ടാറ്റയുടെ കോംപാക്ട് സെഡാൻ Aeris വരുന്നു; ടീസർ പുറത്തുവിട്ട് കമ്പനി, പ്രതീക്ഷിക്കുന്നത് എന്തെല്ലാം?

പുറത്തിറക്കാനൊരുങ്ങുന്ന കോംപാക്റ്റ് സെഡാന്റെ പേര് 'ഏറിസ്' (Aeris) എന്നായിരിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്സ്. എൻട്രി ലെവൽ സെഡാൻ നിരയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ഫെയ്‌സ്‌ലിഫ്റ്റല്ല, ആകർഷകമായ രൂപകൽപ്പനയോടെയും ആധുനിക ക്യാബിൻ സവിശേഷതകളോടും എത്തുന്ന പുതിയ കാർ ആയിരിക്കും ഏറിസ് എന്നാണ് സൂചന.
സൂചനകളുമായി പുതിയ ടീസർ
വരാനിരിക്കുന്ന കോംപാക്റ്റ് സെഡാനെക്കുറിച്ചുള്ള നിരവധി പ്രധാന സൂചനകൾ നൽകുന്നതാണ് ടാറ്റ മോട്ടോഴ്സിന്റെ പുതിയ ടീസർ. 'ബ്രേക്ക് ദി മോൾഡ്' എന്ന കാമ്പെയ്ൻ ടാഗ്‌ലൈനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ ടീസറിൽ, 'Boring is made to fit the mould. We'd rather crack it open,' എന്ന സന്ദേശമാണുള്ളത്. ഇത് സാധാരണ അപ്ഡേറ്റുകൾക്ക് പകരം സെഡാനിൽ കാര്യമായ മാറ്റങ്ങൾ വരുത്തും എന്ന സൂചന നൽകുന്നതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
2026 സെപ്റ്റംബർ 25-ന് വാഹനം പുറത്തിറക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള കോംപാക്ട് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള സ്‌റ്റൈലിങ്ങിൽ വലിയ മാറ്റങ്ങളും കൂടുതൽ പ്രീമിയം ലുക്കും ഏറീസിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് ടീസർ. ഉത്സവ സീസൺ ലക്ഷ്യമിട്ടാവും ഏറീസ് വിപണിയിലെത്തുക.
വരാനിരിക്കുന്ന ടാറ്റ ഏറിസ് അടുത്തിടെ അപ്ഡേറ്റ് ചെയ്ത ടിയാഗോയിൽ നിന്നുള്ള ചില സ്‌റ്റൈലിങ് ഘടകങ്ങൾ സ്വാഭാവികമായും കടമെടുക്കാൻ സാധ്യതയുണ്ട്. ടാറ്റയുടെ നോച്ച്ബാക്ക് ശൈലിയിലുള്ള സിലൗറ്റ് നിലനിർത്തിക്കൊണ്ടുതന്നെ, സ്ലിം ഗ്രിൽ, പരിഷ്‌കരിച്ച ബമ്പർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡേടൈം റണ്ണിങ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തി മുൻഭാഗം ആകർഷകമാക്കാനാണ് സാധ്യത. പുതിയ അലോയ് വീലുകളും അപ്ഡേറ്റ് ചെയ്ത ഫീച്ചറുകളും തീർച്ചയായും ഉണ്ടാകും. അതേസമയം നിലവിലുള്ള പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാധുനിക ഫീച്ചറുകൾ പ്രതീക്ഷിക്കാം
ടാറ്റ ഏറിസിന്റെ ഉൾവശത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നവീന ഡാഷ്ബോർഡ്, വലിയ ടച്ച്സ്‌ക്രീൻ, അപ്ഡേറ്റ് ചെയ്ത ടിയാഗോയ്ക്ക് സമാനമായ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇതിൽ ഉണ്ടാകാം. വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്‌തേക്കാം.
ആകർഷണം വർദ്ധിപ്പിക്കുന്നതിനായി ESC, TPMS, 360-ഡിഗ്രി ക്യാമറ, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ടാറ്റ നൽകിയേക്കാം.
എസ്‌യുവികളിൽ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ കോംപാക്റ്റ് സെഡാൻ സെഗ്മെന്റിൽ സ്വാധീനം ഉറപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ നീക്കമെന്നാണ് സൂചന. മാരുതി സുസുക്കി ഡിസൈർ, ഹ്യുണ്ടായ് ഓറ എന്നിവയുമായാവും ഈ വാഹനം മത്സരിക്കുക. ടാറ്റ ഏറിസിന്റെ ഇലക്ട്രിക് പതിപ്പും പിന്നീട് പുറത്തിറങ്ങിയേക്കാം.
Content Highlights: Tata Motors has confirmed 'Aeris' as the name for its upcoming compact sedan, replacing the Tigor., Official unveiling is scheduled for September 25, 2026, targeting the festive season., Expected price range is between Rs 6 lakh and Rs 10 lakh (ex-showroom)., Features a sharp exterior design, premium cabin updates, and enhanced safety like six standard airbags.