മുഖം മിനുക്കൽ തുടരും, അടുത്തത് ടിയാഗോ ഇവി; പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ മോഡൽ

ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിൽ ഇത് മുഖംമിനുക്കലിന്റെ കാലമാണ്. പഞ്ചിൽ തുടങ്ങി പഞ്ച് ഇലക്ട്രിക്കിൽ എത്തി നിൽക്കുന്ന ഈ മോടിപിടിപ്പിക്കലിൽ അടുത്ത ഊഴം ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലായ ടിയാഗോയ്ക്കാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂർണമായി മൂടിക്കെട്ടി പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്ന ടിയാഗോ ഇവിയുടെ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ഈ സൂചനയ്ക്ക് അടിസ്ഥാനം.
മൂടിക്കെട്ടലുകളിലും തിരിച്ചറിയാൻ സാധിക്കുന്ന മാറ്റങ്ങളാണ് പുതിയ ടിയാഗോ ഇവിയിൽ വരുത്തിയിരിക്കുന്നത്. മുഖഭാവത്തിലാണ് പ്രധാനമായും മാറ്റം നൽകിയിരിക്കുന്നത്. ഗ്രില്ല് ഉൾപ്പെടെയുള്ളവ നൽകിയിരിക്കുന്ന നോസ് ഏരിയയിലാണ് പ്രധാനമായുള്ള മാറ്റങ്ങൾ. നിലവിലെ മോഡലിൽ നിന്ന് മാറി അൽപ്പം കർവിയായാണ് ഈ ഏരിയ തീർത്തിരിക്കുന്നത്. പുതിയ ഡിസൈനിലാണ് ബമ്പറും ഒരുക്കിയിരിക്കുന്നത്. സ്‌മോഗ്ഡ് ഇഫക്ട് നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പ് മാത്രമാണ് പുറത്ത് കാണുന്നത്.
വാഹനത്തിന്റെ മറ്റ് ഡിസൈനുകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. അലോയി വീൽ, ടെയ്ൽലാമ്പ് എന്നിവയും മാറ്റങ്ങൾ നൽകുന്നുണ്ട്. ഇന്റീരിയർ സംബന്ധിച്ച സൂചനകൾ ലഭ്യമല്ലെങ്കിലും വാഹനം ഫീച്ചർ സമ്പന്നമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പുറത്തിറങ്ങിയ പഞ്ച് ഇവിയിൽ നൽകിയിട്ടുള്ള ഫീച്ചറുകൾ ടിയാഗോ ഇവിയിലേക്ക് പറിച്ചുനട്ടേക്കും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയായിരിക്കും ഇതിൽ പ്രധാനം.
മെക്കാനിക്കൽ ഫീച്ചറുകളും നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ടിയാഗോ ഇവിയിൽ നൽകിയിട്ടുള്ള ബാറ്ററിപാക്കിൽ തന്നെയായിരിക്കും പുതിയ പതിപ്പും എത്തുകയെന്നാണ് സൂചന. രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നിവയാണ് ഇതിലെ ബാറ്ററികൾ. 19.2 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 250 കിലോമീറ്റർ റേഞ്ചും 24 കിലോവാട്ട് മോഡൽ 315 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്.
Content Highlights: The upcoming Tiago EV facelift has been spotted testing under camouflage., Features a significantly redesigned front fascia, bumper, and headlamps., The interior is expected to borrow features from the new Punch EV, like the infotainment system and steering wheel., Likely to retain the existing 19.2 kWh and 24 kWh battery options.