അമിത വേഗം, ലെയ്ന്‍ തെറ്റിക്കല്‍ നിയമം ലംഘിച്ച് ടെസ്‌ലയുടെ ഡ്രൈവറില്ലാ കാര്‍; വിശദീകരണം തേടി NHTSA

ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ അഭിമാന പദ്ധതിയായിരുന്നു ഡ്രൈവര്‍ ലെസ്സ് റോബോ ടാക്‌സി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടെസ്‌ല ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികള്‍ നിരത്തുകളില്‍ ഇറക്കിയത്. എന്നാല്‍, സര്‍വീസ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റോബോ ടാക്‌സി സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പിടി വീണിരിക്കുകയാണ്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനം നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പിടി വീണിരിക്കുന്നത്.
ഡ്രൈവറില്ലാതെ ഓടുന്ന വാഹനം അമിത വേഗത്തിലും തെറ്റായ പാതയിലും സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) റോബോ ടാക്‌സി നിര്‍മാതാക്കളായ ടെസ്‌ലയില്‍ നിന്നും വിശദീകരണം തേടിയിരിക്കുന്നത്. റോബോ ടാക്‌സി നടത്തിയ നിയമലംഘനം സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കിലും നിര്‍മാതാക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്‍എച്ച്ടിഎസ്എ അറിയിച്ചിരിക്കുന്നത്.
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഓട്ടോമേറ്റഡ് ഡ്രൈവിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് നിയമം ലംഘിച്ചുള്ള ഡ്രൈവിങ് റിപ്പോര്‍ട്ട് ചെയ്താല്‍ എന്‍എച്ച്ടിഎസ്എ ആ വാഹനത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടാറുണ്ടെന്നാണ് വിവരം. റോബോ ടാക്‌സിയുടെ കാര്യത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ കമ്പനിയുടെ പ്രതികരണമുണ്ടായിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിയമം അനുസരിച്ച് പുതിയ വാഹന സാങ്കേതികവിദ്യകള്‍ക്കും നൂതനമായ സംവിധാനങ്ങള്‍ക്കും മുന്‍കൂറായി അംഗീകാരം നല്‍കാറില്ല. എന്‍എച്ച്ടിഎസ്എ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനുപുറമെ, സുരക്ഷാവീഴ്ചകള്‍ ഉണ്ടാകുന്നുണ്ടോയെന്ന് എന്‍എച്ച്ടിഎസ്എ പരിശോധിക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ വാഹനത്തിന്റെ സുരക്ഷ ടെസ്‌ല സാക്ഷ്യപ്പെടുത്തിയിരുന്നതായാണ് വിവരം.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാ ടാക്സി സര്‍വീസിന് ടെസ്ല തുടക്കം കുറിച്ചത്. മുന്‍കൂറായി ക്ഷണിച്ച അതിഥികള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ റോബോ ടാക്സിയില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത്. ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലാതെ നീങ്ങുന്ന റോബോ ടാക്സിയുടെ ദൃശ്യങ്ങള്‍ ആദ്യയാത്ര നടത്തിയവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
Content Highlights: Tesla driverless robotaxi service is under investigation by NHTSA for speeding and lane violation