നിർമാണച്ചെലവ് കൂടി വരുന്നു, വാഹനവില വർധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

#Auto Desk
ടാറ്റ സിയേറ എസ്‌യുവി | Photo: Tata Motors
ടാറ്റ സിയേറ എസ്‌യുവി | Photo: Tata Motors

ഇന്ത്യയിലെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. ടാറ്റയുടെ ICE കാറുകളുടെയും എസ്‌യുവികളുടെയും വിലയാണ് വർധിപ്പിക്കാനൊരുങ്ങുന്നത്. 0.5 ശതമാനത്തിന്റെ വർധനവായിരിക്കും വരുത്തുക. ഏപ്രിൽ മാസം ഒന്നാം തീയതി മുതലായിരിക്കും വർധിപ്പിച്ച വില പ്രാബല്യത്തിൽ വരുത്തുകയെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ, സിഎൻജി എൻജിനുകളിലുള്ള വാഹനങ്ങൾക്ക് ആയിരിക്കും വില വർധനവ് ബാധകമാകുന്നത്. ഇലക്ട്രിക് മോഡലുകളുടെ വില വർധിപ്പിക്കുന്നില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നീ വിഭാഗങ്ങളിലായി ഐസ് എൻജിനുകളിൽ എത്തുന്ന ഒമ്പത് മോഡലുകളുടെ വിലയിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.

ഏത് മോഡലിനാണ് ഏറ്റവുമധികം വില ഉയരുന്നത് എന്ന കാര്യത്തിൽ ടാറ്റ മോട്ടോഴ്‌സ് വ്യക്തത വരുത്തിയിട്ടില്ല. അതുപോലെ തന്നെ കൃത്യമായി എത്ര രൂപ ഉയരുമെന്നുള്ളതും വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ വാഹനനിരയിലെ എൻട്രി ലെവൽ വാഹനം ടിയാഗോയാണ്. 4.57 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില. സഫാരിയുടെ ടാറ്റ ശ്രേണിയിലെ ഉയർന്ന വാഹനം 13.29 ലക്ഷം രൂപ മുതൽ 33.46 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

വാഹനങ്ങളും പാർട്‌സുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ്, വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, രൂപയുടെ വിനിമയത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ വാഹന നിർമാതാക്കളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടർന്നാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് നൽകുന്ന വിശദീകരണം.

അതേസമയം, പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത് പതിവ് കീഴ്‌വഴക്കമാണ്. ടാറ്റ മോട്ടോഴ്‌സിന് പുറമെ, ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഏപ്രിൽ ഒന്നാം തീയതി മുതൽ രണ്ട് ശതമാനം വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Tata Motors to increase prices by 0.5% starting April 1st., Applicable only to ICE (Petrol, Diesel, CNG) models; EVs are excluded., Price hike attributed to rising raw material costs and supply chain constraints., Coincides with similar price adjustments by luxury brands like Mercedes-Benz and BMW.