്‍. ടെസ്‌ലയില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇതുവരെ 600 ബുക്കിങ്ങുകളാണ് മോഡല്‍ വൈ-ക്ക് ലഭിച്ചിരിക്കുന്നത്.
2025-ല്‍ ഇന്ത്യയിലേക്ക് 2500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനായിരുന്നു ടെസ്‌ലയുടെ പദ്ധതി. എന്നാല്‍, പ്രതീക്ഷിച്ച ബുക്കിങ് ലഭിക്കാത്തതിനാല്‍ തന്നെ ഈ വാര്‍ഷം 350 മുതല്‍ 500 യൂണിറ്റുകള്‍ മാത്രം എത്തിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഇന്ത്യയില്‍ അസംബ്ലി പ്ലാന്റ് ഇല്ലാത്തതും വാഹനത്തിന്റെ ഉയര്‍ന്ന വിലയുമാണ് ടെസ്‌ലയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതിന്റെ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രാദേശികമായി വാഹനം നിര്‍മിക്കുകയും സര്‍വീസ് നെറ്റ്‌വര്‍ക്കുകള്‍ വ്യാപകമാക്കുകയും ചെയ്താല്‍ ടെസ്‌ലയ്ക്ക് മുന്നില്‍ സാധ്യത തെളിയാം.
നിലവില്‍ ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ എന്നീ നാല് നഗരങ്ങളിലായി ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുയാണ്. ടെസ്‌ലയുടെ ഇന്ത്യയിലെ ദീര്‍ഘകാല പദ്ധതികള്‍ക്ക് വരും മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരിക്കും. വിപണി സാധ്യത നിലനില്‍ക്കുമ്പോഴും വില, പ്രാദേശികമായുള്ള ലഭ്യത, വില്‍പ്പനാനന്തര സേവനം, സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ടെസ്‌ലയുടെ ഇന്ത്യയിലെ നിലനില്‍പ്പ് എന്നാണ് വിലയിരുത്തല്‍.
Content Highlights: Tesla`s initial sales in India are modest but experts see potential. Facing competition from luxury EVs, Tesla`s future depends on pricing, localization, and service.