ദക്ഷിണേന്ത്യൻ വാഹന വിപണി ലക്ഷ്യമിട്ട് ടെസ്‌ലയുടെ വരവ്; ഹൈദരബാദിൽ ടെസ്‌ല ഷോറൂം

#Auto Desk
ടെസ്‌ലയുടെ ഹൈദരാബാദിലെ എക്‌സ്പീരിയന്‍സ് സെന്റര്‍ | Photo: Tesla
ടെസ്‌ലയുടെ ഹൈദരാബാദിലെ എക്‌സ്പീരിയന്‍സ് സെന്റര്‍ | Photo: Tesla

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളും അമേരിക്കൻ കമ്പനിയുമായ ടെസ്‌ല 2025-ലാണ് ഇന്ത്യയിൽ എത്തിയത്. മുംബൈ നഗരത്തിൽ ആദ്യത്തെ ഡീലർഷിപ്പ് തുറന്ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ടെസ്‌ല പിന്നീട് രാജ്യതലസ്ഥാനമായ ഡൽഹിയിലും അതിനുശേഷം ഗുരുഗ്രാമിലുമാണ് ഷോറൂമുകൾ ആരംഭിച്ചത്. ബെംഗളൂരുവിലെ എക്‌സ്പീരിയൻ സെന്ററിലൂടെ ദക്ഷിണേന്ത്യയിൽ ആരംഭിച്ച പ്രയാണം ഇപ്പോൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളിലാണിവർ.

ദക്ഷിണേന്ത്യൻ വിപണികളിൽ സജീവമാകുന്നതിന്റെ ഭാഗമായ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദിലാണ് ടെസ്‌ലയുടെ പുതിയ ഷോറൂം തുറന്നിരിക്കുന്നത്. ഹൈടെക് സിറ്റിയിലെ നോളജ് സിറ്റിയിലാണ് ടെസ്‌ലയുടെ ഹൈദരാബാദ് ഷോറൂം തുറന്നിരിക്കുന്നത്. ജൂൺ 17-ന് ഔദ്യോഗികമായി തുറന്ന ഈ ഷോറൂമിൽ ടെസ്‌ലയുടെ മോഡൽ വൈ പ്രീമിയം റിയർവീൽ ഡ്രൈവ് പതിപ്പും മോഡൽ വൈഎൽ ഇലക്ട്രിക് പതിപ്പുമാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ടെസ്‌ലയുടെ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുന്നതിനായാണ് ടെസ്‌ലയുടെ ഹൈദരാബാദിലെ എക്‌സ്പീരിയൻസ് സെന്റർ ആരംഭിച്ചിരിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന ഗൈഡഡ് ടൂറുകളിലൂടെയും വാഹനങ്ങളുടെ ഡെമോൺസ്‌ട്രേഷനിലൂടെയും ഉപയോക്താക്കൾക്ക് ടെസ്‌ല മോഡലുകൾ പരിശോധിക്കാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഹൈടെക് സിറ്റിയിൽ ഒരുക്കിയിട്ടുള്ള എക്‌സ്പീരിയൻസ് സെന്ററിൽ വാഹനത്തിന്റെ സാങ്കേതികവിദ്യ, സുരക്ഷ സംവിധാനങ്ങൾ, പെർഫോമെൻസ്, ഡിസൈൻ ഫിലോസഫി എന്നിവയാണ് എക്‌സ്പീരിയൻസ് ചെയ്യാനാകുന്നത്. ഇതിനുപുറമെ, ബെല്ലാരം ഇൻഡസ്ട്രിയൽ ഏരിയയിൽ വാഹനത്തിന്റെ ഡെലിവറി, സർവീസ് തുടങ്ങിയവയ്ക്കായി ഷോറൂം ആരംഭിച്ചിട്ടുണ്ട്.

മോഡൽ വൈ ആണ് നിലവിൽ ഇന്ത്യയിലുള്ള ടെസ്‌ല മോഡൽ. ഇതിൽ മോഡൽ വൈ എൽ പതിപ്പ് ആറ് സീറ്റർ മോഡലായാണ് എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 681 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനത്തിന് WLTP സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 61.99 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജൂൺ 30-ന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് വാൾ കണക്ടർ ഹോം ചാർജർ സൗജന്യമായി നൽകുന്നുണ്ട്.

Content Highlights: Tesla launches a new experience center in Knowledge City, Hyderabad., Showcasing Model Y and Model Y L (6-seater) variants., Model Y L offers 681 km WLTP-certified range., Ex-showroom price starts at 61.99 Lakhs., Free home wall connector for bookings made before June 30.