ടെസ്‌ലയുടെ വജ്രായുധം, സെൽഫ് ഡ്രൈവിങ് സംവിധാനം തന്നെ രക്ഷ; കൂടുതൽ രാജ്യങ്ങളിലേക്കെന്ന് മസ്‌ക്

ലോകത്തിലെ തന്നെ വാഹന നിർമാതാക്കൾക്കിടയിൽ ടെസ്‌ലയുടെ വാഹനങ്ങളെ വേറിട്ട് നിർത്തുന്ന സംവിധാനമാണ് ഫുൾ സെൽഫ് ഡ്രൈവിങ് (എഫ്എസ്ഡി) എന്ന അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം. ടെസ്‌ലയുടെ സ്വന്തം രാജ്യമായ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സംവിധാനം എത്തിയെങ്കിലും മറ്റ് സുപ്രധാന വിപണികളിലേക്കും ഇത് എത്തിക്കാനുള്ള നീക്കങ്ങളിലാണ് കമ്പനി. അടുത്ത മാസത്തോടെ ഈ അനുമതി ലഭിച്ചേക്കുമെന്നാണ് ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്.
യൂറോപ്പിലും ചൈനയിലുമാണ് ഫുൾ സെൽഫ് ഡ്രൈവിങ് കാർ ഇറക്കുന്നതിന് ടെസ്‌ല അനുമതി തേടിയിരിക്കുന്നത്. ഇത് ഫെബ്രുവരി മാസത്തോടെ ലഭിച്ചേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യുഎസ് വിപണിക്ക് പുറത്തേക്ക് ടെസ്‌ലയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എഫ്എസ്ഡി സംവിധാനം നടപ്പാക്കുന്നതിനുള്ള അനുമതി തേടിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് സോഫ്റ്റ്‌വെയർ, സേവനങ്ങൾ തുടങ്ങിയവയിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിനും കൂടിയാണ് ഈ നീക്കം.
സൂപ്പർവൈസ്ഡ് ഫുൾ സെൽഫ് ഡ്രൈവിങ് സംവിധാനത്തിന് യൂറോപ്പിൽ ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവിൽ തന്നെ ചൈനയിലും ഇതിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ സംസാരിക്കവേ ഇലോൺ മസ്‌ക് അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ടെസ്‌ലയുടെ ഓഹരി വിലയിൽ 1.5 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് റിപ്പോർട്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നതെങ്കിലും, ഹ്യുമനോയിഡ് റോബോട്ട്, സെൽഫ് ഡ്രൈവിങ് വെഹിക്കിൾ വിഭാഗങ്ങളിൽ വലിയ കുതിപ്പ് നേടിയിട്ടുള്ള കമ്പനിയാണ് ടെസ്‌ലയെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിൽ ഉൾപ്പെടെ കടുത്ത മത്സരമാണ് ടെസ്‌ല നേരിടുന്നത്. ഏതാനും സുപ്രധാന വിപണികളിൽ ടെസ്‌ല ഏറെ പിന്നിലാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും നവീനമായ ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറായാണ് ഫുൾ സെൽഫ് ഡ്രൈവിങ് സംവിധാനത്തിനെ ടെസ്‌ല വിശേഷിപ്പിക്കുന്നത്. വാഹനം തനിയെ നിയന്ത്രിക്കുമ്പോഴും ഡ്രൈവറുടെ ശ്രദ്ധ അനിവാര്യമാണെന്ന മുന്നറിയിപ്പും ടെസ്‌ല നൽകാറുണ്ട്. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സെൽഫ് ഡ്രൈവിങ് സംവിധാനത്തിൽ വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണവും ഈ സംവിധാനത്തിന് മേൽ ഉണ്ട്.
Content Highlights: Tesla`s Full Self-Driving (FSD) system is expanding to Europe and China. Elon Musk anticipates approval next month, boosting Tesla`s global reach & revenue.