അവസാനത്തെ മോഡൽ എസ്, മോഡൽ എക്‌സ് കാറുകൾ പുറത്തിറങ്ങി; ആഘോഷമായ യാത്രയയപ്പ് നൽകാൻ ടെസ്ല

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് അമേരിക്കൻ കമ്പനിയായ ടെസ്‌ല. കമ്പനിയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുള്ള വാഹനങ്ങളാണ് മോഡൽ എസ്, മോഡൽ എക്‌സ് എന്നിവ. എന്നാൽ, 14 വർഷത്തെ പ്രയാണത്തിനൊടുവിൽ മോഡൽ എസും 11 വർഷം നീണ്ട യാത്രയ്‌ക്കൊടുവിൽ മോഡൽ എക്‌സും നിരത്തുകളോട് വിടപറയുകയാണ്. ടെസ്‌ലയുടെ മേധാവിയായ ഇലോൺ മസ്‌ക് മുമ്പുതന്നെ ഇക്കാര്യം പ്രഖ്യാപിച്ചതാണ്.
ഇപ്പോൾ ടെസ്‌ല മോഡൽ എക്‌സ്, മോഡൽ എസ് വാഹനങ്ങളുടെ അവസാന യൂണിറ്റും നിർമാണം പൂർത്തിയാക്കി ഈ വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് നിർമാതാക്കൾ. കാലിഫോർണിയയിലെ ഫ്രീമോണ്ട് ഫാക്ടറിയിലാണ് ഈ രണ്ട് വാഹനങ്ങളുടെയും അവസാന യൂണിറ്റിന്റെ നിർമാണം നടന്നത്. സിഗ്നേച്ചർ സീരീസ് എന്ന പേരിലാണ് ഈ വാഹനങ്ങളുടെ അവസാന യൂണിറ്റ് നിർമിക്കുന്നത്. ടെസ്‌ലയുടെ വിഐപി ഉപയോക്താക്കൾക്കായിരിക്കും ഇവ കൈമാറുക.
ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളിലെ സുപ്രധാന മോഡലുകളിൽ ഒന്നായിരുന്നു മോഡൽ എസ്. അമേരിക്ക ഉൾപ്പെടെയുള്ള വിവിധ ലോകരാജ്യങ്ങളിലെ നിരത്തുകളിൽ 14 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ വാഹനത്തിന്റെ പ്രാരംഭ വില 60,000 ഡോളറായിരുന്നു (ഏകദേശം 57 ലക്ഷം രൂപ). ഒറ്റത്തവണ ചാർജ് ചെയ്താൽ 426 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കളുടെ ഉറപ്പ്. ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹൈ പെർഫോമൻസ് വാഹനമായിരുന്നു എസ് പ്ലെയ്ഡ്.
2015-ലാണ് ഇലക്ട്രിക് ക്രോസ് ഓവർ വാഹനമായ മോഡൽ എക്‌സ് എത്തുന്നത്. ഈ വാഹനത്തിന്റെ 30 ശതമാനത്തോളം പാർട്‌സുകളും മോഡൽ എസിൽ നിന്ന് കടംകൊണ്ടവയായിരുന്നു. ഈ വാഹനത്തിന്റെ മൂന്ന് നിര സീറ്റുകളുള്ള പതിപ്പ്, അതിന്റെ ഫാൽക്കൺ വിങ് റിയർ ഡോറുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള വാഹനമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 465 കിലോമീറ്റർ സഞ്ചരിക്കാമെന്ന ഉറപ്പിലാണ് തുടങ്ങിയതെങ്കിലും ഇത് 566 ആയി ഉയർത്താനും ടെസ്‌ലയ്ക്ക് സാധിച്ചു.
ടെസ്ല മോഡൽ എസ്, മോഡൽ എക്സ് എന്നീ കാറുകളുടെ ബുക്കിങ് അവസാനിപ്പിക്കുകയാണ്. ഏതാനും വാഹനങ്ങൾ മാത്രമാണ് സ്റ്റോക്കിൽ അവശേഷിക്കുന്നത്. ടെസ്ലയുടെ ഈയൊരു കാലഘട്ടം അവസാനിക്കുന്നത് രേഖപ്പെടുത്തുന്നതിനായി ഒരു ഔദ്യോഗിക ചടങ്ങ് നടത്തുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാറുകളാണിവ എന്ന കുറിപ്പോടെ 2012-ൽ പുറത്തിറങ്ങിയ ടെസ്ല മോഡൽ എസിന്റെ ചിത്രം ഇലോൺ മസ്‌ക് ഇക്കഴിഞ്ഞ ഏപ്രിലിൽ എക്സിൽ പങ്കുവെച്ചിരുന്നു.
Content Highlights: Official cessation of Model S and Model X production in 2026., Final units produced as 'Signature Series' for VIP customers at Fremont factory., Model S legacy: 14 years of market presence and performance innovation., Model X legacy: 11 years of iconic Falcon Wing door design and range improvements., Tesla shifting focus as remaining stock clears out.