ഗംഭീര ലുക്ക്, വിറ്റഴിയുന്നത് ചൂടപ്പംപോലെ; നെക്‌സോണിന്റെയും ഡാര്‍ക്ക് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ഹാരിയര്‍, നെക്‌സോണ്‍, സഫാരി തുടങ്ങിയ വാഹനങ്ങളെയെല്ലാം ടാറ്റയുടെ വിജയ മോഡലുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഇവയ്ക്കിടയില്‍ തന്നെ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് ഇവയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്കാണ്. വില്‍പ്പന കണക്കുകളും ഈ സ്വീകാര്യത അടിവരയിടുന്നുണ്ട്. സഫാരി, ഹാരിയര്‍ മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ മുമ്പുതന്നെ എത്തിയിരുന്നെങ്കിലും പുതിയ നെക്‌സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് വരവിന് ഒരുങ്ങുന്നതേയുള്ളൂ.
മാര്‍ച്ച് മാസത്തോടെ ഈവാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സോണിന്റെ ക്രീയേറ്റീവ്, ഫിയര്‍ലെസ് വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്‍ ഒരുങ്ങുക. നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പിന്റെ ഡാര്‍ക്ക് എഡിഷന്‍ ഇതിനോടകം ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഇ.വിയുടെ ഡാര്‍ക്ക് എഡിഷന്‍ എത്തിയത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനത്തിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കറുപ്പ് നിറം നല്‍കിയാണ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് എത്തുന്നത്. ബ്ലാക്ക് നിറത്തിലുള്ള ബമ്പറുകള്‍, ഗ്രില്ല്, കറുപ്പണിഞ്ഞ റൂഫ് റെയിലുകള്‍, അലോയി വീലുകള്‍ തുടങ്ങി ടാറ്റയുടെ ലോഗോ പോലും കറുപ്പ് നിറത്തിലേക്ക് മാറിയാണ് എക്സ്റ്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. ക്വാഡ് ബീം ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. പൊസിഷന്‍ ലൈറ്റ്, ഡി.ആര്‍.എല്‍, ടെയ്ല്‍ലാമ്പ് എന്നിവ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളത് തന്നെയാണ്.
ഇന്റീരിയറിന്റെയും ഭാവം കറുപ്പാണ്. കറുപ്പ് നിറം മാത്രം നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, തിളക്കമുള്ള കറുപ്പില്‍ തീര്‍ത്തിരിക്കുന്ന സെന്റര്‍ കണ്‍സോള്‍, ബ്ലാക്ക് ലെതറില്‍ തന്നെ ഒരുക്കിയിരിക്കുന്ന അപ്‌ഹോള്‍സ്ട്രി, റൂഫ് ലൈനല്‍ എന്നിവയാണ് ഡാര്‍ക്ക് എഡിഷന്റെ അകത്തളത്തെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കീലെസ് ഗോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സണ്‍റൂഫ് എന്നിവ ഈ മോഡലിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.
മെക്കാനിക്കല്‍ ഫീച്ചറും റെഗുലര്‍ മോഡലിനെ പിന്തുടര്‍ന്നാണ് ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഡാര്‍ക്ക് എഡിഷന്‍ പതിപ്പും എത്തുക. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്സോണിലുണ്ട്.
Content Highlights: Tata motors planning to launch dark edition of Nexon