ടാറ്റയുടെ പുതിയ ഇലക്ട്രിക് കരുത്തന്‍ നെക്‌സോണ്‍ ഇവി ജനുവരി 28-ന് എത്തും

ഇന്ത്യന്‍ വാഹനമേഖലയിലെ ഇലക്ട്രിക് വിപ്ലവത്തിന് കരുത്തേകാന്‍ ടാറ്റ അവതരിപ്പിച്ച തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ നെക്‌സോണ്‍ ഇവി ജനുവരി 28 മുതല്‍ നിരത്തുകളിലെത്തും. 30-ല്‍ അധികം കണക്ടഡ് ഫീച്ചറുകളും ശക്തമായ സുരക്ഷ സന്നാഹങ്ങളുമായെത്തുന്ന ഈ വാഹനത്തിന്റെ വില അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. 

ഇലക്ട്രിക് നെക്‌സോണിന് മൂന്ന് വേരിയന്റുകളായിരിക്കും ഉണ്ടാകുക. നെക്‌സോണ്‍ EV-XM, EV-XM+, EV-XZ+LUX എന്നിവയായിരിക്കും ഈ വാഹനത്തിന്റെ വേരിയന്റുകള്‍. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഡ്രൈവ്, സ്‌പോട്ട് ഡ്രൈവിങ്ങ് മോഡുകള്‍ എന്നിവ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും.

നെക്‌സോണ്‍ ഇവിയുടെ രണ്ടാമത്തെ വേരിയന്റായ ZX+-ല്‍ ഡ്യുവല്‍ ടോണ്‍ നിറം, 16 ഇഞ്ച് അലോയി വീല്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷ് സ്റ്റീയറിങ് വീല്‍, റിയര്‍ വ്യൂ ക്യാമറ ഉള്‍പ്പെടെയുള്ളവ സ്ഥാനം പിടിക്കും. ഉയര്‍ന്ന വേരിയന്റായ XZ+LUX-ല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, വൈപ്പര്‍, ലെതര്‍ സീറ്റ് തുടങ്ങിയ ആഡംബര ഫീച്ചറുകള്‍ ഒരുങ്ങും. 

ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

നെക്സോണിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലാണ് ഇലക്ട്രിക് കരുത്തിലെത്തിയിരിക്കുന്നത്. രൂപം മാറിയ ഗ്രില്ല്, പുതിയ ഹെഡ്ലാമ്പ്, പുതിയ ബംമ്പര്‍, പുതുക്കിപണിത ടെയ്ല്‍ലാമ്പ്  എന്നിവയാണ് രൂപമാറ്റം ഒരുക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിവേഴ്സ് പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

Source: AutoPortal

Content Highlights: Tata Nexon EV India Launch On January 28

Content Highlights: