736 അപകടങ്ങള്‍, ജീവന്‍ നഷ്ടപ്പെട്ടത് 17 പേര്‍ക്ക്; ടെസ്‌ലയിലെ വില്ലനായി ഓട്ടോപൈലറ്റ് സംവിധാനം

Representative Image | Photo: Tesla
Representative Image | Photo: Tesla

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ല. ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച്, മികച്ച സുരക്ഷ എന്നിവ ഉറപ്പാക്കുന്ന വാഹനങ്ങളാണ് ടെസ്‌ല എത്തിക്കുന്നത്. ഈ വാഹനങ്ങളിലെ സാങ്കേതിക തികവിന്റെ ഉദാഹരണമാണ് ഇതിൽ നല്‍കിയിട്ടുള്ള ഓട്ടോ പൈലറ്റ് സംവിധാനം. ആദ്യ കാലങ്ങളില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ സംവിധാനം ഇപ്പോള്‍ വലിയ ചീത്തപ്പേരാണ് ടെസ്‌ലയ്ക്ക് നേടികൊടുത്തിരിക്കുന്നത്. 

അമേരിക്കന്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് ടെസ്‌ലയിലെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ തകരാറിനെ തുടര്‍ന്ന് 2019 മുതല്‍ അമേരിക്കയില്‍ മാത്രം 736 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അപകടങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. കേവലം നാല് വര്‍ഷത്തെ മാത്രം കണക്കാണിതെന്നും അധികൃതര്‍ അറിയിച്ചു. 

ഓട്ടോ പൈലറ്റ് സംവിധാനം ആളുകൾ ദുരുപയോ​ഗം ചെയ്യുന്നതാകാം അപകടങ്ങൾക്ക് കാരണമെന്നാണ്. ഡ്രൈവര്‍ അസിസ്റ്റന്‍സിന് വേണ്ടിയാണ് ഓട്ടോപൈലറ്റ് എസ്.എ.ഇ. ലെവല്‍2 ഡ്രൈവിങ്ങ് ഓട്ടോമേഷന്‍ സിസ്റ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍, വാഹനം തനിയെ ഓടുന്ന സംവിധാനമായി ഇതിനെ കണക്കാക്കുന്നതാണ് അപകടത്തിന് വഴിവെക്കുന്നത്. ഓട്ടോ പൈലറ്റ് സംവിധാനത്തിലും സ്റ്റിയറിങ്ങില്‍ കൈയും റോഡില്‍ കണ്ണും വേണമെന്ന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.

2022-ല്‍ ടെസ്‌ലയുടെ വാഹനങ്ങളില്‍ വരുത്തിയ നാലാം ക്വാര്‍ട്ടര്‍ലി സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് പിന്നാലെയാണ് അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികൃതര്‍ പുറത്തുവിട്ട കണക്കുകളിലെ 17 മരണങ്ങളില്‍ 11 എണ്ണവും 2022 മെയ് മാസത്തിന് ശേഷം സംഭവിച്ചവയാണെന്നാണ് വിവരം. ഈ സമയത്ത് ഏകദേശം 40,000 കാറുകളില്‍ ടെസ്‌ല ഈ അപ്‌ഡേഷന്‍ നടത്തിയതെന്നാണ് വിലയിരുത്തലുകള്‍. 

ഓട്ടോപൈലറ്റുമായി ബന്ധപ്പെട്ട അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയ്ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിന് അമേരിക്കയുടെ നീതിന്യായ വകുപ്പ് ഉത്തരവിട്ടിരുന്നു. ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനത്തില്‍ ഉപയോക്താക്കളില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ടെസ്‌ല ശ്രമിച്ചിട്ടുണ്ടോയെന്നായിരുന്നു ഇത് സംബന്ധിച്ച് അന്വേഷണം. ആരോപണം തെളിഞ്ഞാല്‍ കമ്പനി അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

Content Highlights: Tesla Autopilot technology involved over 700 accidents and 17 deaths, Tesla Cars